
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധ അതിരൂക്ഷ ഘട്ടത്തിൽ. ഇന്നലെ ഒരു ദിവസം 27,114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 8,20,916 ആയി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഇന്ന് രാവിലത്തെ കണക്കുകൾ പ്രകാരം ആക്ടീവ് കോവിഡ് ബാധിതരുടെ എണ്ണം 2,83,407 ആണ്. 5,15,386 പേർ രോഗമുക്തരായി. 22,123 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
വെള്ളിയാഴ്ച്ച ഡൽഹിയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 2,089 പുതിയ കേസുകളാണ്. ഇതോടെ ഡൽഹിയിലെ കോവിഡ് കേസുകളുടെ എണ്ണം 1.09 ലക്ഷമായി. 3,300 പേരാണ് ഡൽഹിയിൽ മാത്രം മരിച്ചത്. ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം 40,000 കടന്നു. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 2,30,599 ആയി. 9,667 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 1,26,581 ആയി. 1,765 പേരാണ് മരിച്ചത്.
കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ ഓരോ ദിവസവും വർധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. സമ്പർക്ക ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആശങ്ക ഉയരുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ പകുതിയോളം പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെയാണ്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1 കോടി 26 ലക്ഷം കടന്നു. 24 മണിക്കൂറിൽ 2 ലക്ഷത്തി മുപ്പതിനായിരത്തിൽ അധികം പേർക്ക് രോഗം കണ്ടെത്തി. ഇത് അഞ്ചാംതവണയാണ് ലോകത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കുന്നത്. 5 ലക്ഷത്തി അറുപതിനായിരത്തിൽ അധികം പേരാണ് ഇതുവരെ മരിച്ചത്.