യുപിയും ബിഹാറും പോലെ ബംഗാളിലും മാഫിയ രാജ്: ബിജെപി നേതാവ് ദിലീപ് ഘോഷ്‌

ബിഹാറിലും യുപിയിലും മാഫിയ രാജാണ് ഉള്ളതെന്ന് സമ്മതിച്ചതിനെ സ്വാഗതം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്.
യുപിയും ബിഹാറും പോലെ ബംഗാളിലും മാഫിയ രാജ്: ബിജെപി നേതാവ് ദിലീപ് ഘോഷ്‌

ഖരഗ്പുര്‍: ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലേതുപോലെ പശ്ചിമ ബംഗാളിലും മാഫിയകള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന തരത്തില്‍ ക്രമസമാധാനം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി നേതാവ്. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് പാര്‍ട്ടിയെ വെട്ടിലാക്കിയത്.

ബിജെപി ഭരണത്തിലുള്ള ബിഹാറിലും യുപിയിലും മാഫിയ രാജാണ് ഉള്ളതെന്ന് സമ്മതിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കി.

ബംഗാളില്‍ ബിജെപി കൗണ്‍സിലര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിക്കവേയാണ് ദിലീപ് ഘോഷ് ഉത്തര്‍പ്രദേശിലും ബിഹാറിലും മാഫിയ രാജാണ് ഉള്ളതെന്ന് പരാമര്‍ശിച്ചത്. പശ്ചിമബംഗാളും ഈ അവസ്ഥയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് കൗണ്‍സിലര്‍ മനീഷ് ശുക്ല വെടിയേറ്റ് കൊല്ലപ്പെട്ടത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില ദിനംപ്രതി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മനീഷ് ശുക്ലയെപ്പോലുള്ള നേതാക്കളെ കൊലപ്പെടുത്താനുള്ള ഗൂഡാലോചനയ്ക്ക് പോലീസിന്റെ സഹായവും ലഭിച്ചിട്ടുണ്ടെന്നും ദിലീപ് ഘോഷ് ആരോപിച്ചു. സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഈ അവസ്ഥ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com