ഇന്ത്യാ-ചൈന സേനാ പിന്‍മാറ്റത്തിന് ധാരണയായി
India

ഇന്ത്യാ-ചൈന സേനാ പിന്‍മാറ്റത്തിന് ധാരണയായി

ഇന്നലെ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് തീരുമാനമായതെന്ന് കരസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

News Desk

News Desk

ന്യൂ‍ ഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യാ-ചൈന സേനാ പിന്മാറ്റത്തിന് ധാരണ. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്‍മാറ്റത്തിനുള്ള നടപടി ക്രമങ്ങള്‍ തീരുമാനിച്ചു. ഇന്നലെ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് തീരുമാനമായതെന്ന് കരസേന പ്രസ്താവനയിറക്കി.

ഇന്നലെ പത്ത് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയാണ് നടന്നത്. രാവിലെ 10.30 ന് തുടങ്ങിയ ചര്‍ച്ച രാത്രി 10 മണിക്കാണ് അവസാനിച്ചത്. ചര്‍ച്ച സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമായിരുന്നുവെന്ന് കരസേന പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇരു സൈന്യവും പിന്‍മാറാനുള്ള ധാരണയില്‍ എത്തിയെന്നും ഇതിനുള്ള നടപടി ക്രമം തീരുമാനിച്ചുവെന്നും ഈ നടപടി ക്രമം മുന്നോട്ടുകൊണ്ടുപോകുമെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്‍മാറാനാണ് തീരുമാനം.

നേരത്തെ ചൈന കമാന്‍ഡര്‍മാരുടെ യോഗത്തിന് ഇന്ത്യയെ ക്ഷണിച്ചിരുന്നെങ്കിലും ഗല്‍വാനില്‍ നേരത്തെയുണ്ടാക്കിയ ധാരണ പാലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഗല്‍വാനിലെ പ്രധാന സൈനിക പോസ്റ്റില്‍ നിന്ന് ചൈന കഴിഞ്ഞ ദിവസം അല്പം പിന്നോട്ട് പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കമാന്റര്‍ ലഫ്റ്റനന്‍റ് ജനറല്‍ ഹരീന്ദ്ര സിങ് മോല്‍ഡോയിലേക്ക് എത്തി ചര്‍ച്ചയ്ക്ക് തയ്യാറായത്. ഈ ചര്‍ച്ചയിലാണ് പ്രധാന മേഖലകളില്‍ നിന്ന് ഇരുസൈന്യവും പിന്നോട്ടു പോകാന്‍ തീരുമാനിച്ചത്.

Anweshanam
www.anweshanam.com