ചൈനീസ് റസ്റ്റോറന്‍റുകള്‍ നിരോധിക്കണം: കേന്ദ്ര മന്ത്രി രാംദാസ്
India

ചൈനീസ് റസ്റ്റോറന്‍റുകള്‍ നിരോധിക്കണം: കേന്ദ്ര മന്ത്രി രാംദാസ്

ചൈന-ഇന്ത്യ സംഘര്‍ഷത്തിന് അയവുവരാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി ചൈനീസ് റസ്റ്റോറന്‍റുകള്‍ക്കെതിരെ രംഗത്തുവന്നത്.

Ruhasina J R

ന്യൂഡൽഹി: ചൈനീസ് റസ്റ്റോറന്‍റുകള്‍ നിരോധിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ. ചൈന-ഇന്ത്യ സംഘര്‍ഷത്തിന് അയവുവരാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി ചൈനീസ് റസ്റ്റോറന്‍റുകള്‍ക്കെതിരെ രംഗത്തുവന്നത്. ചൈനീസ് ഭക്ഷണങ്ങളും ചരക്കുകളും ബഹിഷ്ക്കരിക്കാനും ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്‍റുകള്‍ നിരോധിക്കാനുമാണ് ആര്‍.പി.ഐ പാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവാലെ പറഞ്ഞത്.

നേരത്തെ ബി.ജെ.പി എം.പി രാം മാധവും ചൈനീസ് ചരക്കുകള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. 'മറ്റു രാജ്യങ്ങളില്‍ നിന്നും ചരക്കുകള്‍ നമ്മുടെ രാജ്യത്തിറക്കുന്നത് നാം കുറക്കണം. പ്രത്യേകിച്ചും ചൈനയില്‍ നിന്നും. ജനങ്ങള്‍ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നുണ്ടെങ്കില്‍ അവരുടെ വികാരത്തിന് കൂടെ നാം നില്‍ക്കണം.'; എ.എന്‍.ഐയോടായി രാം മാധവ് പറഞ്ഞു.

ഈമാസം ആദ്യം ട്രേഡേഴ്സ് ബോഡി കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ്(CAIT) രാജ്യവ്യാപകമായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ആര്‍.എസ്.എസ് ബന്ധമുള്ള സ്വദേശി ജാഗ്രണ്‍ മഞ്ചും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബഹിഷ്ക്കരണാഹ്വാനം പുറപ്പെടുവിച്ചിരുന്നു.

Anweshanam
www.anweshanam.com