രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി

തെരഞ്ഞെടുപ്പ് ചട്ടലംഘനമാരോപിച്ചാണ് ബിജെപിയുടെ നീക്കം.
രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി

പട്‌ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ബിജെപി. തെരഞ്ഞെടുപ്പ് ചട്ടലംഘനമാരോപിച്ചാണ് ബിജെപിയുടെ നീക്കം. ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ച ശേഷവും രാഹുല്‍ മഹാഗദ്ബന്ധന് വേണ്ടി വോട്ട് തേടിയെന്ന് ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്.

ഇന്ന് രാവിലെയായിരുന്നു രാഹുല്‍ ഗാന്ധി മഹാഗദ്ബന്ധന് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി ട്വീറ്റ് ചെയ്തത്. നീതി, തൊഴില്‍, മാറ്റം എന്നിവയ്ക്കായി മഹാഗദ്ബന്ധന്‍ സഖ്യത്തെ പിന്തുണയ്ക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.

‘നീതിയ്ക്കും തൊഴിലിനും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി വിനിയോഗിക്കേണ്ട സമയമാണ് ഇത്. നിങ്ങളുടെ ഓരോ വോട്ടും മഹാഗദ്ബന്ധന് വേണ്ടിയായിരിക്കണം. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

രാഷ്ട്രീയക്കാരും രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. രാഹുല്‍ അത് ലംഘിച്ചെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com