പുറത്ത് വൈറസും അകത്ത് ആചാരങ്ങളും; ചോദ്യചിഹ്നമാകുന്ന സ്ത്രീ സുരക്ഷ

കോവിഡ് കാലത്ത് സ്ത്രീലിംഗ പരിച്ഛേദനം സജീവമാകുന്നതായി റിപ്പോര്‍ട്ട്.
പുറത്ത് വൈറസും അകത്ത് ആചാരങ്ങളും; ചോദ്യചിഹ്നമാകുന്ന സ്ത്രീ സുരക്ഷ

ഈ ഭൂമണ്ഡലത്തിലുണ്ടായിട്ടുള്ള എല്ലാ മഹായുദ്ധങ്ങളും മനുഷ്യവംശത്തിന് നഷ്ടങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. കൂട്ട മരണങ്ങള്‍, പടര്‍ന്നു പിടിക്കുന്ന ജനിതക രോഗങ്ങള്‍, അനാഥത്വം, സമ്പത്തിൻെറയും ജീവനോപാധികളുടെയും നാശം തുടങ്ങി യുദ്ധത്തിന്‍റെ അനന്തരഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനവിഭാഗത്തെയാണ്. മനുഷ്യനും വൈറസും തമ്മില്‍ നടക്കുന്ന കോവിഡ് 19 എന്ന യുദ്ധവും, ഈ ചരിത്ര സത്യങ്ങള്‍ തിരുത്താതെ മുന്നോട്ട് പോകുന്നു എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. ലോക്ക് ഡൗണ്‍ കാലയളവിലുണ്ടായ ഗാര്‍ഹിക പീഢനങ്ങളും തൊഴില്‍ നഷ്ടവും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക്, ഇനിയും അവസാനിച്ചിട്ടില്ലാത്ത പ്രസ്തുത യുദ്ധം സമ്മാനിച്ച ദുരിതങ്ങളാണ്. ഈ കാലയളവില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു കൊടിയ വിപത്താണ് സ്ത്രീലിംഗ പരിച്ഛേദനം അഥവ ഫീമെയില്‍ ജനിറ്റല്‍ മ്യൂട്ടിലേഷന്‍(എഫ്ജിഎം).

മിഡില്‍ ഈസ്റ്റിലും, ദക്ഷിണാഫ്രിക്കയിലും, വൈറസ് വ്യാപനം സൃഷ്ടിച്ച അനിശ്ചിതാവസ്ഥ, എഫ്ജിഎമ്മിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സൃഷ്ടിക്കുകയും, ഈ പ്രക്രിയ വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് യുണൈറ്റഡ് നാഷന്‍സ് ഏപ്രില്‍ മാസത്തില്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാംസ്കാരികവും വൈദ്യേതരവുമായ കാരണങ്ങളാല്‍ ഓരോ വര്‍ഷവും 200 ദശലക്ഷത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും പരിച്ഛേദനകളെ നേരിടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

സാധാരണയായി ജനനം മുതല്‍ 15 വയസ്സ് വരെയാണ് പരിച്ഛേദനം നടക്കുന്നത്. ഈ പ്രക്രിയ അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അണുബാധ, രക്തസ്രാവം എന്നിവയോടൊപ്പം കടുത്ത മാനസിക പ്രശ്നങ്ങളും ഇതിന്‍റെ പാര്‍ശ്വഫലങ്ങളാണ്. ഇത് ഭേദപ്പെടുത്താനാവാത്ത പലതരം രോഗത്തിലേക്ക് നയിച്ചേക്കാം. ഒരു പെണ്‍‌കുട്ടിയുടെ അല്ലെങ്കില്‍ സ്ത്രീയുടെ ജീവിതത്തിലുടനീളം അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന ഈ വര്‍ഷം തുടക്കത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

