24 മണിക്കൂറിൽ 17,000 ത്തോളം രോഗികൾ, 418 മരണം; ഇന്ത്യയിൽ പിടിമുറുക്കി കോവിഡ്
India

24 മണിക്കൂറിൽ 17,000 ത്തോളം രോഗികൾ, 418 മരണം; ഇന്ത്യയിൽ പിടിമുറുക്കി കോവിഡ്

ഇത് വരെ 2,71,696 പേര്‍ക്ക് രോഗം ഭേദമായെന്നാണ് ഔദ്യോഗിക കണക്ക്

By News Desk

Published on :

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്നലെ രേഖപ്പെടുത്തി. ഇന്നലെ മാത്രം 17,000 ന് അടുത്ത് ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,922 ആണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം നാലേമുക്കാല്‍ ലക്ഷത്തോട് അടുത്തു. ഇതുവരെ 4,73,105 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

418 പേര്‍ ഈ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 14,894 ആയി. ഇത് വരെ 2,71,696 പേര്‍ക്ക് രോഗം ഭേദമായെന്നാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 1,86,514 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയും പുറത്തിറക്കിയ കണക്കില്‍ പറയുന്നു.

സാമൂഹിക അകലം പാലിക്കുകയും കോവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമാവുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടന്നിട്ടുളളത്. എങ്കിലും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇന്ത്യയില്‍ സാമൂഹികവ്യാപനം നടന്നിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു.

Anweshanam
www.anweshanam.com