ദുബൈയിലെ വിലക്ക് നീങ്ങി; സര്‍വീസുകള്‍ നാളെ മുതല്‍ നടത്തുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ്

ദുബൈയിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സെപ്തംബര്‍ 19(നാളെ)മുതല്‍ നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം സര്‍വ്വീസുകള്‍ നടത്തുമെന്ന് വിമാന അധികൃതര്‍ അറിയിച്ചു
ദുബൈയിലെ വിലക്ക് നീങ്ങി; സര്‍വീസുകള്‍ നാളെ മുതല്‍ നടത്തുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ്

ന്യൂഡല്‍ഹി: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 19 മുതല്‍ സാധാരണ നിലയില്‍തന്നെ നടത്തുമെന്ന് വ്യക്തമാക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദുബൈയിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സെപ്തംബര്‍ 19(നാളെ)മുതല്‍ നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം സര്‍വ്വീസുകള്‍ നടത്തുമെന്ന് വിമാന അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ അറിയിപ്പ് പുറത്തുവിട്ടത്.

കോവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്ന് വന്ദേഭാരത് പദ്ധതിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കിനെ തുടർന്ന് ദുബായിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തിരുന്നു.

ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് നേരത്തെ 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. രണ്ട് യാത്രക്കാര്‍ രണ്ട് വ്യത്യസ്ത വിമാനങ്ങളില്‍ കോവിഡ് പരിശോധനാഫലം പോസിറ്റീവായിട്ടും ദുബായിലേക്ക് സഞ്ചരിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. സെപ്തംബര്‍ 18 മുതല്‍ 15 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

യുഎഇയിലേക്ക് വരുന്നവര്‍ യാത്രചെയ്യുന്നതിന് 96 മണിക്കൂറിനകം നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന് ആ രാജ്യത്തെ സര്‍ക്കാര്‍ ഈവര്‍ഷം ആദ്യം തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഏതെങ്കിലും യാത്രക്കാരന് യുഎഇയില്‍ എത്തിയശേഷം കോവിഡ് സ്ഥിരീകരിച്ചാല്‍ അവര്‍ക്ക് നല്‍കേണ്ടിവരുന്ന ചികിത്സയുടെയും ക്വാറന്റീന്‍ സൗകര്യത്തിന്റെയും ചിലവ് വഹിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ എയര്‍ഇന്ത്യ എക്‌സ്പ്രസിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com