കണ്ടുകെട്ടുന്ന പ്രതിഷേധ സ്വരങ്ങളും കുടിയൊഴിയുന്ന അവകാശ സംരക്ഷകരും  
Human Rights

കണ്ടുകെട്ടുന്ന പ്രതിഷേധ സ്വരങ്ങളും കുടിയൊഴിയുന്ന അവകാശ സംരക്ഷകരും  

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന കലാപത്തില്‍ പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടല്‍ ആരംഭിച്ച് യുപി സര്‍ക്കാര്‍.

By Harishma Vatakkinakath

Published on :

പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ ഏറ്റവും പ്രാകൃതവും മൃഗീയവുമായി നേരിട്ട സംസ്ഥാനമാണ് ഉത്തർപ്രദേശ്. പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്ത് പ്രക്ഷോഭം അടിച്ചമര്‍ത്തിയ കാടത്ത നടപടിയില്‍ 21ഓളം ജീവനുകളാണ് ബലിയാടുകളായത്. കസ്റ്റഡിയിലായവര്‍ക്ക് നേരിടേണ്ടി വന്നത് ഭീകരമായ അനുഭവങ്ങളായിരുന്നു. പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കുമെതിരെ സംസാരിക്കുന്നവരെ ജീവനോടെ കഴിച്ചുമൂടുമെന്ന പ്രസ്താവനകള്‍വരെ ഉയര്‍ന്ന മണ്ണാണ് യുപി, മുസ്ലിംവിഭാഗക്കാരോട്‌ ‘പാകിസ്ഥാനിലേക്ക്‌ പോ’ എന്ന് ആക്രോശിച്ച അധികൃതരുടെ നാടാണത്. സാമുദായികവല്‍കൃതരായ പൊലീസ് സേനയെ ഉപയോഗിച്ച് ശബ്ദിക്കുന്ന കഴുത്തുകളെ ഞെരിച്ചമര്‍ത്തി, സര്‍വ്വര്‍ണ്ണാധിപത്യത്തിന്‍റെ പരീക്ഷണ ശാലയായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശ്.

ജനാധിപത്യാവകാശങ്ങള്‍ക്കും തുല്യ പരിഗണനയ്ക്കും വേണ്ടി പോരാടിക്കൊണ്ടിരുന്ന ഒരു കൂട്ടം ജനത്തിനു നേരെ, ആക്രമകാരികളായ പൊലീസിനെയും, സംഘപരിവാര്‍ ഗുണ്ടകളെയും അഴിച്ചുവിട്ട് നടത്തിയ ആക്രമണ പ്രത്യാക്രമണങ്ങളില്‍, കോട്ടം വന്ന പൊതുമുതലിന്‍റെ ഉത്തരവാദിത്വം സിഎഎ പ്രക്ഷോഭകരുടേത് മാത്രമാണെന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ യുപിയില്‍ സംജാതമാകുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് നടന്ന കലാപത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതായി തെളിഞ്ഞവരുടെയെല്ലാം വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികളാണ് യോഗി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. പൊതുമുതലും സ്വകാര്യമുതലും നശിപ്പിക്കുന്നവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് ഗവണ്മെന്റ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രകാരം, അന്‍പതോളം പേരില്‍ നിന്ന് 1.55 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടാനാണ് തീരുമാനം. എന്നാല്‍ ഈ പട്ടികയില്‍ കടകള്‍ കുത്തിത്തുറന്ന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിക്കുകയും, വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത പൊലീസ് ഏമാന്മാരുടെ പേരില്ലെന്നത് സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് നയത്തിന്‍റെ വ്യക്തമായ ചിത്രം നല്‍കുന്നു.

സിഎഎ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും മേല്‍വിലാസവും രേഖപ്പെടുത്തിയ ഹോര്‍ഡിങ്ങുകളില്‍ ഒന്ന്.
സിഎഎ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും മേല്‍വിലാസവും രേഖപ്പെടുത്തിയ ഹോര്‍ഡിങ്ങുകളില്‍ ഒന്ന്.

