തെലങ്കാനയില്‍ കനത്തമഴ; 30 മരണം

ഹൈദരാബാദില്‍ മാത്രം 15 പേര്‍ മരണപ്പെട്ടു.
തെലങ്കാനയില്‍ കനത്തമഴ; 30 മരണം

ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 മരണം. ഭൂരിഭാഗം പ്രദേശങ്ങളിലും റോഡുകളെല്ലാം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്.

ഹൈദരാബാദില്‍ മാത്രം 15 മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസം പ്രായമായ കുഞ്ഞും വെള്ളപ്പൊക്കത്തില്‍ മരിച്ചു. ഹൗസിങ്ങ് കോളനിയിലെ മതില്‍ തകര്‍ന്ന് വീണാണ് 9 പേര്‍ മരിച്ചത്. ഹൈദരാബാദില്‍ അഞ്ചില്‍ അധികം ആളുകളെ കാണാനില്ല. പൊലീസും ഫയര്‍ഫോഴ്‌സും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ബുധനാഴ്ച രാത്രിയാണ് നഗരത്തില്‍ കനത്ത മഴ ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ റോഡിലും കെട്ടിടങ്ങളിലും വെള്ളം കയറുകയായിരുന്നു. ആന്ധ്രാപ്രദേശിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവുമായി സംസാരിച്ചു.

സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും കാര്യങ്ങള്‍ കേന്ദ്രം നിരീക്ഷിച്ച് വരികയാണെന്നും ഇരു സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com