ജയിലിനുള്ളില്‍ പാര്‍ട്ടി യോഗങ്ങള്‍ ചേര്‍ന്ന് ലാലു പ്രസാദ് യാദവ്; കുറ്റകരമെന്ന് ജെഡിയു
India

ജയിലിനുള്ളില്‍ പാര്‍ട്ടി യോഗങ്ങള്‍ ചേര്‍ന്ന് ലാലു പ്രസാദ് യാദവ്; കുറ്റകരമെന്ന് ജെഡിയു

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ ബീഹാര്‍ ഭരണ കക്ഷി.

News Desk

News Desk

പട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബീഹാറില്‍ പുതിയ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും തുടക്കമായതിന്റെ സൂചനകള്‍. അഴിമതിക്കേസില്‍ ശിക്ഷക്കപ്പെട്ട് ജാര്‍ഖണ്ഡില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ യോഗമാണ് ഇപ്പോള്‍ ബീഹാറിനും ജാര്‍ഖണ്ഡിനുമിടയില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന് തന്റെ പാര്‍ട്ടി നേതാക്കളെ ഇഷ്ടാനുസരണം സന്ദര്‍ശിക്കാന്‍
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അവസരമൊരുക്കി എന്നാരോപിച്ചാണ് ബീഹാറിലെ ഭരണ കക്ഷിയായ ജനതാദള്‍ യുണൈറ്റഡ് രംഗത്തെത്തിയിരിക്കുന്നത്.

”ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് എങ്ങനെ ജയിലിനുള്ളില്‍ മീറ്റിംഗുകള്‍ നടത്താനാകും? അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുകയാണെങ്കില്‍, അതും കുറ്റകരമാണ്,” ജെഡിയു മന്ത്രിയും പാര്‍ട്ടി വക്താവുമായ നീരജ് കുമാര്‍ പറഞ്ഞു.

അഴിമതിക്കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ലാലുവിന് നിയമപ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. എന്നാല്‍ ലാലുവിന്റെ അന്തിമാഭിപ്രായത്തിലാണ് ടിക്കറ്റ് വിതരണം നടത്തുന്നതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 2015 ലെ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ടിക്കറ്റ് വിതരണത്തില്‍ ലാലു പ്രസാദ് പങ്കുവഹിച്ചിട്ടുണ്ട്.

നവംബറിലാണ് ബീഹാര്‍ നിയമ സഭയുടെ കലാവധി അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തുകയായിരുന്നു.

Anweshanam
www.anweshanam.com