ലക്ഷങ്ങളുടെ കണക്കു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍

"എനിക്ക് എന്‍റെ കാര്യത്തില്‍ ഭയമില്ല, പക്ഷെ പൂര്‍ണ്ണ രോഗിണിയായ ഭാര്യയെക്കുറിച്ചാണ് ആവലാതികള്‍, എന്‍റെ സ്വത്തുവകകള്‍ കണ്ടുകെട്ടുമ്പോള്‍ അവളെ മറ്റൊരിടത്തേക്ക് മാറ്റുക എന്നതായിരിക്കും എനിക്ക് മുന്നിലെ വലിയ പ്രതിസന്ധി," മുൻ ഐപിഎസ് ഓഫീസറും മനുഷ്യാവകാശ പ്രവർത്തകനുമായ എസ്‍ ആർ ധരപുരിയുടെ വാക്കുകളാണിവ. തഹസില്‍ദാര്‍ മുമ്പാകെ ഹാജരാകാത്ത പക്ഷം സ്വത്തുമുഴുവന്‍ സംസ്ഥാന സര്‍ക്കാരിലേക്ക് പോകുമെന്ന മുന്നറിയിപ്പുമായി റവന്യൂ ഉദ്യോഗസ്ഥരും പൊലീസുകാരും തന്നെ സന്ദര്‍ശിച്ച സാഹചര്യത്തിലാണ് ഈ 76 കാരന്‍ വികാരാധീനനാകുന്നത്.

എസ്‍ആർ ധരപുരി
എസ്‍ആർ ധരപുരി

ഇന്ത്യൻ പൊലീസ് സേനയില്‍ നീണ്ട 34 വര്‍ഷത്തെ സേവനത്തിന് ശേഷം 2003 ൽ വിരമിച്ച ധരപുരി, വര്‍ഷങ്ങളായി മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന വ്യക്തിത്വമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബറിൽ ലക്നൗവില്‍ നടന്ന പ്രതിഷേധത്തിനു പിന്നാലെ യുപി പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് പൊലീസ് സേനയില്‍ നിന്ന് ഇൻസ്പെക്ടർ ജനറലായി വിരമിച്ച ധരപുരിയെ പ്രക്ഷോഭ സാധ്യത മുന്നില്‍കണ്ട് വീട്ടു തടങ്കലിലാക്കിയിരുന്നെങ്കിലും, അക്രമങ്ങളില്‍ പങ്കാളിയാണെന്ന് കാട്ടിയായിരുന്നു കസ്റ്റഡിയിലെടുത്തത്. ജാമ്യം ലഭിക്കാതെ 18 ദിവസം ആ വയോധികന്‍ ജയില്‍വാസം അനുഭവിച്ചു.

പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളും മേല്‍വിലാസവും രേഖപ്പെടുത്തി, നഗരമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ട ഹോര്‍ഡിങ്ങിലാണ് പിന്നീട് ധരപുരിയെ കാണുന്നത്. ഷിയ പുരോഹിതന്‍ മൗലാന സെയ്ഫ് അബ്ബാസ്, കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍ എന്നിവരുള്‍പ്പടെ 53 പേരുടെ ചിത്രങ്ങളും പേരുവിവരങ്ങളുമാണ് ഹോര്‍ഡിങ്ങിലുണ്ടായിരുന്നത്. നൂറോളം ഹോര്‍ഡിങ്ങുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചത്. ഒപ്പം, പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നോട്ടീസും ജില്ലാ ഭരണകൂടം അയച്ചു. നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിക്കുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും തീരുമാനമായി. 21.76 ലക്ഷം രൂപ നഷ്ടപരിഹാരം അടക്കാത്തതില്‍ സാധാരണക്കാരനായ റിക്ഷാ ഉടമ വീണ്ടും അറസ്റ്റിലായ സംഭവം പോലുമുണ്ടായി. ഇത്തരത്തില്‍ ദിവസവേതനക്കാര്‍ക്കു മുന്നില്‍ ലക്ഷങ്ങളുടെ കണക്കുകാട്ടി പേടിപ്പിക്കുന്ന, മനുഷ്യത്വരഹിതമായ നടപടികളാണ് യോഗി സര്‍ക്കാര്‍ അവലംബിക്കുന്നത്.

