ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; ദളിത് യുവതി മരിച്ചു

22 വയസ്സുള്ള യുവതിയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ചത്.
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; ദളിത് യുവതി മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതി മരിച്ചു. ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് വീണ്ടും ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്.

22 വയസ്സുള്ള യുവതിയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ചത്. യുവതിയുടെ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ അഞ്ച് പേര്‍ ഉള്‍പ്പെട്ടതായാണ് വിവരം. രണ്ട് പേരെ അറസ്റ്റു ചെയ്തു.

ആക്രമികള്‍ യുവതിയുടെ ശരീരത്തില്‍ മയക്ക് മരുന്ന് കുത്തിവെച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കാലുകള്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടുപ്പും തകര്‍ന്ന നിലയിലായിരുന്നു.

യുവതി രാവിലെ ജോലിക്ക് പോയതായിരുന്നു. എന്നാല്‍ വൈകീട്ട് ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ പറഞ്ഞു. ആക്രമികള്‍ യുവതിയെ ഇ-റിക്ഷയിലാക്കി വീട്ടിലേക്കയച്ചുവെന്നും ഏഴ് മണിയോടെ യുവതി അവശനിലയില്‍ വീട്ടിലെത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു- എന്‍ഡിടിവി റിപ്പോര്‍ട്ട്.

യുവതിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ ലക്‌നൗവിലെ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

Related Stories

Anweshanam
www.anweshanam.com