എഫ്ജിഎമ്മില്‍ നിന്നുള്ള ആരോഗ്യ പാര്‍ശ്വഫലങ്ങളുടെ ചികിത്സാ ചെലവ് പ്രതിവര്‍ഷം 1.4 ബില്യണ്‍ ഡോളറാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. പല രാജ്യങ്ങളും അവരുടെ മൊത്തം ആരോഗ്യ ചെലവിന്‍റെ 10 ശതമാനം ഓരോ വര്‍ഷവും എഫ്ജിഎം ചികിത്സയ്ക്കായി ചെലവഴിക്കുന്നു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചില രാജ്യങ്ങളില്‍ ഈ കണക്ക് 30 ശതമാനം വരെയാണ്. ഇത്തരം പ്രവൃത്തികള്‍ രാജ്യങ്ങളുടെ വിലയേറിയ സാമ്പത്തിക സ്രോതസ്സുകളെ നശിപ്പിക്കുകയാണെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഇയാന്‍ അസ്ക്യൂ അന്ന് അഭിപ്രായപ്പെട്ടത്.

ഇയാന്‍ അസ്ക്യൂ
ഇയാന്‍ അസ്ക്യൂ

പ്രാകൃതമായ പരിച്ഛേദനവും അന്തവിശ്വാസങ്ങളും

ഈജിപ്റ്റില്‍ ഫറവോയുടെകാലഘട്ടം മുതലേ എഫ്ജിഎം നിലനിന്നിരുന്നതായി ബിസി 163-ല്‍ ലഭിച്ച ഗ്രീക്ക് പാപ്പിറസില്‍ പരാമര്‍ശമുണ്ട്. ആഫ്രിക്കയുടെ വടക്കന്‍ ഭാഗങ്ങളില്‍ എഫ്ജിഎം വ്യാപകമായിരുന്നതായി മമ്മികളില്‍ നിന്നുള്ള ചില സൂചനകള്‍ തെളിയിക്കുന്നു. മിഡില്‍ ഈസ്റ്റില്‍ പ്രാചീനകാലം മുതല്‍ക്കെ ഈ പ്രവണത നിലനില്‍ക്കുന്നു എന്നാണ് വിലയിരുത്തല്‍. സ്ത്രീകളില്‍ പരിച്ഛേദനം നടത്തുന്ന പുരുഷനെ വളരെ അവജ്ഞയോടെയാണ് അന്നത്തെ സമൂഹം കണ്ടിരുന്നതെന്നാണ് ചരിത്രം പറയുന്നത്. പരിച്ഛേദനത്തെ മതപരമായ ആചാരമായി ചിലര്‍ കാണുമ്പോള്‍ സാംസ്‌കാരിക തലങ്ങളില്‍ മാത്രമേ ഇതിന് പ്രാധാന്യമുള്ളൂ എന്ന് വേറെ ചിലര്‍ വാദിക്കുന്നു.

ജനനേന്ദ്രിയത്തിനു ചുറ്റുമുള്ള സംയുക്തകോശം (കൃസരി) മുറിച്ചുനീക്കിയാല്‍ പെണ്‍കുട്ടികളുടെ അമിതാസക്തി നിയന്ത്രിക്കാനാകുമെന്ന അഭിപ്രായക്കാരാണ് മതവിശ്വാസവുമായി പരിച്ഛേദനത്തെ ബന്ധപ്പെടുത്തുന്നത്. എന്നാല്‍ പെണ്‍കുട്ടികളെ പരിച്ഛേദനം ചെയ്യണമെന്ന വിശ്വാസത്തിന് മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു ഉറച്ചുവിശ്വസിക്കുന്നവരാണ് തൊണ്ണൂറ്റിയൊന്‍പത് ശതമാനം മതപണ്ഡിതരും.

