ബീഹാറില്‍ ആർജെഡിയ്ക്ക് ​ തിരിച്ചടി; 5 എംഎൽഎമാർ  ജെഡിയുവിലേയ്ക്ക്
India

ബീഹാറില്‍ ആർജെഡിയ്ക്ക് ​ തിരിച്ചടി; 5 എംഎൽഎമാർ ജെഡിയുവിലേയ്ക്ക്

ബീഹാറില്‍ നിയമ സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ രാഷ്ട്രീയനീക്കം... ആർജെഡിയുടെ 5 എംഎൽഎമാർ കൂറുമാറി ജെഡിയുവില്‍ ചേര്‍ന്നു..!!

News Desk

News Desk

പറ്റ്ന: ബീഹാറില്‍ നിയമ സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ രാഷ്ട്രീയനീക്കം... ആർജെഡിയുടെ 5 എംഎൽഎമാർ കൂറുമാറി JD(U)വില്‍ ചേര്‍ന്നു. ബിജെപി, ജെഡി(യു ) സഖ്യത്തില്‍ നിന്നും അധികാരം പിടിച്ചെടുക്കാന്‍ വെമ്പുന്ന ആർജെഡിയ്ക്ക് ​ വന്‍ തിരിച്ചടിയാണ് പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ആർജെഡിയ്ക്ക് ​ 8 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. അവരില്‍ 5 പേര്‍ ഒന്നിച്ച് പാര്‍ട്ടി വിട്ടതിനാല്‍ ഇവര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. ഇതുമായി ബന്ധപ്പെട്ട്​ JD(U) ചീഫ്​ വിപ്പ്​ നിയമസഭ കൗൺസിൽ ചെയർമാന്​ കത്ത്​ നൽകിയിട്ടുണ്ട്​. നിലവിലെ അംഗസംഖ്യയില്‍ മൂന്നില്‍ രണ്ടുപേര്‍ കൂറുമാറിതോടെയാണ് കൂറുമാറ്റനിരോധന നിയമപ്രകാരമുള്ള അയോഗ്യതയില്‍ നിന്നും ഇവര്‍ ഒഴിവായത്.

സഞ്ജയ്‌ പ്രസാദ്​, എം.ഡി കമര്‍ അലം, രാധാ ചരണ്‍ സേത്ത്​, ദിലീപ്​ റായ്​, രണ്‍വിജയ്​ സിംഗ് എന്നിവരാണ്​ പാര്‍ട്ടി വിട്ട എംഎൽഎമാര്‍. ഇവര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് JD(U)വില്‍ ചേര്‍ന്നു. അഞ്ചുപേര്‍ കൂറുമാറിയതോടെ എംഎൽഎയില്‍ ആർജെഡിയുടെ അംഗബലം മൂന്നായി ചുരുങ്ങി. കൂടാതെ, ആർജെഡി വൈസ്​ പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ രഘുവനാശ്​​ പ്രസാദും പദവിയൊഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എംഎൽഎമാരുടെ ചുവടുമാറ്റം ആർജെഡിയ്ക്ക് ​ കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. എംഎൽഎമാരുടെ കൂറുമാറ്റ൦ ആർജെഡിയ്ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നാണ് സൂചനകള്‍. ആർജെഡി തങ്ങളുടെ സഖ്യ കക്ഷികളില്‍നിന്നും ഭീഷണി നേരിടുന്ന അവസരത്തിലാണ് എംഎൽഎമാരുടെ കൂറുമാറ്റ൦ എന്നത് മറ്റൊരു വസ്തുതയാണ്.

മുൻ മുഖ്യമന്ത്രി ജിതാൻ റാം മാഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ) ജൂൺ 25നകം ഏകോപന സമിതി രൂപീകരിക്കണമെന്ന അന്ത്യശാസനം നൽകിയിരിയ്ക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് പങ്കിടൽ ചർച്ചകൾ ആരംഭിക്കാനും സഖ്യകക്ഷികള്‍ നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിയ്ക്കുകയാണ്

എന്നാല്‍, ആർജെഡിയുടെ നിലവിലെ "നേതൃത്വത്തിൽ" ആളുകള്‍ സന്തുഷ്ടരല്ല എന്നും വരും മാസങ്ങളിൽ കൂടുതൽ ആളുകൾ ആർ‌ജെഡിയിൽ നിന്ന് പുറത്തുപോകുമെന്നുമാണ് ജെഡി (യു) വൃത്തങ്ങൾ നല്‍കുന്ന സൂചന. ബീഹാര്‍ എംഎൽഎ (ഉപരിസഭ)യില്‍ 75 അംഗങ്ങളാണ് ഉള്ളത്. എന്നാല്‍, 5 പേര്‍കൂടി എത്തിയതോടെ JD(U)വിന് 21 അംഗങ്ങളായി. ബിജെപിക്ക് 16 അംഗങ്ങളാണ് ഉള്ളത്. നിലവില്‍ 29 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജൂലൈ 6നാണ് ബീഹാറില്‍ എംഎൽഎ തിരഞ്ഞെടുപ്പ് നടക്കുക.

Anweshanam
www.anweshanam.com