തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുരുതര വീഴ്ച
India

തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുരുതര വീഴ്ച

ഹൈദരാബാദിലെ എറഗദ്ദയിലുള്ള ഗവണ്‍മെന്‍റ് ചെസ്റ്റ് ആശുപത്രിയില്‍ നിന്ന് മരണത്തിനുമുന്‍പ് പകര്‍ത്തിയ വീഡിയോയിലാണ് യുവാവിന്‍റെ വെളിപ്പെടുത്തല്‍

Harishma Vatakkinakath

Harishma Vatakkinakath

"എനിക്ക് ശ്വസിക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ വെന്റിലേറ്റർ നീക്കം ചെയ്തു. മൂന്ന് മണിക്കൂറായി. എന്റെ ഹൃദയം മിടിക്കുന്നത് നിർത്തിയതായി എനിക്ക് തോന്നുന്നു, ശ്വാസം മാത്രമേ ശേഷിക്കുന്നുള്ളൂ. ബൈ ഡാഡി, എല്ലാവരോടും വിട," കോവിഡ് പോസിറ്റീവായ 35കാരന്‍ മരണത്തിന് കീഴടങ്ങും മുന്‍പ് പിതാവിനോട് പറഞ്ഞ അവസാന വാക്കുകളാണിവ. എന്നാല്‍ കേവലമൊരു മരണമൊഴി എന്നതിനപ്പുറം കോവിഡ് പ്രതിരോധത്തില്‍ തെലങ്കാനയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കാട്ടുന്ന അലംഭാവത്തിന്‍റെ നേര്‍ക്കാഴ്ചയാണ് ഈ സംഭവം ചര്‍ച്ചാവിഷയമാക്കുന്നത്.

രവി കുമാർ എന്ന ഇയാളെ ജൂൺ 24 ന് വൈകിട്ട് ആറിനാണ് ഹൈദരാബാദിലെ എറഗദ്ദയിലുള്ള ഗവണ്‍മെന്‍റ് ചെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂൺ 26 ന് പുലർച്ചെ 1.40 ഓടെയാണ് അദ്ദേഹം മരണപ്പെടുന്നത്. മരണത്തിനു മുന്നോടിയായി അദ്ദേഹം അച്ഛനോട് യാത്ര പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും, മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കാട്ടുന്ന വീഴ്ചകള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുകയുമാണ് ഇപ്പോള്‍.

23ാം തീയ്യതിയോടെ കടുത്ത പനി അനുഭവപ്പെട്ട മകനെയുംകൊണ്ട് പല ഹോസ്പിറ്റലുകളില്‍ പോയെങ്കിലും, അവിടെ നിന്നൊക്കെ നേരിട്ട കയ്പേറിയ അനുഭവം വിവരിക്കുന്ന പിതാവിന്‍റെ മറ്റൊരു വീഡിയോയും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. "അവന് കടുത്ത പനിയോടൊപ്പം കോവിഡ് ലക്ഷണങ്ങളുള്ളതിനാല്‍ ടെസ്റ്റ് ചെയ്യാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ല എന്നായിരുന്നു ഞാന്‍ ആദ്യം സന്ദര്‍ശിച്ച ആശുപത്രി അധികൃതര്‍ പറഞ്ഞത്. പിന്നീട് അവിടെ നിന്ന് ഞാൻ കാർഖാനയിലെ വിജയ ഡയഗണോസ്റ്റിക്സിലേക്ക് പോയി. പ്രതിദിനം 150 പേരെ മാത്രമെ അവിടെ പരിശോധിക്കൂ എന്ന് പറഞ്ഞതിനെത്തുടര്‍ന്ന് മൂസാപ്പേട്ടിലുള്ള മറ്റൊരു ബ്രാഞ്ചിലേക്ക് പോവുകയായിരുന്നു. അവിടെ ഫോം പൂരിപ്പിച്ച് വരിയില്‍ നിന്നാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്," രവി കുമാറിന്‍റെ പിതാവ് വെങ്കിടേഷ് പറയുന്നു.

