ഡല്‍ഹിയിലെ കലാപങ്ങളില്‍ പുനരന്വേഷണം വേണം; മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവയ്ക്കാണ് കത്ത് നല്‍കിയത്.
ഡല്‍ഹിയിലെ കലാപങ്ങളില്‍ പുനരന്വേഷണം വേണം; മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നടന്ന കലാപങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍. ഒന്‍പത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവയ്ക്ക് തുറന്ന കത്തെഴുതി.

ഫെബ്രുവരിയില്‍ നടന്ന എല്ലാ കലാപങ്ങളിലും പുനരന്വേഷണം നടത്തണമെന്നും അതില്‍ പക്ഷപാതിത്വമില്ലാതെ വേണം അന്വേഷണം നടത്താനെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

‘കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച രേഖകളും നടത്തിയ അന്വേഷണങ്ങളും രാഷ്ട്രീയതാത്പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതും പക്ഷപാതപരവുമാണ്. നിയമവാഴ്ചയിലും ഭരണഘടനയിലും വിശ്വസിക്കുന്ന എല്ലാ പൊലീസുകാരിലും (സര്‍വീസിലിരിക്കുന്നവരിലും വിരമിച്ചവരിലും) ഇത് വേദനയുണ്ടാക്കുന്നുണ്ട്,’ കത്തില്‍ പറയുന്നു.

മുന്‍ സ്‌പെഷ്യല്‍ സിബിഐ ഡയറക്ടര്‍ കെ സലീം അലി, പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി മുന്‍ ഓഫീസര്‍ എ.എസ് ദുലത്ത്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ മുന്‍ ഡിജി ഷാഫി ആലം, പഞ്ചാബിലെ മുന്‍ ഡിജിപി( ജയില്‍) മൊഹീന്ദര്‍ ഔലാഖ് എന്നിവരും കത്തയച്ചവരില്‍ ഉള്‍പ്പെടുന്നു.

കലാപവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളില്‍ ചിലരെ അറസ്റ്റ് ചെയ്തതില്‍ നീരസം പ്രകടിപ്പിച്ച് പൊലീസ് കമ്മീഷണര്‍മാരില്‍ ഒരാള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും കത്തില്‍ പറയുന്നു.

‘പൊലീസ് നേതൃത്വത്തില്‍ നിന്നുള്ളവരുടെ ഇത്തരം ഭൂരിപക്ഷ മനോഭാവം കലാപത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഇരകളെയും അവരുടെ കുടുംബാംഗങ്ങള്‍ക്കും നീതി നിഷേധിക്കുന്നതിലേക്ക് നയിക്കും. അതായത് ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനും ഇത് സഹായിക്കും,’കത്തില്‍ വിശദീകരിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ പ്രതിചേര്‍ത്തതിലും മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതിയായ ദുഃഖമുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും നടപ്പാക്കുകയായിരുന്നു പ്രതിഷേധക്കാര്‍. എന്നാല്‍ പക്ഷപാത പരമായ അന്വേഷണങ്ങള്‍ കേസില്‍ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Related Stories

Anweshanam
www.anweshanam.com