
ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരമായ അംഗത്വം ലഭിക്കുന്നതിന് ശ്രമം തുടരുന്നതായി ഇന്ത്യ. യുഎന്നില്‍ സംഘടനയെ പരിഷ്കരിക്കുന്നതിനുള്ള അന്തര്‍ ഗവണ്മെന്റ് ചര്‍ച്ചകളില്‍ ഇന്ത്യ സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെന്നും മറ്റ് സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു- എക്കണോമിക്ക് ടൈംസ്.
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ (യുഎന്‍എസ്സി) ഇന്ത്യയ്ക്ക് സ്ഥിരം സീറ്റ് നേടാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുരളീധരന്. നിലവില്‍, യുഎന്‍എസ്സിയില്‍ അഞ്ച് സ്ഥിര അംഗങ്ങളും 10 സ്ഥിരമല്ലാത്ത അംഗരാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇവയെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് രണ്ടുവര്‍ഷ കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നത്. റഷ്യ, യുകെ, ചൈന, ഫ്രാന്‍സ്, അമേരിക്ക എന്നിവയാണ് സ്ഥിരമായ അഞ്ച് അംഗ രാജ്യങ്ങള്‍. ഈ രാജ്യങ്ങള്‍ക്ക് പ്രമേയം വീറ്റോ ചെയ്യാന്‍ കഴിയും. യുഎന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്തമുള്ള രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു.
ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ജര്‍മ്മനി, ജപ്പാന് എന്നിവ യുഎന്‍എസ്സിയുടെ സ്ഥിരമായ അംഗത്വത്തിനുള്ള ശക്തമായ മത്സരാര്‍ത്ഥികളാണ്. സ്ഥിരമായ വിഭാഗത്തില്‍ മാത്രം വിപുലീകരണത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം യുഎന്നിലുണ്ടെന്നും സ്ഥിരമായ അംഗത്വം വിപുലീകരിക്കുന്നതിനെ എതിര്‍ക്കുന്നുവെന്നും മുരളീധരന് പറഞ്ഞു. യുഎന്‍ ചാര്‍ട്ടറിലെ വ്യവസ്ഥകള്‍ക്കനുസൃതമായി കൗണ്‍സിലിന്റെ സ്വഭാവത്തെയും വിപുലീകരണത്തെയും കുറിച്ച് ഒരു കരാര്‍ വന്നതിനുശേഷം മാത്രമേ ഇന്ത്യയുടെ സ്ഥിരമായ അംഗത്വത്തെ പരിഗണിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അംഗത്വത്തിന്റെ വിഭാഗങ്ങള്‍, വീറ്റോ അധികാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, പ്രാദേശിക പ്രാതിനിധ്യം എന്നിവയുള്‍പ്പെടെ യുഎന്നിന്റെ ഒരു അന്തര്‍-ഗവണ്മെന്റ് നെഗോഷ്യേഷന് (ഐജിഎന്‍) പ്രക്രിയ പരിഷ്കരണത്തിന്റെ വിവിധ വശങ്ങളില് പ്രവര്‍ത്തിക്കുന്നു. ജി -4 ബ്ലോക്കിന്റെ അംഗത്വത്തിലൂടെയും വികസ്വര രാജ്യങ്ങളായ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ ക്രോസ് റീജിയണല്‍ ഗ്രൂപ്പിംഗിലൂടെയും ഇന്ത്യ ഇപ്പോള്‍ നടക്കുന്ന ഐജിഎനില് സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണെന്നും മറ്റ് പരിഷ്കരണ-ലക്ഷ്യമുള്ള രാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുരളീധരന് അറിയിച്ചു. ഇന്ത്യ, ജപ്പാന്, ബ്രസീല്‍, ജര്‍മ്മനി എന്നിവയാണ് ജി 4. ''യുഎന്‍എസ്സി പരിഷ്കാരങ്ങള്‍ എല്ലാ തലത്തിലുമുള്ള ഉഭയകക്ഷി, ബഹുമുഖ യോഗങ്ങളില്‍ ചര്‍ച്ചചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.