നെഹ്രു കുടുംബത്തിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

ആരേയും മാനസികമായി വേദനിപ്പിക്കണമെന്നുണ്ടായിരുന്നില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു
നെഹ്രു കുടുംബത്തിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

ന്യൂഡൽഹി: ലോക്സഭയിൽ നെഹ്രു കുടുംബത്തിന് നേരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ആരേയും മാനസികമായി വേദനിപ്പിക്കണമെന്നുണ്ടായിരുന്നില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു-ദി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌.

ലോക്സഭയിൽ പിഎം കെയേർസ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് അനുരാഗ് താക്കൂർ നെഹ്രു കുടുംബത്തിനെതിരെ പരാമർശം നടത്തിയത്.

ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് നെഹ്‌റു ദേശീയ ദുരിതാശ്വാസ നിധി രൂപീകരിച്ചതെന്നായിരുന്നു താക്കൂറിന്റെ പ്രസ്താവന. ദേശീയ ദുരിതാശ്വാസ നിധിയുടെ അധ്യക്ഷയായി സോണിയ ഗാന്ധിയെ നിയമിച്ചുവെന്നും അക്കാര്യം അന്വേഷിക്കണമെന്നും താക്കൂര്‍ പറഞ്ഞു. എന്നാല്‍ പി.എം കെയര്‍ ഫണ്ടിനെ ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ എല്ലാ കോടതികളും അംഗീകരിച്ചതാണെന്നും താക്കൂര്‍ അവകാശപ്പെട്ടു.

അനുരാഗ് താക്കൂറിന്റെ അവഹേളന പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഏതാണ് ഈ ചെറുക്കന്‍ എന്ന് കോണ്‍ഗ്രസ് സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. ഏതാണ് ഹിമാചലില്‍ നിന്നുള്ള ഈ പയ്യന്‍? എവിടെ നിന്നാണ് ഇവന്‍ വരുന്നത്. നെഹ്‌റുവിന്റെ പേര് എങ്ങനെയാണ് ഈ ചര്‍ച്ചയില്‍ വന്നത്. ഞങ്ങള്‍ നരേന്ദ്ര മോഡിയുടെ പേര് എവിടെയെങ്കിലും പറഞ്ഞോ- ചൗധരി ചോദിച്ചു. ഇതിനെതിരെ ഭരണപക്ഷവും രംഗത്ത് വന്നതോടെ ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവച്ചു.

പി.എം കെയര്‍ ഫണ്ടിന് സുതാര്യത ഇല്ലാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് പി.എം കെയര്‍ ഫണ്ടിനെ അനുകൂലിച്ച്‌ അനുരാഗ് താക്കൂര്‍ നടത്തിയ പ്രസംഗത്തിലാണ് അവഹേളനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com