കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു; ഇന്ന് അടിയന്തിര ശസ്‌ത്രക്രിയ

അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയില്‍ ആയിട്ടില്ല.
കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു; ഇന്ന് അടിയന്തിര ശസ്‌ത്രക്രിയ

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ നിലഗുരുതരമായി തുടരുന്നു. കുഞ്ഞിന് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തും. കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന്റെ തലച്ചോറില്‍ കെട്ടിക്കിടക്കുന്ന രക്തം നീക്കം ചെയ്യുന്നതിനാണ് ശസ്ത്രക്രിയ.

കുഞ്ഞിന്റെ തലച്ചോറിനേറ്റ ക്ഷതം ഗുരുതരമാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ സോജന്‍ ഐപിന്റെ പ്രതികരണം. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ. രാവിലെ ഒന്‍പതു മണിയോടെ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയില്‍ ആയിട്ടില്ല. കുട്ടിയുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. തലച്ചോറിന് ക്ഷതമേറ്റതിനെ തുടര്‍ന്നുണ്ടായ അപസ്മാരം നിയന്ത്രിക്കാനായത് ആശ്വാസമായെങ്കിലും കുഞ്ഞ് മരുന്നുകളോട് കാര്യമായി പ്രതികരിക്കാത്തത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

കുട്ടി ആദ്യം കട്ടിലില്‍ നിന്ന് വീണെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്. കൊതുകിന് കൊല്ലുന്ന ബാറ്റ് വീശിയപ്പോള്‍ കൊണ്ട് എന്ന് പിന്നീട് പറഞ്ഞു. അസ്വാഭാവികത തോന്നിയതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്.

സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഷൈജു തോമസ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com