സത്​ലജ്​-യമുന കനാല്‍ നിര്‍മിച്ചാല്‍ പഞ്ചാബ്​ കത്തും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി​ അമരീന്ദര്‍

പഞ്ചാബും ഹരിയാനയും തമ്മില്‍ ജലം പങ്കുവെക്കുന്നത്​ സംബന്ധിച്ചുള്ള തര്‍ക്കം ദേശീയ സുരക്ഷാ പ്രശ്​നമായി മാറുമെന്നും പഞ്ചാബ്​ മുഖ്യമന്ത്രി മുന്നറിയിപ്പ്​ നല്‍കി
സത്​ലജ്​-യമുന കനാല്‍ നിര്‍മിച്ചാല്‍ പഞ്ചാബ്​ കത്തും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി​ അമരീന്ദര്‍

ന്യൂഡല്‍ഹി: സത്​ലജ്​-യമുന കനാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ പഞ്ചാബ്​ കത്തുമെന്ന്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​. പഞ്ചാബും ഹരിയാനയും തമ്മില്‍ ജലം പങ്കുവെക്കുന്നത്​ സംബന്ധിച്ചുള്ള തര്‍ക്കം ദേശീയ സുരക്ഷാ പ്രശ്​നമായി മാറുമെന്നും പഞ്ചാബ്​ മുഖ്യമന്ത്രി മുന്നറിയിപ്പ്​ നല്‍കി. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്​​ ശെഖാവത്തും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും പ​ങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ്​ അമരീന്ദര്‍ സിങ്​ ഇക്കാ​ര്യം പറഞ്ഞത്​.

44 വര്‍ഷം പഴക്കമുള്ള സത്ലജ്-യമുന ജല തര്‍ക്കത്തില്‍ പഞ്ചാബ്- ഹരിയാന മുഖ്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറില്‍ എതിര്‍പ്പ് ആവര്‍ത്തിച്ചുകൊണ്ട് അമരീന്ദര്‍ സിങ് നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് ചര്‍ച്ച നടത്തിയത്.

''നിങ്ങള്‍ ഇക്കാര്യം ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തി നോക്കിക്കാണണം. സത്​ലജ്​-യമുന ലിങ്ക്​ കനാലുമായി പോകാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ പഞ്ചാബ്​ കത്തും. അതൊരു ദേശീയ പ്രശ്​നമായി മാറും. ഹരിയാനയും രാജസ്ഥാനുമെല്ലാം അതിന്‍െറ അനന്തര ഫലം അനുഭവിക്കും.​ '' - അമരീന്ദര്‍ സിങ്​ പറഞ്ഞു.

ജലലഭ്യത സമയക്രമത്തിനനുസരിച്ച്‌​ പരിശോധിക്കുവാന്‍ ഒരു ട്രിബ്യൂണല്‍ വേണമെന്ന ആവശ്യം അദ്ദേഹം യോഗത്തില്‍ ആവര്‍ത്തിച്ചു. ''ഞങ്ങളു​ടെ പക്കല്‍ ജലമുണ്ടെങ്കില്‍ ഞാന്‍ എന്തിന്​ അത്​ നല്‍കാന്‍ വിസമ്മതിക്കണം''? അദ്ദേഹം ചോദിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട്​ ഹരിയാന മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക്​ തയാറാണെന്നും അമരീന്ദര്‍ സിങ്​ പറഞ്ഞു.

1966ലാണ് പഞ്ചാബ്​, ഹരിയാന സംസ്ഥാനങ്ങള്‍ ​ ജല തര്‍ക്കമുണ്ടാവുന്നത്​. ഹരിയാന വലിയ അളവില്‍ നദീജലം ആവശ്യപ്പെട്ടു. എന്നാല്‍ അത്​ നല്‍കാന്‍ പഞ്ചാബ്​ തയാറായില്ല. അധിക ജലം ഇല്ലെന്നായിരുന്നു പഞ്ചാബിന്‍െറ വിശദീകരണം. തുടര്‍ന്ന്​ 1975ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ ഒരു എക്​സിക്യൂട്ടീവ്​ ഓര്‍ഡര്‍ വഴി നദീജലം ഇരു സംസ്ഥാനങ്ങള്‍ക്കുമായി വീതം വെച്ചു. ജലം പങ്കുവെക്കാനായി കനാല്‍ കമീഷന്‍ ചെയ്​തു.

1982ലാണ് കനാല്‍ നിര്‍മാണ പദ്ധതി ആരംഭിച്ചത്. ഹരിയാന സ്വന്തം ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ജലം പങ്കുവെയ്ക്കാന്‍ തയ്യാറല്ലെന്നാണ് പഞ്ചാബിന്റെ നിലപാട്. പദ്ധതി പൂര്‍ത്തിയാക്കി തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട 3.5 എംഎഎഫ് ജലം കൊണ്ടുപോകാനാണ് ഹരിയാനയുടെ നീക്കം. ഇത് അനുവദിക്കാനവില്ലെന്നും വീണ്ടും പഠനം നടത്തണണെന്നാണ് പഞ്ചാബിന്റെ വാദം.

സത്ലജ് നദിയെ യമുനാ നദിയുമായി കനാല്‍ വഴി ബന്ധിപ്പിയ്ക്കുന്നതാണ് പദ്ധതി. ഹരിയാനയിലേയ്ക്ക് വെള്ളമെത്തിയ്ക്കുകയാണ് ലക്ഷ്യം. 700 കോടി രൂപ ചിലവ് പ്രതീക്ഷിയ്ക്കുന്ന പദ്ധതിയില്‍ കൂടുതലായി മുതല്‍മുടക്കുന്നത് ഹരിയാനയാണ്. 85 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞു.

മൂന്നാഴ്ചക്കം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ജൂലൈ 28ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com