
ന്യൂഡല്‍ഹി: മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടി. ഹര്‍ജി ആഗസ്റ്റ് ആദ്യവാരത്തില്‍ പരിഗണിക്കും. ആഗ്ര സ്വദേശിയായ ഗജേന്ദ്ര ശര്‍മയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ നിശ്ചയിച്ച പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മോറോട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. എന്നാൽ, പലിശ ഒഴിവാക്കാനാകില്ലെന്നും അത് ബാങ്കുകളുടെ നിലനില്പിനെ തന്നെ ബാധിക്കുമെന്നാണ് റിസര്‍വ് ബേങ്ക് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് ജൂണ്‍ 12ന് വാദം കേള്‍ക്കാന്‍ മാറ്റിവെക്കുകയായിരുന്നു.
എന്നാൽ ഇന്ന് കേസ് പരിഗണിച്ച കോടതി ഇത് വീണ്ടും ആഗസ്റ്റിലേക്ക് നീട്ടിവെക്കുകയായിരുന്നു. അതേസമയം വായ്പകളുടെ മോറട്ടോറിയം പദ്ധതി അവലോകനം ചെയ്യാനും കാര്‍ഷികം ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ക്കനുസൃതമായി പദ്ധതി ആവിഷ്കരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.