പൗരത്വ ഭേദഗതി നിയമം: അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടന്‍ വിട്ടയക്കണമെന്ന് യു.എന്‍
India

പൗരത്വ ഭേദഗതി നിയമം: അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടന്‍ വിട്ടയക്കണമെന്ന് യു.എന്‍

അറസ്റ്റിലായവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായതെന്ന് ഹൈകമ്മീഷണര്‍.

Thasneem

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടന്‍ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമീഷണര്‍ വ്യക്തമാക്കി. യു.എന്‍ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സിഎഎ വിരുദ്ധ സമരത്തിന്‍റെ പേരില്‍ തെളിവുകളില്ലാതെ തടങ്കലിലാക്കിയ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണം. സിഎഎ വിവേചനത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായതെന്ന് ഹൈകമ്മീഷണര്‍ കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് പൊറുക്കാനാവില്ലെന്ന സന്ദേശം സമൂഹത്തിന് നല്‍കുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമീഷണര്‍ വിമര്‍ശിച്ചു. 11 പേരെ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മീരാന്‍ ഹൈദര്‍, ഗള്‍ഫിഷ ഫാത്തിമ, സഫൂറ സര്‍ഗാര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ, ദേവാംഗന കലിത, നതാഷ നര്‍വാള്‍, ഖാലിദ് സൈഫി, ഷിഫ ഉര്‍ റഹ്മാന്‍, ഡോ. കഫീല്‍ ഖാന്‍, ഷാര്‍ജീല്‍ ഇമാം, അഖില്‍ ഗോഗോയ് എന്നീ പേരുകളാണ് പരാമർശിച്ചിട്ടുള്ളത്.

അറസ്റിലായവർക്ക് മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടേണ്ടിവന്നുവെന്നും ഇവര്‍ക്ക് രാജ്യസുരക്ഷയുടെ പേരിൽ ജാമ്യം നിഷേധിച്ചുവെന്നും പ്രസ്താവനയിലൂടെ വെളിപ്പെടുത്തി. പ്രക്ഷോഭകരോടുള്ള സര്‍ക്കാരിന്‍റെ വിവേചനപരമായ സമീപനത്തെയും പ്രസ്താവനയിൽ വിമർശിക്കുന്നുണ്ട്. സിഎഎ അനുകൂലികള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച്‌ ഒരു അന്വേഷണവും നടത്തിയില്ലെന്നും രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുക എന്നത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കിയിട്ടും അന്വേഷണമുണ്ടായില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Anweshanam
www.anweshanam.com