പ്രതിരോധ മന്ത്രാലയം സൈന്യത്തിന് നല്‍കിയത് ഗുണനിലവാരമില്ലാത്ത ആയുധങ്ങള്‍; 960 കോടിയുടെ നഷ്ടം

പ്രതിരോധ വകുപ്പിന് സൈന്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണക്കുകള്‍
പ്രതിരോധ മന്ത്രാലയം സൈന്യത്തിന് നല്‍കിയത് ഗുണനിലവാരമില്ലാത്ത ആയുധങ്ങള്‍; 960 കോടിയുടെ നഷ്ടം

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി ബോര്‍ഡ് നല്‍കിയ ആയുധങ്ങള്‍ക്ക് നിലവാരമില്ലെന്ന്‍ ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച്‌ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും 960 കോടി രൂപയുടെ നഷ്ടമാണ് ഇതുണ്ടാക്കിയതെന്നും സൈന്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ വകുപ്പിന് സൈന്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണക്കുകള്‍.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഡനന്‍സ് ഫാക്ടറി ബോര്‍ഡില്‍ നിന്ന് വാങ്ങിയ ഗുണനിലവാരമില്ലാത്ത ആയുധങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്തിലെ തന്നെ പഴക്കമേറിയ ആയുധനിര്‍മാണ ഏജന്‍സിയാണ് പ്രതിരോധ വകുപ്പിന്‍റെ പ്രൊഡക്ഷന്‍ യൂനിറ്റിന് കീഴിലെ ഓഡനന്‍സ് ഫാക്ടറി ബോര്‍ഡ്. ഇന്ത്യയിലുടനീളം ആയുധനിര്‍മാണ ശാലയുള്ള ഓഡനന്‍സ് ഫാക്ടറിയാണ് സായുധസേനകള്‍ക്കായി ആയുധം നല്‍കുന്നത്.

സൈന്യം വാങ്ങിയ 23 എം.എം ഷെല്ലുകള്‍, പീരങ്കി ഷെല്ലുകള്‍, 125 എം.എം ടാങ്ക്, വിവിധ തരത്തിലുള്ള റൈഫിള്‍ ബുള്ളറ്റുകള്‍ എന്നിവയാണ് ഗുണനിലവാരമില്ലാത്തതിന്‍റെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങിയതെന്ന് സൈനിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ആയുധങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയെന്നും സൈന്യം ചൂണ്ടിക്കാണിക്കുന്നു. അപകടങ്ങളുടെ കണക്കും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. 2014 മുതല്‍ 403 അപകടങ്ങളാണ് ആയുധ ഗുണനിലവാരക്കുറവ് കൊണ്ടുണ്ടായത്. 2014ല്‍ 114 അപകടമുണ്ടായി. 2017ല്‍ ഇത് 53 ആയി കുറഞ്ഞു. 2018ല്‍ 78, 2019ല്‍ 16 എന്നിങ്ങനെ‍യാണ് അപകടങ്ങളുടെ കണക്ക്.

2014 മുതല്‍ 27 സൈനികര്‍ കൊല്ലപ്പെട്ടതിന് കാരണം ഗുണനിലവാരമില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 159 പേര്‍ക്ക് അപകടങ്ങളില്‍ ഗുരുതര പരിക്കേറ്റു. അംഗവൈകല്യം സംഭവിച്ചവരും വിരലുകള്‍ അറ്റുപോയവരും ഇക്കൂട്ടത്തില്‍ ഉണ്ട്. 2020ല്‍ ഇതുവരെ 13 അപകടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവ മരണത്തിനിടയാക്കിയിട്ടില്ല.

ഓഡനന്‍സ് ഫാക്ടറി വിതരണം ചെയ്യുന്ന ആയുധങ്ങളുടെ ഗുണനിലവാരക്കുറവ് കാരണം സൈന്യത്തില്‍ വര്‍ഷങ്ങളായി അതൃപ്തിയുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സൈന്യത്തില്‍ ഈ അതൃപ്തി വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ ഇത് സൈന്യത്തെ നിര്‍ബന്ധിതമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈന്യത്തിന്റെ ഭാഗത്ത് നിന്നുതന്നെ പ്രതിരോധമന്ത്രാലയത്തിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്നത് കേന്ദ്രത്തെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com