മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി
India

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

20 ദിവസത്തിനിടെ ഇതേ ഗ്രാമത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകം.

News Desk

News Desk

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ഗ്രാമത്തില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ 20 ദിവസത്തിനിടെ ഇതേ ഗ്രാമത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്.

ബുധനാഴ്ചയാണ് കുഞ്ഞിനെ കാണാതാവുന്നത്. തലയില്‍ പരിക്കേറ്റ നിലയില്‍ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയായിട്ടായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മരണം കൊലപാതകമാണെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുഞ്ഞിന്റെ അച്ഛന്റെ പരാതിയില്‍ തൊട്ടടുത്തുള്ള ഗ്രാമത്തിലുള്ള ലെക്‌റാം എന്നയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴയ ചില വൈരാഗ്യങ്ങളുടെ പേരില്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

പത്ത് ദിവസം മുന്‍പായിരുന്നു ലഖിംപൂര്‍ ഖേരിയിലുള്ള ഒരു പതിനേഴ് വയസുകാരി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ഫോം പൂരിപ്പിക്കാനായി ബന്ധുവീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കാടിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഈ സംഭവം നടക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ് 13 കാരിയായ മറ്റൊരു പെണ്‍കുട്ടിയും ഇതേ ഗ്രാമത്തില്‍ കൊല്ലപ്പെട്ടിരുന്നു. വയലിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയും പിന്നീട് കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഈ പെണ്‍കുട്ടിയും ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയായിരുന്നു.

നിരന്തരമായി പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങളും കൊലപാതകങ്ങളും അരങ്ങേറിയിട്ടും പ്രതികളെ കണ്ടെത്താനോ ശിക്ഷി നേടിക്കൊടുക്കാനോ പൊലീസിന് സാധിക്കില്ലെന്നും സംസ്ഥാനത്തെ ക്രമസമാനധാന നില പൂര്‍ണമായും തകര്‍ന്നെന്നും കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പുവരുത്താനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നും ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Anweshanam
www.anweshanam.com