23 സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖം ഒഴിവാക്കിയെന്ന് കേന്ദ്രമന്ത്രി

പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
23 സംസ്ഥാനങ്ങള്‍ സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖം ഒഴിവാക്കിയെന്ന് കേന്ദ്രമന്ത്രി

ന്യൂ ഡല്‍ഹി: 23 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും സര്‍ക്കാര്‍ ജോലിക്കുള്ള റിക്രൂട്ട്‌മെന്റ് നടപടിയില്‍നിന്ന് അഭിമുഖം ഒഴിവാക്കിയതായി കേന്ദ്ര പേഴ്‌സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ്. പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാരിലെ ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള അഭിമുഖം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് 2016 മുതല്‍ ആരംഭിച്ച നടപടികളുടെ ഭാഗമായാണ് ഇതെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

ജോലിക്ക് തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും എഴുത്തുപരീക്ഷയെ അടിസ്ഥാനമാക്കി വേണമെന്നും അഭിമുഖം ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശം 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ചിരുന്നു. ഒരു ഉദ്യോഗാര്‍ഥിക്ക് അഭിമുഖത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള കത്ത് ലഭിക്കുമ്പോള്‍ കുടുംബം മുഴുവനും ആശങ്കയെ തുടര്‍ന്ന് അസ്വസ്ഥരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിനു പിന്നാലെ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്‌മെന്റ് ത്വരിതഗതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്കുള്ള റിക്രൂട്ട്‌മെന്റിന് 2016 ജനുവരി ഒന്നുമുതല്‍ അഭിമുഖം ഒഴിവാക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com