പരിച്ഛേദനത്തില്‍ത്തന്നെ ഏറ്റവും തീവ്രമായ രീതിയാണ് ഇന്‍ഫിബുലേഷന്‍. ജനനേന്ദ്രിയം തുന്നിക്കെട്ടുന്നതിനെയാണ്ഇന്‍ഫിബുലേഷന്‍ എന്നു പറയുന്നത്. ഇങ്ങനെ ചെയ്താല്‍ കന്യകാത്വം സംരക്ഷിക്കാനാകുമെന്നാണ് വിശ്വാസം. വേനലവധിക്കാലത്താണ് എഫ്ജിഎം കൂടുതലായി നടക്കുന്നത്. മുറിവ് ഉണങ്ങാന്‍ രണ്ടാഴ്ച മുതല്‍ ആറാഴ്ച വരെസമയം വേണ്ടിവരും. അവധിക്കാലമായതിനാല്‍ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്നതും പരിച്ഛേദനമേറ്റ കാര്യം പുറത്തുളളവര്‍ അറിയുന്നതിനുള്ള അവസരം കുറവാണെന്നതുമാണു ഇതിനു കാരണം.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേലുള്ള അതിക്രമങ്ങളില്‍ ഏറ്റവും തീവ്രമായ ഈ പ്രവണത സൊമാലിയയിലാണ് വ്യാപകമായി നടക്കുന്നത്. 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഏകദേശം 93 ശതമാനവും ഈ ക്രൂരകൃത്യത്തിന് വിധേയരാകുന്നുണ്ടെന്നാണ് ജൂണില്‍ ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈജിപ്തില്‍ ഇത് 91 ശതമാനവും സുഡാനില്‍ 88 ശതമാനവും,മൗറിറ്റാനിയയില്‍ 69 ശതമാനവും, യമനില്‍ 19 ശതമാനവും, ഇറാഖില്‍ ഏഴ് ശതമാനവും സ്ത്രീകള്‍ ഈ ക്രൂരകൃത്യത്തിന് വിധേയരാകുന്നു.

യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, സ്വീഡന്‍,സ്വിറ്റ്‌സര്‍ലന്‍ഡ്, ഈജിപ്റ്റ്, കെനിയ, സെനഗല്‍ എന്നീ രാഷ്ട്രങ്ങള്‍ പരിച്ഛേദനം നിയമവിരുദ്ധമാക്കിയെങ്കിലും യുകെ, കാനഡ, സ്വീഡന്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും രഹസ്യമായി പരിച്ഛേദനം തുടരുന്നുണ്ട്. യുകെയില്‍ 2003ലാണ് നിയമംമൂലം പരിച്ഛേദനം നിരോധിച്ചത്. നിയമംലംഘിക്കുന്നത് 14 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റമാണെങ്കിലും ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ പരിച്ഛേദനം ഇപ്പോഴും നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രാകൃതമായ രീതിയില്‍ ശരീരത്തിന്റെ ഒരുഭാഗം മുറിച്ചു മാറ്റുന്നതിനെതിരേയാണു പല രാഷ്ട്രങ്ങളും നിയമം പുറപ്പെടുവിച്ചത്. കത്തി, ബ്ലേഡ്, കുപ്പിച്ചില്ല് തുടങ്ങിയ മൂര്‍ച്ചയുള്ള ആയുധങ്ങളുപയോഗിച്ച് പരിച്ഛേദനം നടത്തുമ്പോള്‍ അവ അണുവിമുക്തമാക്കുകപോലും ചെയ്യുന്നില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒരു കുട്ടിക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍തന്നെയാണ് മറ്റു കുട്ടികളിലും ഉപയോഗിച്ചുവരുന്നത്. ഇത് എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി പോലെയുള്ള പകര്‍ച്ചാരോഗങ്ങള്‍ പകരാനുള്ള സാധ്യത സൃഷ്ടിക്കുന്നു.

വിദഗ്ധ വൈദ്യ സഹായമോ ശസ്ത്രക്രിയാ ഉപകരങ്ങളോ ഇല്ലാതെ, കുടംബാംഗങ്ങള്‍ തന്നെയാണ് പലപ്പോഴും ഈ കര്‍മ്മം നിര്‍വ്വഹിച്ചുപോരുന്നത്. മൂത്രമൊഴിക്കാന്‍ ചെറിയൊരു സുഷിരമിട്ടു മുറിവ് തുന്നിക്കെട്ടുകയും, മുറിവുണങ്ങുന്നതിന് കാലുകള്‍ കൂട്ടിക്കെട്ടുന്നതും പൈശാചികമായ ഈ ആചാരത്തിന്‍റെ ഭാഗമാണ്.

