അസമിലെ പ്രളയം: 25 ലക്ഷത്തോളം പേരെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്; 84 മരണം
India

അസമിലെ പ്രളയം: 25 ലക്ഷത്തോളം പേരെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്; 84 മരണം

സംസ്ഥാനത്തെ 24 ജില്ലകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തിലാണ്

By News Desk

Published on :

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം മൂലമുള്ള മരണങ്ങളുടെ എണ്ണം 84 ആയി ഉയർന്നു, ഞായറാഴ്ച അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ 24 ജില്ലകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തിലാണ്.

ജൂലൈ 21 വരെ അസമിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. എട്ട് കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 108 കാട്ടുമൃഗങ്ങൾ കാസിരംഗ ദേശീയോദ്യാനത്തിൽ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ദേശീയോദ്യാനത്തിന്റെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. ഇവയെ രക്ഷപെടുത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ധേമാജി, ലഖിംപൂർ, ബിശ്വനാഥ്, ദാരംഗ്, ബക്‌സ എന്നിവിടങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 25.29 ലക്ഷത്തിലധികം പേർക്ക് നാശനഷ്ടമുണ്ടായതായി ദുരന്ത നിവാരണ അധികൃതർ അറിയിച്ചു.

ഗോൾപാറയില്‍ 4.53 ലക്ഷത്തിലധികം ആളുകളെ കുടിയൊഴിപ്പിച്ചു. ബാർപെറ്റയില്‍ 3.44 ലക്ഷത്തോളം പേരെയും, മോറിഗാവോനില്‍ 3.41 ലക്ഷത്തിലധികം ആളുകളെയും പ്രളയം ബാധിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വിളകള്‍, വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ വന്‍തോതില്‍ നശിക്കുകയും ചെയ്തു.

വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് പ്രളയ സ്ഥിതി ഭേദപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും നദികളിലെ ജലനിരപ്പ് അപകട നിരപ്പിന് താഴെയായി. അപ്പര്‍ അസം മേഖലയില്‍ പ്രളയജലം ഇറങ്ങുന്നുണ്ട്. എന്നാല്‍ ലോവര്‍ അസം മേലകളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി ഫോണിലൂടെ പ്രളയ സാഹചര്യം ചര്‍ച്ച ചെയ്തു. വെള്ളപ്പൊക്കത്തെ നേരിടാന്‍ അസമിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു

Anweshanam
www.anweshanam.com