ഛത്തീസ്ഗണ്ഡില്‍ പത്ത് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

റായ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി 900ത്തിനും 1000ത്തിനും ഇടയിലാണ്.
ഛത്തീസ്ഗണ്ഡില്‍ പത്ത് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

റായ്പുര്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഛത്തീസ്ഗണ്ഡിന്റെ തലസ്ഥാനമായ റായ്പൂര്‍ ഉള്‍പ്പെടെയുള്ള പത്ത് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നലെ മുതലാണ് ലോക്ക് ഡൗണ്‍.

റായ്പൂരില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി 900ത്തിനും 1000ത്തിനും ഇടയിലാണ് . റായ്പൂര്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജില്ലാ അതിര്‍ത്തികള്‍ അടച്ചിടുമെന്നും ജില്ലാകളക്ടര്‍ എസ് ഭാരതി ദാസന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

ലോക്ക്ഡൗണിനെ തുടര്‍ന്ന് എല്ലാ കേന്ദ്ര, സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും. കോവിഡ് പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും സേവനത്തില്‍ തുടരണം. പൊതുയോഗമോ റാലിയോ അനുവദിക്കുന്നതല്ല. പലചരക്കു കടകളുള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും വീടുകളില്‍ മരുന്നെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അവശ്യസേവനങ്ങളായ ആരോഗ്യം, വൈദ്യുതി, ജലവിതരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ജില്ലാതിര്‍ത്തി കടക്കുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com