ചില രാജ്യങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ നൂറു കണക്കിനു വര്‍ഷങ്ങളായി കൃസരി പരിച്ഛേദനം പ്രചാരത്തിലുണ്ട്. പരിച്ഛേദനം നടത്തിയില്ലെങ്കില്‍ പെണ്‍കുട്ടികള്‍ പിഴച്ചുപോകുമെന്നും അവരുടെ വിവാഹം നടക്കില്ലെന്നുമുള്ള അന്തവിശ്വാസങ്ങളും മാതാപിതാക്കളെ ഈ ക്രൂരകൃത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. പരിച്ഛേദനത്തിനെതിരേയുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കു ചെവികൊടുത്താല്‍ വിവാഹത്തിനു മുമ്പേ പെണ്‍കുട്ടികളുടെ കന്യകാത്വം നഷ്ടപ്പെടുമെന്നു ഭയക്കുന്ന മാതാപിതാക്കള്‍, പ്രായമാകും മുമ്പേ പെണ്‍മക്കളെ പരിച്ഛേദനത്തിനു വിധേയരാക്കുന്നു. പ്രായമായാല്‍ കുട്ടികള്‍ വിസമ്മതിക്കുമെന്ന ഭയമാണ് ഇതിനു പിന്നില്‍.

എഫ്ജിഎം വേണമെന്നു ശഠിക്കുന്ന മാതാപിതാക്കളുടെ പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ കെനിയയില്‍ പെണ്‍കുട്ടികള്‍ വീടുവിട്ടോടുന്ന സാഹചര്യങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. പ്രാകൃതമായ ഈ ആചാരത്തിന്‍റെ ഫലമായി മാനസികവും ശാരീരിവുമായ രോഗങ്ങള്‍ക്ക് വര്‍ഷം തോറും ചികിത്സ തേടിയെത്തുന്നത് പതിനായിരക്കണക്കിന് പെണ്‍കുട്ടികളാണ്. പുറത്തു പറയാനുള്ള ഭയം കാരണം വിദഗ്ധചികിത്സ തേടാന്‍ മടിച്ച നിരവധി കുട്ടികള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹീനമായ അവകാശ ലംഘനം

മറ്റ് അവകാശ ലംഘനങ്ങള്‍ക്കെന്നപോലെ തക്കതായ മുന്‍കരുതലുകളോ പ്രതിഷേധമുറകളോ, എഫ്ജിഎം സംബന്ധിച്ച് ലോകത്ത് നടന്നിട്ടില്ലെന്നത്, പ്രസ്തുത പ്രക്രിയയെ ഏറെക്കുറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സജീവമായ ആചാരം, മിഡില്‍ ഈസ്റ്റിലേക്കും ഏഷ്യയിലേക്കും പരന്നത്, ഇത് സംബന്ധിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കാത്തത് കാരണമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങളായ കുവൈറ്റ്, യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളോടൊപ്പം ഇറാനിലും എഫ്ജിഎം വ്യാപകമാകുന്നു എന്നത്, ഗവേഷണങ്ങൾ അടുത്തിടെ തെളിയിച്ചിട്ടുണ്ട്. ഇത് ആശങ്കാജനകമാണെന്നാണ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇക്വാലിറ്റി നൗവിന്‍റെ പ്രതിനിധി ദിവ്യ ശ്രീനിവാസന്‍ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സിനോട് പ്രതികരിച്ചത്.

കോവിഡ് കാലത്ത് പറത്തുവിട്ട എഫ്ജിഎം സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകള്‍ മിഡില്‍ ഈസ്റ്റില്‍ പ്രത്യേക ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടില്ല. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ തര്‍ജ്ജമ ചെയ്യാനോ, സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കാനോ തയ്യാറായില്ല എന്നതാണ് ഇതിനു കാരണം. പൊതുജന അവബോധത്തിന്റെ ഈ അഭാവം എഫ്ജി‌എം ഒരു പ്രശ്നമല്ല എന്ന ധാരണ നിലനിർത്തുന്നു. ഇത് പ്രാകൃതമായ ഈ ആചാരത്തിന് വളം വയ്ക്കുകയാണ്.

