എന്‍ഡിഎ- വൈഎസ്ആര്‍ സഖ്യ സാധ്യതകള്‍ തള്ളി ബിജെപി

തിങ്കളാഴ്ച ജഗന്‍മോഗന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്‍ഡിഎ- വൈഎസ്ആര്‍ സഖ്യ സാധ്യതകള്‍ തള്ളി ബിജെപി

ന്യൂ ഡല്‍ഹി: വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കെന്ന വാദം നിരസിച്ച് ബിജെപി. അത്തരമൊരു നീക്കം ഇരുവര്‍ക്കുമിടയില്‍ ഇല്ലെന്നാണ് ബിജെപി വ്യക്തമാക്കിയത്. തിങ്കളാഴ്ച ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായ ജഗന്‍മോഗന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്കോ എന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഈ വാദം നിരസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സെപ്തംബര്‍ 24 ന് ജഗന്‍മോഹന്‍ റെഡ്ഡി ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ട സാഹചര്യത്തില്‍ എന്‍ഡിഎയുടെ ഭാഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായ രാംദാസ് അത്തേവാല തങ്ങള്‍ പുതിയ ആളുകളെ സഖ്യത്തിലേക്ക് ക്ഷണിക്കുന്നെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് ജഗന്‍മോഹന്‍ റെഡ്ഡിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴിവെച്ചത്.

എന്നാല്‍, രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപിയുടെ ആന്ധ്രാ പ്രദേശ് ദേശീയ സെക്രട്ടറി സുനില്‍ ദിയോദാര്‍ പറഞ്ഞു. ‘ഞങ്ങള്‍ ആന്ധ്രാ പ്രദേശിലെ ജനസേനാ പാര്‍ട്ടിയുമായി സഖ്യത്തിലാണ്. പക്ഷെ തെലുങ്ക് ദേശം പാര്‍ട്ടിയുമായും വൈഎസ്ആര്‍ കോണ്‍ഗ്രസുമായും സമദൂരം പാലിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് തവണ ഡല്‍ഹി സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കു ദേശം പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എന്‍ഡിഎയുമായി സഖ്യമുണ്ടാക്കാനൊരുങ്ങുന്നെന്ന രാഷ്ട്രീയ വിവാദങ്ങളില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Stories

Anweshanam
www.anweshanam.com