പെരുമാറ്റ ചട്ടം പഠിക്കണം; തമിഴ്നാട്ടില്‍ 80 പോലീസുകാര്‍ക്ക് ചികിത്സ 
India

പെരുമാറ്റ ചട്ടം പഠിക്കണം; തമിഴ്നാട്ടില്‍ 80 പോലീസുകാര്‍ക്ക് ചികിത്സ 

കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 80 പോലീസുകാരെ ഡ്യൂട്ടിയില്‍ നിന്ന് പുറത്താക്കി.

By News Desk

Published on :

ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളത്ത് ജയരാജിന്‍റെയും മകന്‍ ബെന്നിക്സിന്‍റെയും കസറ്റഡി മരണത്തിനു പിന്നാലെ 80 പോലീസുകാരെ ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കി തമിഴ്നാട് പോലീസ്. ഇവരുടെ പെരുമാറ്റം നന്നാക്കുന്നതിന് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ജയരാജിന്‍റെയും ബെന്നിക്സിന്‍റെയും മരണം, തമിഴ്നാട്ടിലെ പോലീസ് തേര്‍വാഴ്ചയുടെ നേര്‍ചിത്രം പുറത്തുകൊണ്ടുവന്നിരുന്നു. ഭരണഘടനാ മൂല്യങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് അധികാരം വിനിയോഗിക്കുന്ന പോലീസ് സംവിധാനത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നതാണ്. കേസില്‍ അടിയന്തര നടപടിയായി ആറ് പോലീസുകാരെ സസ്പെന്‍റ് ചെയ്യുകയും 26ഓളം പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനു പുറമെയാണ് 80 പോലീസുകാര്‍ക്ക് പെരുമാറ്റ രീതികള്‍ വിപുലീകരിക്കുന്നതിനുള്ള ചികിത്സ നിഷ്കര്‍ഷിച്ചിരിക്കുന്നത്.

ജയരാജനും ബെന്നിക്സും
ജയരാജനും ബെന്നിക്സും

പോലീസുകാരുടെ കുടുംബ പശ്ചാത്തലവും മാനസികാരോഗ്യ അവസ്ഥയും കണക്കിലെടുത്ത് വ്യക്തിഗത പെരുമാറ്റ രീതികൾ പഠിക്കുകയാണ് സിബിടിയില്‍ അവലംബിക്കുന്ന ചികിത്സാരീതി. " വളര്‍ന്നു വന്ന സാഹചര്യങ്ങളും, അനുഭവങ്ങളും ഒരു വ്യക്തിയുടെ പെരുമാറ്റത്തെ സ്വാധീനിക്കാം. അത് ഒറ്റ നോട്ടത്തില്‍ നമുക്ക് വ്യക്തമാകണമെന്നില്ല. ഇത് തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നല്‍കേണ്ടതുണ്ട്" തിരുച്ചിറപ്പള്ളി റേഞ്ച് ഡി.ഐ.ജി വി.ബാലകൃഷ്ണൻ പറഞ്ഞതായി ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിബിടി പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് വി.ബാലകൃഷ്ണനാണ്. പോലീസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചയാളാണ് ഇദ്ദേഹം. കോപം നിയന്ത്രിക്കാന്‍ പറ്റാതിരിക്കുക, മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിക്കുക, ബലപ്രയോഗം നടത്തുക എന്നീ പ്രവണതകളുടെ അടിസ്ഥാനത്തിലാണ് 80 പോലീസുകാരെ തെറാപ്പിക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.

പൊതുജനങ്ങളിൽ നിന്നുള്ള പരാതികള്‍ക്കൊപ്പം, പ്രത്യേക ബ്രാഞ്ചും സബ് ഡിവിഷണൽ ഓഫീസർമാരും സമര്‍പ്പിച്ച ഫീഡ്‌ബാക്കും ഡാറ്റയും റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും ഡി.ഐ.ജി പറഞ്ഞു. പദ്ധതി വിജയിച്ചാൽ അത് സംസ്ഥാനത്തുടനീളമുള്ള എല്ലാ ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് സംസ്ഥാന പോലീസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. തെറാപ്പി പൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാ പോലീസുകാരെയും അതത് സ്ഥാനത്തേക്ക് തിരിച്ചെടുക്കുമെന്നും ഡി.ഐ.ജി വി. ബാലകൃഷ്ണന്‍ പറഞ്ഞു.

അതെസമയം, ഇരട്ട കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ക്രൂരമായ മര്‍ദനമാണ് നടന്നതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും കോടതി പറഞ്ഞു. സിബിഐ ഏറ്റെടുക്കുന്നത് വരെ കേസ് ക്രൈം ബ്രാഞ്ച് സിഐ‍ഡി വിഭാഗം അന്വേഷിക്കുമെന്നാണ് കോടതി ഉത്തരവ്.

Anweshanam
www.anweshanam.com