മതാചാരങ്ങളെയും വിശ്വാസങ്ങളെയും മറികടന്ന്, ഈ അതിക്രമത്തിനെതിരെ സംസാരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും, ഇരകളും കടുത്ത തിരിച്ചടികള്‍ നേരിടുന്നതായും തെളിവുകളുണ്ട്. ഒമാനില്‍ ലിംഗ പരിച്ഛേദനം കാരണം പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് ഇന്‍റര്‍നെറ്റില്‍ പങ്കുവച്ച ഒമാനി അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ സ്ഥാപക, ഹബീബ അൽ ഹിനായ് ഇതിനൊരു ഉദാഹരണമാണ്. സ്ത്രീ പരിച്ഛേദനം ഇസ്ലാമിക ആരാധനയുടെ ഒരു രൂപമാണെന്ന് വാദിക്കുന്ന മത യാഥാസ്ഥിതികരാല്‍ താന്‍ ആക്രമിക്കപ്പെട്ടെന്നാണ് അവര്‍, അന്താരാഷ്ട്ര മാധ്യമമായ ഗ്ലോബല്‍ വോയ്സിനു നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. എഫ്ജിഎം ഔദ്യോഗികമായി അംഗീകരിക്കപ്പെടാത്ത ഒമാനിൽ ഇരകൾക്ക് സംരക്ഷണമോ പിന്തുണയോ ലഭിക്കുന്നില്ലെന്നും ഹബീബ 2017ല്‍ നടത്തിയ സര്‍വ്വെ റിപ്പോര്‍ട്ട് തെളിയിക്കുന്നു.

എഫ്ജിഎം ഉന്മൂലനം എങ്ങനെ സാധ്യമാകും?

യമനിലെയും. യുഎഇയിലെയും മെഡിക്കല്‍ സംവിധാനങ്ങള്‍ എഫ്ജിഎം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് വീടുകളില്‍ വ്യാപകമായി നടക്കുന്നുണ്ടെന്നതാണ് വസ്തുത. മോറിറ്റാനിയയില്‍ ലിംഗ പരിച്ഛേദനത്തിന് നിയമം അനുവദിക്കുന്നില്ലെങ്കിലും, സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുന്ന നടപടികളൊന്നും തന്നെ ഒരു ഭരണകൂടവും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഇറാഖിൽ, കുർദിഷ് സ്വയംഭരണ പ്രദേശത്ത് എഫ്ജിഎം നിരോധിച്ചിരുന്നെങ്കിലും, മധ്യ ഇറാഖിൽ ഈ പ്രക്രിയയ്ക്ക് നിയമസാധുതകളുണ്ടെന്നത് ഭീഷണിയാണ്.

എഫ്ജിഎം നിയമവിരദ്ധമാക്കാനുള്ള നിര്‍ണ്ണായക മുന്നേറ്റങ്ങള്‍ വിവിധ രാജ്യങ്ങളില്‍, സ്ത്രീകളുടെ അവകാശ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. അതില്‍ സുപ്രധാനമാണ് ഈജിപ്ത് കൈകൊണ്ട നിയമനിര്‍മ്മാണം. 2008ല്‍ പുറപ്പെടുവിച്ച നിയമ പ്രകാരം ലിംഗഛേദനം നിരോധിക്കുകയും, നിരോധനം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും 5000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴയും ശിക്ഷയായി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2014 ല്‍ ഈജിപ്തില്‍ നടന്ന ആരോഗ്യ സര്‍വേയുടെ അടിസ്ഥാനത്തില്‍ 92 ശതമാനം വിവാഹിതരായ സ്ത്രീകളും ലിംഗഛേദനത്തിന് വിധേയരാവുന്നുണ്ടെന്നായിരുന്നു തെളിഞ്ഞത്. വിവാഹിതരായ 50 ശതമാനം സ്ത്രീകളും ഇതിനനുകൂലമാണെന്നും 30 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് ലിംഗഛേദനം നിരോധിച്ചിട്ടുണ്ടെന്ന് അറിയാവുന്നതെന്നും സര്‍വേയില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ലിംഗഛേദനത്തിനെതിരെ നിലനിന്ന നിയമം, 2016 ല്‍ ഈജിപ്ത് ക്രിമിനലൈസ് ചെയ്തിരുന്നു. ഈ നിയമപ്രകാരം, എഫ്ജിഎം നടത്തുന്ന ഏതൊരാള്‍ക്കും മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവാണ് ലഭിക്കുക. സംഭവം നടന്നാല്‍ ഇരകള്‍തന്നെ സ്വയം റിപ്പോര്‍ട്ട് ചെയ്യാനാണ് നിയമം നിഷ്കര്‍ഷിക്കുന്നത്, അതുകൊണ്ടു തന്നെ പുതിയ നിയമനിര്‍മ്മാണം ഫലപ്രദമാകാന്‍ സാധ്യതയില്ലെന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി വര്‍ഷങ്ങളായുള്ള മുറവിളികള്‍ക്കൊടുവില്‍ സ്ത്രീ ലിംഗഛേദനം നിരോധിക്കാന്‍ സുഡാന്‍ ഭരണകൂടവും നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ 22നായിരുന്നു, മന്ത്രിസഭ പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. ഇത് പ്രകാരം എഫ്ജിഎം നടത്തുന്നതായി കണ്ടെത്തിയാല്‍ മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. യുഎൻ കണക്കനുസരിച്ച് 87 ശതമാനം സുഡാനീസ് സ്ത്രീകളാണ് ലിംഗ പരിച്ഛേദനത്തിന് വിധേയരാകുന്നത്. രാജ്യത്തെ ചില സംസ്ഥാനങ്ങൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് എഫ്ജിഎം നിരോധിച്ചിരുന്നുവെങ്കിലും ദേശീയതലത്തിൽ ഇത് നിരോധിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഈ രീതി സുഡാനീസ് സംസ്കാരത്തിൽ വേരൂന്നിയതിനാൽ, പൂർണ്ണമായും ഇല്ലാതാക്കാൻ വളരെയധികം സമയമെടുക്കുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ അഭിപ്രായം.

