തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് 20,000 കോടിയുടെ ചൈനീസ് ഉത്പന്നങ്ങൾ

മുൻവർഷത്തെ അപേക്ഷിച്ച് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി 27.63 ശതമാനം കുറവാണ്.
തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് 20,000 കോടിയുടെ ചൈനീസ് ഉത്പന്നങ്ങൾ

മുംബൈ: ഇന്ത്യൻ തുറമുഖങ്ങളിൽ ക്ലിയറൻസ് കാത്ത് കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങൾ. ഇലക്ട്രോണിക്സ്, - ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റുകൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിവയാണ് ഇതിലധികവും. കഴിഞ്ഞവർഷം നവംബർ മുതൽ ഡിസംബർ വരെ ഓർഡർ നൽകിയ ഉത്പന്നങ്ങളാണ് ഇപ്പോൾ തുറമുഖങ്ങളിലെത്തി കാത്തുകിടക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖാണ്ഡേൽവാൾ പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ഫെബ്രുവരി വരെ ചൈനീസ് അതിർത്തികൾ അടച്ചിരുന്നു. അതിനുശേഷം ഇന്ത്യയിൽ ലോക്ഡൗൺ തുടങ്ങി. ഇതോടെ ഇറക്കുമതി ചെയ്യാൻ കഴിയാതെ വന്നു. വരുന്ന രണ്ടു മൂന്നു മാസങ്ങളിൽ ഉത്പന്നങ്ങളുടെ വരവ് കൂടുതലായിരിക്കുമെന്നും ഖാണ്ഡേൽവാൾ വ്യക്തമാക്കി. മാർച്ചിനു ശേഷം വ്യാപാരികൾ പുതിയ ഓർഡർ നൽകുന്നത് കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ - ഓഗസ്റ്റ് കാലത്ത് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി 2,158 കോടി ഡോളറിന്റേതാണെന്നാണ് (15,900 കോടി രൂപ) ഔദ്യോഗിക കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 27.63 ശതമാനം കുറവാണിത്. ചൈനയിൽനിന്ന് വിലകുറഞ്ഞ ഇലക്ട്രോണിക്സ് - ഇലക്ട്രിക് ഉത്പന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ഗിഫ്റ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവയുടെ ഇറക്കുമതി കുറച്ചുകൊണ്ടുവരാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

വിയറ്റ്നാം, തയ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കരാറുണ്ടാക്കാൻ ചർച്ചകൾ നടന്നുവരുന്നു. ഇതോടൊപ്പം ഇന്ത്യയിൽ ഇവയുടെ ഉത്പാദനം ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നു.

Related Stories

Anweshanam
www.anweshanam.com