കെജ്‍രിവാളിന്‍റെ വീട് ആക്രമിച്ച് ബിജെപി നേതാക്കള്‍; സിസിടിവി തകര്‍ത്തു: ആരോപണവുമായി എഎപി

പ്രതിഷേധിക്കുന്ന ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ചു എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്
 കെജ്‍രിവാളിന്‍റെ വീട് ആക്രമിച്ച് ബിജെപി നേതാക്കള്‍; സിസിടിവി തകര്‍ത്തു: ആരോപണവുമായി എഎപി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി നേതാക്കള്‍ വസതിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവി ക്യാമറകള്‍ തകര്‍ത്തതായി ഡല്‍ഹി സിഎംഒ ഓഫീസ്. ഇതിന്‍റെ ദൃശ്യങ്ങള്‍ ആം ആദ്മി പാർട്ടി പുറത്തുവിട്ടു.

പ്രതിഷേധിക്കുന്ന ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഘടിപ്പിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ചു എന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

എന്നാൽ കെജ്‍രിവാളിന്‍റെ വീട് ആക്രമിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സമരം ചെയ്യുകയായിരുന്ന വനിതാനേതാക്കളുടെ സമരപ്പന്തലിന് മുന്നിൽ ക്യാമറകൾ കൊണ്ടുവച്ചതിനെ എതിർക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബിജെപി നേതാക്കളുടെ വിശദീകരണം.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനി(എം.സി.ഡി.)ലെ മേയര്‍മാരും കൗണ്‍സിലര്‍മാരുമാണ് കെജ്‌രിവാളിന്റെ വസതിക്കു മുന്‍പില്‍ പ്രതിഷേധിക്കുന്നത്. പതിമൂവായിരം കോടി രൂപയുടെ കുടിശ്ശിക തന്നു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയര്‍മാരുടെ സമരം. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും ബി.ജെ.പി. ഞായറാഴ്ച പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

നേരത്തേ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടും ആക്രമിക്കപ്പെട്ടതായി ആരോപണമുയർന്നിരുന്നു. അന്ന്, പൊലീസ് ഒന്നും ചെയ്തില്ലെന്നും, നോക്കിനിൽക്കുക മാത്രമാണ് ചെയ്തതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com