1984 ലെ പൊതു സ്വത്തിന്മേലുള്ള നാശനഷ്ടങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം(Prevention of Damages to Public Property Act), നടപടിയെടുക്കാനുള്ള അധികാരം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനാണെന്ന്, 2011ല്‍ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി അധികാരത്തിലിരിക്കുമ്പോഴാണ് ഉത്തരവായത്. ഇത് മുന്‍നിര്‍ത്തിയാണ് പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്നു കാട്ടി ലക്നൗ ജില്ലാ ഭരണകൂടം നോട്ടീസ് അയക്കുന്നത്. കലാപങ്ങളിലും പ്രതിഷേധങ്ങളിലും പൊതു സ്വത്തിലുണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്താനും വീണ്ടെടുക്കാനും സംസ്ഥാന സർക്കാരിനെ അനുവദിക്കുന്ന വിധി 2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍, 2010 ലെ ഹൈക്കോടതി വിധി സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജനുവരിയിൽ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹര്‍ജി യുപി സര്‍ക്കാരിന്‍റെ നടപടികള്‍ക്ക് വെല്ലുവിളിയായി. 2009 ലെ സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അക്രമങ്ങളെത്തുടര്‍ന്ന് പൊതുമുതലിലുണ്ടാകുന്ന നാശനഷ്ടങ്ങൾ വിലയിരുത്താനും വീണ്ടെടുക്കാനും ഹൈക്കോടതിക്കാണ് അവകാശം. വിരമിച്ച ഹൈക്കോടതി അല്ലെങ്കില്‍ ജില്ലാ ജഡ്ജിക്കാണ് ഈ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള ചുമതല.

അലഹബാദ് ഹൈക്കോടതി
അലഹബാദ് ഹൈക്കോടതി

സര്‍ക്കാര്‍ ഉത്തരവുകളുടെ നിയമസാധുത കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്ത്യശാസനം പുറപ്പെടുവിക്കുന്ന തലത്തിലേക്കാണ് യുപിയില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോടതി നടപടികള്‍ അനിശ്ചിത്വത്തിലായ സ്ഥിതിവിശേഷങ്ങളുടെ മുതലെടുപ്പാണ് ഉത്തര്‍പ്രദേശ് നല്‍കുന്ന ചിത്രം.

വര്‍ഗീയതയിലും വേര്‍തിരിവിലും അധിഷ്ഠിതമായ ഭിന്നിപ്പിന്‍റെ ഭരണമാണ് പൗരത്വ ഭേദഗതി നിയമം മുന്നോട്ടുവെക്കുന്ന ഭീഷണമായ യാഥാര്‍ത്ഥ്യം. പറിച്ചെടക്കപ്പെടുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സംഘടിക്കുന്ന ജനവികാരത്തിന്‍റെ ദൗര്‍ബ്ബല്യങ്ങളിലേക്ക് എണ്ണ പകരുന്ന, വെറുപ്പിന്‍റെ രാഷ്ട്രീയം കവലകളില്‍ പ്രസംഗിച്ച ബിജെപി നേതാവ് കപില്‍ മിശ്രയും, വര്‍ഗീയ വേര്‍തിരിവിന്‍റെ വിത്തു പാകിയ കേന്ദ്രസഹമന്ത്രി അനുരാഗ്‌ താക്കൂറും പോലീസ് സംരക്ഷണത്തില്‍ വിലസുമ്പോള്‍ വന്ധ്യവയോധികനായ എസ് ആര്‍ ധരപുരിയും, ഗര്‍ഭിണിയായ സഫൂറ സര്‍ഗാറുമൊക്കെയാണ് രാജ്യദ്രോഹികളായതും, ഭാരതമെന്ന വികാരത്തിന് ക്ഷതമേല്‍പ്പിച്ചെന്ന കുറ്റത്തിന് തടവറകളില്‍ കഴിഞ്ഞതും.

സത്യത്തിനു മുന്നില്‍ നീതി ദേവതയുടെ കണ്ണുകള്‍ മുറുക്കിക്കെട്ടുന്ന ഭരണകൂടം, ശരിയുടെ കൂടെ നിന്ന ജസ്റ്റിസ് എസ്. മുരളീധറിനെ പോലുള്ള നിയമപാലകരെ സ്ഥലം മാറ്റിക്കൊണ്ടായിരുന്നു ഇടപെട്ടത്. ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങള്‍ കശാപ്പു ചെയ്യപ്പെടുകയും, ജനാധിപത്യമൂല്യങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുമ്പോള്‍ നീതിയുടെയും ന്യായത്തിന്‍റെയും അര്‍ത്ഥങ്ങള്‍ ഭരണകൂടത്തിന്‍റെ പ്രഖ്യാപിത അജണ്ടകള്‍ക്കു വിധേയപ്പെട്ട് മാറിമറിയുന്ന സ്ഥിതിവിശേഷത്തിനാണ് നാം സാക്ഷിയാകുന്നത്.

Anweshanam
www.anweshanam.com