അസമിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറക്കും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവ തുറക്കുന്നത്
അസമിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറക്കും

ദിസ്പുര്‍: അസമിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവ തുറക്കുന്നത്. സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 15-നാണ് അസമിലെ സ്‌കൂളുകള്‍ അടച്ചത്. അതിനുശേഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച മുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ അടുത്ത 15 ദിവസത്തേക്ക് സാധാരണ നിലയില്‍ നടത്താനാണ് തീരുമാനം. 15 ദിവസത്തിനുശേഷം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണോ എന്നകാര്യം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനിക്കും.

സ്വകാര്യ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ മാനേജ്‌മെന്റിന് തീരുമാനമെടുക്കാം. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കുമെന്ന് സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com