ഗര്‍ഭിണിയാണെന്ന കാരണം കാട്ടി സഫൂറയ്ക്ക് ജാമ്യം അനുവദിക്കരുത്; ഡല്‍ഹി പോലീസ് 
India

ഗര്‍ഭിണിയാണെന്ന കാരണം കാട്ടി സഫൂറയ്ക്ക് ജാമ്യം അനുവദിക്കരുത്; ഡല്‍ഹി പോലീസ് 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ ഡല്‍ഹിയിലെ ജയിലില്‍ നടന്നിട്ടുണ്ടെന്ന് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു

Harishma Vatakkinakath

Harishma Vatakkinakath

ന്യൂ ഡല്‍ഹി: ഡല്‍ഹി തീഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ 39 സ്ത്രീകള്‍ പത്ത് വര്‍ഷത്തിനിടെ പ്രസവിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഗര്‍ഭിണിയാണെന്ന കാരണം പറഞ്ഞ് സഫൂറ സര്‍ഗാറിനെ ജാമ്യത്തില്‍ വിടരുതെന്നും ഡല്‍ഹി പോലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.

ഗര്‍ഭിണിയാണെന്ന കാരണം അവര്‍ ചെയ്ത തെറ്റിന്റെ ശിക്ഷ കുറയ്ക്കുന്നതല്ലെന്നും ഇത്തരം ഗുരുതരമായ കുറ്റകൃത്യം ചെയ്തവരെ അക്കാരണത്തില്‍ വിട്ടയക്കാനാവില്ലെന്നും അവര്‍ക്ക് ഈ സമയത്ത് ആവശ്യമായ എല്ലാ ചികിത്സയും ജയിലില്‍ നല്‍കുന്നുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികളെ അറസ്റ്റുചെയ്ത് തടങ്കലില്‍ വയ്ക്കുക മാത്രമല്ല, ജയിലുകളില്‍ പ്രസവിക്കുന്നതിനും മതിയായ സൗകര്യങ്ങള്‍ ഉണ്ടെന്നും സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നിയമത്തില്‍ ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് പോലീസിന്റെ വിശദീകരണം.

സഫൂറ സര്‍ഗാര്‍
സഫൂറ സര്‍ഗാര്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ ഡല്‍ഹിയിലെ ജയിലില്‍ നടന്നിട്ടുണ്ട്. ഒരാള്‍ക്ക് മാത്രമായി അത്തരത്തില്‍ പ്രത്യേക അര്‍ഹത നല്‍കാനാവില്ലെന്നും, എല്ലാ കുറ്റവാളികള്‍ക്കും നിയമം ഒരുപോലെയാണെന്നുമാണ് സ്പെഷ്യല്‍ സെല്‍ ഡി.സി.പി, പി.എസ് കുശ്‌വഹ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

സഫൂറ സര്‍ഗാര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ ആഴമാണ് പരിശോധിക്കേണ്ടത്, ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിയ നടപടികളാണ് അവരില്‍ നിന്നും ഉണ്ടായത്. സാര്‍ഗറിനെ ഒരു പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്, നല്ല ഭക്ഷണവും ആവശ്യമായ മരുന്നുകളും ഇവര്‍ക്ക് നല്‍കുന്നതിന് പുറമെ നിന്നുള്ള ഡോക്ടര്‍മാര്‍ സ്ഥിരമായി ഇവരെ പരിശോധിക്കുന്നുണ്ടെന്നുമാണ് ജാമ്യം എതിര്‍ത്തുകൊണ്ട് പോലീസ് പറഞ്ഞത്.

സര്‍ഗാറിന്റെ പങ്ക് വ്യക്തമാക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്നും സര്‍ഗാറിന് നീതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സാമുദായിക പിരിമുറുക്കം സൃഷ്ടിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിഴുതെറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും അത് വഴി വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുകയും ആളുകളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്ത സഫൂറ, സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്നാണ് പോലീസ് വാദം. അക്രമസംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് സഫൂറ സര്‍ഗാറിനെ അറസ്റ്റ് ചെയ്തത്.

Anweshanam
www.anweshanam.com