നിയമനിര്‍മ്മാണങ്ങളും, ശിക്ഷാവിധികളും ഉറപ്പാക്കുന്നുണ്ടെങ്കിലും ഇത്തരം ആചാരങ്ങള്‍ ഉയര്‍ന്ന സ്വീകാര്യതയോടെ വിവിധ രാജ്യങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നതാണ് വിഷയം എത്രത്തോളം ഗഹനമാണെന്നതിന് ആധാരം. നിയമങ്ങള്‍ പര്യാപ്തമാകാത്തിടത്ത്, പോലീസ്, ജുഡീഷ്യറി, പുരോഹിതന്മാർ, ആരോഗ്യ പരിരക്ഷകര്‍, അടിസ്ഥാന സമൂഹത്തിന്‍റെ വിദ്യാഭ്യാസം, അവബോധം തുടങ്ങിയ ഘടകങ്ങളുടെ ദേശീയതലത്തിലുള്ള ഏകോപനവും ആവശ്യമാണ്.

കോവിഡ് 19 ആഗോളതലത്തില്‍ സൃഷ്ടിക്കുന്ന ഭീതിതമായ ചുറ്റുപാടുകളും സാമ്പത്തിക പ്രതിസന്ധികളും മറ്റു പ്രത്യാഖാതങ്ങളും, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി അവലംബിച്ച പല പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. തൊഴില്‍ നഷ്ടവും, വരുമാനമില്ലായ്മയും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുമ്പോള്‍ പട്ടിണിക്കും പരിവട്ടങ്ങള്‍ക്കുമൊപ്പം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാധ്യതകള്‍ മങ്ങുകയും അവര്‍ ചെറു പ്രായത്തില്‍ തന്നെ വിവാഹിത്തിന് വഴങ്ങേണ്ട സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്യും. ഇത് ഉള്‍നാടന്‍ ഗ്രാമങ്ങളിലും, അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കിടയിലും ലിംഗപരിച്ഛേദനം പോലുള്ള അനാചാരങ്ങള്‍ വീണ്ടും സജീവമാകാന്‍ കാരണമായേക്കാം. അതിനാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അവകാശ സംരക്ഷണത്തിന്‍റെ പ്രാധാന്യം വിസ്മരിക്കപ്പെടാന്‍ പാടില്ല. പ്രത്യേകിച്ച് വൈറസിനെക്കാള്‍ ഭീകരമായ അവകാശ ലംഘനങ്ങള്‍ നിലനില്‍ക്കുമ്പോള്‍.

Related Stories

Anweshanam അന്വേഷണം
www.anweshanam.com