രാജസ്ഥാനില്‍ അടുത്ത ആഴ്ച വിശ്വാസ വോട്ടെടുപ്പിന് സാധ്യത
India

രാജസ്ഥാനില്‍ അടുത്ത ആഴ്ച വിശ്വാസ വോട്ടെടുപ്പിന് സാധ്യത

അശോക് ഗേലോട്ട് ശനിയാഴ്ച ഗവര്‍ണര്‍ കല്‍രാജ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി

By News Desk

Published on :

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ അടുത്ത ആഴ്ച ഗേലോട്ട് സര്‍ക്കാര്‍ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസം തെളിയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. സര്‍ക്കാരിനെ കൈവിട്ട ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ടു എംഎല്‍എമാര്‍ വീണ്ടും പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നാലെ അശോക് ഗേലോട്ട് ശനിയാഴ്ച ഗവര്‍ണര്‍ കല്‍രാജ് മിശ്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ആഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ഗവര്‍ണറെ അറിയിച്ചതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പൈലറ്റടക്കമുള്ള വിമതരെ അയോഗ്യരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ നല്‍കിയ നോട്ടീസില്‍ രാജസ്ഥാന്‍ ഹൈക്കോടതി ചൊവ്വാഴ്ചക്ക് മുമ്പ് വിധി പറഞ്ഞേക്കും. ഇത് കൂടി പരിഗണിച്ചാകും തീരുമാനം.

30 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന്‌ അവകാശപ്പെട്ടിരുന്ന സച്ചിന്‍ പൈലറ്റ് പക്ഷത്തിനൊപ്പം ഇപ്പാള്‍ 19 എംഎല്‍എമാരാണുള്ളത്. 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഗോലോട്ടും അവകാശപ്പെടുന്നുണ്ട്. ജയ്പൂരിലെ ഹോട്ടലിലാണ് ഗേലോട്ട് പക്ഷക്കാരായ കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിട്ടുള്ളത്. സച്ചിന്‍ വിഭാഗം ഹരിയാണയിലെ മനേസറിലുള്ള റിസോര്‍ട്ടിലായിരുന്നു ആദ്യമെങ്കിലും പിന്നീട് ഇവിടെ നിന്ന് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് രണ്ടു തവണ നിയമസഭാ കക്ഷി യോഗം വിളിച്ചെങ്കിലും സച്ചിന്‍ പൈലറ്റും അനുഭാവികളും പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ അയോഗ്യത മുന്നറിയിപ്പ് നല്‍കികൊണ്ട് നോട്ടീസയച്ചത്. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണനയിലുള്ളതിനാല്‍ ചൊവ്വാഴ്ച വരെ നോട്ടീസില്‍ തീരുമാനമെടുക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരുഭാഗത്ത് സച്ചിന്‍ പൈലറ്റിനെ അനുയയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തുമ്പോഴും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാരോപണത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണവുമായി മുന്നോട്ടു പോകുകയാണ്.

Anweshanam
www.anweshanam.com