എ.എം.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഉസ്മാനിയെ യു.പി പോലീസ് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്തെന്ന് കുടുംബം

അത്തരമാരു അറസ്റ്റ് നടന്നിട്ടില്ലെന്നാണ് യു.പി പോലീസിന്റെ വാദം. 
എ.എം.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഉസ്മാനിയെ യു.പി പോലീസ് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്തെന്ന് കുടുംബം

ലഖ്‌നൗ: അലിഗര്‍ മുസ്‌ലീം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന വ്യക്തിയുമായ ഷര്‍ജീല്‍ ഉസ്മാനിയെ യു.പി പോലീസ് പിടിച്ചുകൊണ്ടുപോയതായി കുടുംബത്തിന്റെ പരാതി. അറസ്റ്റ് വാറണ്ടോ മെമ്മോയോ ഇല്ലാതെയാണ് ക്രൈം ബ്രാഞ്ചില്‍ നിന്നെന്ന് പറഞ്ഞ് എത്തിയ സംഘം ഷര്‍ജീലിനെ കൊണ്ടുപോയതെന്നാണ് കുടംബത്തിന്‍റെ ആരോപണം.

യു.പി പോലീസില്‍ നിന്നാണെന്ന് അറിയിച്ച് അസംഗറിലെ വീട്ടിലെത്തിയ അഞ്ചംഗ സംഘമാണ് ഷര്‍ജീലിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. എന്നാല്‍ അത്തരമാരു അറസ്റ്റ് നടന്നിട്ടില്ലെന്നാണ് യു.പി പോലീസിന്റെ വാദം. ഷര്‍ജീല്‍ ഉസ്മാനിയെ ആരാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും യു.പിയിലെ എല്ലാ പോലീസ് സ്റ്റേഷനുമായി താന്‍ ബന്ധപ്പെട്ടിരുന്നുവെന്നുമാണ് അസംഗര്‍ എസ്.എസ്.പി പി.ആര്‍.ഒ ദി ക്യുന്റിനോട് പ്രതികരിച്ചത്. ട്വിറ്ററിലും മറ്റും വന്ന പ്രതികരണത്തിലൂടെയാണ് അറസ്റ്റിനെ കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘പോലീസുകാരാണെന്ന് തെളിയിക്കുന്ന ഒരു രേഖയും കാണിക്കാതെയായിരുന്നു അഞ്ച് പേരടങ്ങുന്ന സംഘം ഉസ്മാനിയുടെ മുറിയിലെത്തിയത്. ഉസ്മാനിയുടെ ലാപ്‌ടോപ്പും പുസ്തകങ്ങളും അവര്‍ പിടിച്ചെടുത്തു. ഞങ്ങളുടെയെല്ലാം ഫോട്ടോയും അവര്‍ എടുത്തു’ , ഉസ്മാനിയുടെ സഹോദരന്‍ അരീബ് ദി വയറിനോട് പറഞ്ഞു.

ഇത് ഒരു അറസ്റ്റാണെന്ന് പോലും തങ്ങള്‍ക്ക് വിശ്വസിക്കാനാവുന്നില്ലെന്നാണ് ഉസ്മാനിയുടെ പിതാവ് താരിഖ് ഉസ്മാനി പ്രതികരിച്ചത്. എന്ത് പരാതിയിന്‍മേലാണ് അറസ്റ്റ് എന്ന് അവര്‍ പറയുന്നുണ്ടായിരുന്നില്ല. ഉസ്മാനിയുമായി സംസാരിക്കാന്‍ പോലും അവര്‍ ഞങ്ങളെ അനുവദിച്ചില്ല, പിതാവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബറില്‍ യു.പിയില്‍ നടന്ന പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു ഉസ്മാനി. അദ്ദേഹത്തിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജാമിഅ മിലിയ വിദ്യാര്‍ത്ഥിയായ ഐഷ റെന്ന ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com