101 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തും; പ്രഖ്യാപനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

101 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തും; പ്രഖ്യാപനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

പ്രതിരോധ മേഖലയില്‍ 101 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

ന്യൂഡെല്‍ഹി: പ്രതിരോധ മേഖലയില്‍ 101 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അടുത്ത ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വ്യവസായ രംഗത്ത് ഏകദേശം നാലുലക്ഷം കോടിയുടെ കരാര്‍ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധമേഖലയില്‍ വേണ്ട ആയുധങ്ങളുള്‍പ്പടെ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്നും ഇതിന്റെ പ്രാരംഭ നടപടിയായി 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വദേശി ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാധനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. നിരവധി കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇറക്കുമതി നിരോധിച്ച 101 വസ്തുക്കളുടെ പട്ടിക തയാറാക്കിയത്.

പീരങ്കികള്‍, ലഘു യുദ്ധ ഹെലികോപ്ടര്‍, തോക്കുകള്‍, റഡാറുകള്‍, ചരക്ക് വിമാനം, കവചിത വാഹനങ്ങള്‍ തുടങ്ങിയവ നിരോധിക്കുന്നവയില്‍ ഉള്‍പ്പെടും. ഇവയെല്ലാം തദ്ദേശീയമായി നിര്‍മിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഈ വര്‍ഷം മുതല്‍ 2024 കാലയളവിനുള്ളില്‍ ഇറക്കുമതി നിരോധനം പൂര്‍ണമായി നടപ്പാക്കും. 2015 മുതല്‍ 2020 വരെ 1,30,000 കോടി രൂപ കര, വ്യോമ സേനക്കായി രാജ്യം ചെലവഴിച്ചിരുന്നു. നാവികസേനക്കായി 1,40000 കോടിയും ചിലവഴിച്ചു. മൂന്നു സേനകള്‍ക്കുമായി ഇത്തരത്തില്‍ 260 പദ്ധതികളിലായി 3.5 ലക്ഷം കോടിയാണ് ചിലവാക്കേണ്ടിവരുന്നത്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ നാലുലക്ഷം കോടിരൂപ ചെലവിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

നിരോധിച്ച ഉത്പന്നങ്ങള്‍ക്ക് പകരമായുളള ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ഇന്ത്യ ഈ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കും. ഇത് ഇന്ത്യയുടെ പ്രതിരോധ വ്യവസായ രംഗത്തിന് വലിയ സാധ്യതകള്‍ തുറന്നുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last updated

Anweshanam
www.anweshanam.com