ചൈന അതിർത്തി തർക്കം; പാർലമെൻറിൽ ചർച്ചക്ക് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി
India

ചൈന അതിർത്തി തർക്കം; പാർലമെൻറിൽ ചർച്ചക്ക് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി

ല‍ഡാക്കിലെ ഇന്ത്യന്‍ മണ്ണില്‍ കണ്ണുവച്ചവര്‍ക്ക് സൈന്യം തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Ruhasina J R

ന്യൂഡൽഹി: ചൈന അതിർത്തി തർക്കത്തിൽ പാർലമെൻറിൽ ചർച്ചക്ക് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. 1962 ൽ ഭൂമി വിട്ടുകൊടുത്തത് മുതൽ ഇത് വരെ നടന്ന കാര്യങ്ങളിൽ ശക്തമായ ചർച്ച നടത്താം. പ്രതിപക്ഷത്തിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഗൽവാൻ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന രാഹുൽ ഗാന്ധിയുടെത് പൊള്ളയായ രാഷ്ട്രീയമാണെന്നും അമിത് ഷാ വിമർശിച്ചു.

ല‍ഡാക്കിലെ ഇന്ത്യന്‍ മണ്ണില്‍ കണ്ണുവച്ചവര്‍ക്ക് സൈന്യം തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്നും മന്‍കിബാത്തില്‍ പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി.

അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ എത്രത്തോളം രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുന്നതാണ് ലഡാക്കിലെ ഇന്ത്യന്‍ സൈനികരുടെ ധീരമായ മറുപടിയെന്ന് മാസാന്ത്യ റേഡിയ പ്രഭാഷണ പരിപാടിയായ മന്‍കിബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. സൗഹൃദം സ്ഥാപിക്കാന്‍ മാത്രമല്ല ഏറ്റുമുട്ടേണ്ട സാഹചര്യത്തില്‍ ഏറ്റുമുട്ടാനും തക്കതായ മറുപടി നല്‍കാനും രാജ്യത്തിനറിയാം. മാതൃഭൂമിയുടെ പവിത്രത കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ലഡാക്കില്‍ ധീര സൈനികര്‍ വ്യക്തമാക്കി. സൈനികരുടെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഡാക്കിലെ നിലവിലെ അവസ്ഥയെക്കുറിച്ചോ, ഇന്ത്യന്‍ മണ്ണില്‍ ഇപ്പോഴും ചൈനീസ് സൈന്യം തുടരുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ രാഹുല്‍ ഗാന്ധിയുള്‍പ്പേടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ എന്നിവയില്‍ പ്രധാനമന്ത്രി ഒന്നും പ്രതികരിച്ചില്ല. രാജ്യത്തിന്‍റെ പ്രതിരോധം, സുരക്ഷ എന്നിവയെക്കുറിച്ച് എന്നാണ് സംസാരിക്കുകയെന്ന് ഇന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ലഡാക്ക് സംഭവത്തിന് ശേഷം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മാത്രമേ വാങ്ങൂ എന്നറിയിച്ച് കത്തുകള്‍ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വോക്കല്‍ ദി ലോക്കലെന്ന സന്ദേശം രാജ്യത്ത് പ്രവഹിക്കുകയാണ്. ഇത് രാജ്യത്ത് വേണ്ടിയുള്ള മഹത്തായ സേവനമാണെന്നും ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളെ പരോക്ഷമായി പിന്തുണച്ച് പ്രധാനമന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com