കോവിഡ് പോസിറ്റീവാണെന്ന് പരിശോധനഫലം വന്നിട്ടും ഹൈദരാബാദിലുള്ള ഒരു ആശുപത്രിയും തന്‍റെ മകനെ പ്രവേശിപ്പിക്കാന്‍ സമ്മതിച്ചില്ലെന്നും ആ പിതാവ് പറഞ്ഞു. "നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (നിംസ്) പോയെങ്കിലും, അവനെ അവിടെ അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ സമ്മതിച്ചില്ല. 10 മുതൽ 11 വരെ ആശുപത്രികൾ ഞാൻ സന്ദർശിച്ചു. എന്‍റെ മകന്‍ ഓക്സിജനുവേണ്ടിയായിരുന്നു എന്നോട് യാചിച്ചത്. ഏറ്റവും ഒടുവിലാണ്, അവനെ എറഗദ്ദയിൽ പ്രവേശിപ്പിച്ചത്," വെങ്കിടേഷ് കൂട്ടിച്ചേര്‍ത്തു. മറ്റൊരു രോഗിക്ക് ആവശ്യമുള്ളതിനാലാണോ അതോ അവന്റെ ജീവന് വിലയില്ലാത്തതിനാലാണോ അവർ ഓക്സിജൻ നീക്കം ചെയ്തത്? എന്നാണ് നിരാലംബനായ ആ പിതാവ് ഉന്നയിക്കുന്ന ചോദ്യം.

രവി കുമാര്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും, കോവിഡ് 19 അല്ല മരണകാരണമെന്നുമാണ് ചെസ്റ്റ് ആശുപത്രി സൂപ്രണ്ട് മഹബൂബ് ഖാൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മെഡിക്കല്‍ അശ്രദ്ധയുണ്ടായെന്ന ആരോപണം നിരസിച്ച അദ്ദേഹം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും രോഗികളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയതായും ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. " ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ രവി കുമാറിന്‍റെ അവസ്ഥ ഗുരുതരമായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന് എല്ലാ ചികിത്സയും നൽകി. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളൊന്നും തന്നെ അദ്ദേഹത്തിനുണ്ടായിരുന്നില്ല, ഹൃദയാഘാതമാണ് കാരണം," മഹബൂബ് ഖാൻ പറയുന്നു.

രവി കുമാറിന്‍റെ കുടുംബത്തെ ക്വാരന്‍റൈനില്‍ പ്രവേശിപ്പിച്ചെങ്കിലും, അവരില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് പ്രതിരോധത്തില്‍ കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാട്ടി മുന്‍ എംപിയും, തെലങ്കാന കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റുമാരിൽ ഒരാളുമായ പൊന്നം പ്രഭാകർ, മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തെ മറ്റൊരു ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത് ആവശ്യമായ ചികിത്സ നൽകുന്നതിൽ പരാജയപ്പെട്ടതിനാലാണെന്ന് ആരോപിച്ച് മറ്റൊരു പരാതിയും പൊന്നം പ്രഭാകർ നല്‍കിയിട്ടുണ്ട്.

പൊന്നം പ്രഭാകർ
പൊന്നം പ്രഭാകർ

കോവിഡ് പോസിറ്റീവായ തെലുങ്ക് പത്രപ്രവർത്തകന്‍ മനോജിന്‍റെ മരണത്തിനു പിന്നില്‍ ആശുപത്രി അധികൃതരുടെ അശ്രദ്ധയാണെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ സൈനാഥ് പുറത്തിറക്കിയ വീഡിയോ സംസ്ഥാനത്തെ കോവിഡ് ഹോസ്പിറ്റലുകളിലെ വീഴ്ചകളെ സംബന്ധിച്ച് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

14,419 കോവിഡ് കേസുകളാണ് തെലങ്കാനയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 247 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരെ 5,172 പേര്‍ രോഗമുക്തരായതായും, 9,000 പേർ ചികിത്സയിലാണെന്നും സംസ്ഥാന സർക്കാർ പുറത്തുവിട്ട ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Anweshanam
www.anweshanam.com