വരവര റാവു; അവകാശ ലംഘനങ്ങളുടെ ബാക്കിപത്രം

നീണ്ട നാളത്തെ നിയമപ്പോരാട്ടത്തിനൊടുവില്‍ വരവര റാവുവിന് ജാമ്യം ലഭിക്കുമ്പോള്‍...
വരവര റാവു; അവകാശ ലംഘനങ്ങളുടെ ബാക്കിപത്രം

അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യുകയോ ഭിന്നാഭിപ്രായം പരസ്യപ്പെടുത്തുകയോ ചെയ്താല്‍ ദേശവിരുദ്ധത ചാപ്പകുത്തപ്പെടുമെന്നത് ഇന്ന് ഇന്ത്യാ മഹാരാജ്യത്ത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അപലപനീയമായ ഈ വസ്തുതയിലേക്കുള്ള ചൂണ്ടുപലകയായിരുന്നു മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയവ്യവസ്ഥിതിയോട് അസഹിഷ്ണുത കാട്ടുന്നവര്‍ ആരായാലും അവരെ തടവറയില്‍ ബന്ധിച്ച് ജനാധിപത്യത്തിന്‍റെ സുരക്ഷാ വാള്‍വുകള്‍ കൊട്ടിയടക്കുകയായിരുന്നു ഭരണകൂടം.

ഒന്നോ രണ്ടോ അല്ല റോണ വില്‍സണ്‍ മുതല്‍ ഫാദര്‍ സ്റ്റാൻ സ്വാമി വരെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ബുദ്ധിജീവികളും 2018മുതല്‍ ഇന്നുവരെ ഈ കേസുമായി ബന്ധപ്പെട്ട് അധികാരകേന്ദ്രങ്ങളോട് നിയമ യുദ്ധം ചെയ്യുന്നു. നിരന്തരമായി തള്ളിപ്പോകുന്ന ജാമ്യാപേക്ഷകളും നീതി നിഷേധത്തിന്‍റെ വിങ്ങുന്ന കഥകളും പേറി, അധഃപതനത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന ജനാധിപത്യത്തിന്‍റെ നേര്‍സാക്ഷ്യമാവുകയാണ് ആ മനുഷ്യര്‍. ഇതിലൊരാളാണ് തെലുങ്ക് കവിയും ആക്ടിവിസ്റ്റുമായ 81കാരന്‍ വരവര റാവു.

യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ടുവർഷത്തോളം ജാമ്യം പോലും ലഭിക്കാതെ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍, ജീവിതത്തിന്‍റെ സായാഹ്നകാലം നല്‍കിയ എല്ലാവിധ ആരോഗ്യ പ്രശ്നങ്ങളെയും അതിജീവിക്കുകയായിരുന്നു വരവര റാവു. മറവി രോഗമടക്കം വിവിധങ്ങളായ പ്രതിസന്ധികള്‍ക്കൊപ്പം കോവിഡിനെക്കൂടി നേരിടേണ്ടി വന്ന ആ വയോധികന്‍റെ വിടുതലിനായി, കുടുംബം പലതവണ അപേക്ഷിച്ചു. പക്ഷെ, ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും നിര്‍ദാക്ഷിണ്യം ഹനിച്ചുകൊണ്ട് കോടതിവിധികള്‍ ആവര്‍ത്തിച്ചു. നീണ്ട നാളത്തെ പരിശ്രമത്തിനൊടുവില്‍ ദിനംപ്രതി വഷളാകുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വരവര റാവുവിന് ആറുമാസക്കാലത്തെ ജാമ്യം അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍ ബോംബെ ഹൈക്കോടതി.

ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളിൽ ചില മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ അവസ്ഥയിൽ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. ആറുമാസത്തിന് ശേഷം ജാമ്യം നീട്ടിക്കിട്ടാൻ അപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു. ജാമ്യ കാലയളവില്‍ എന്‍ഐഎ കോടതിയുടെ പരിധിയില്‍ മുംബൈയില്‍ തന്നെ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വരവര റാവുവിന് ജയിലിൽ ചികിത്സയും യഥാസമയമുള്ള പരിചരണവുമൊക്കെ നിഷേധിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഫോണില്‍ സംസാരിച്ചപ്പോള്‍ വേണ്ടത്ര ബോധമില്ലാതെ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നും കുടുംബം ആരോപിച്ചു. അദ്ദേഹത്തിന്‍റെ പരിതസ്ഥിതി സംബന്ധിച്ച് സഹ തടവുകാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതായും അവര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വരവര റാവുവിനെ ആദ്യം സർക്കാർ ആശുപത്രിയായ ജെജെ ഹോസ്പിറ്റലിലേക്കും പിന്നീട് നാനാവതിയിലേക്കും മാറ്റിയത്. യുഎപിഎ ചുമത്തി രണ്ടുവർഷമായി ജാമ്യം പോലും നല്‍കാതെ തടവിലിടാൻ മാത്രം എന്താണ് വരവരറാവു എന്ന ഈ വൃദ്ധകവി ചെയ്ത കുറ്റം?

പോരാട്ടമുഖത്തെ പ്രിയ കവി

വരവര റാവു
വരവര റാവു

തെലുഗു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമാണ് വിവി എന്നറിയപ്പെടുന്ന വെണ്ട്യാല വരവര റാവു. സമകാലീന ഭാരതീയ വിപ്ലവ കവിതകളില്‍ പ്രശസ്തമായ വരികളുടെ കര്‍ത്താവ്. 1940 ൽ വാറങ്കലിലെ ഒരു മധ്യവർഗ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച റാവു തന്‍റെ പതിനേഴാം വയസ്സുമുതൽ തന്നെ കവിതകൾ എഴുതി പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയിരുന്നു. പതിനഞ്ചോളം കവിതാ സമാഹാരങ്ങൾ അദ്ദേഹത്തിന്‍റേതായി അച്ചടിക്കപ്പെട്ടിട്ടുണ്ട്.

ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് തെലുഗു സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് റാവു ഹൈദരാബാദിലേക്ക് ചേക്കേറിയത്. അവിടെ ഒരു സ്വകാര്യ കോളേജിൽ അധ്യാപകനായിട്ടായിരുന്നു തുടക്കം. ഡല്‍ഹിയില്‍ വാർത്താവിതരണമന്ത്രാലയത്തിന്‍റെ കീഴിൽ ഗുമസ്തനായി കുറേക്കാലം ജോലിചെയ്ത അദ്ദേഹം ജാഡ്ചെർള, വാറങ്കൽ തുടങ്ങി പലയിടത്തുമായി അദ്ധ്യാപനം തുടര്‍ന്നിരുന്നു.

വരവര റാവുവിന്‍റെ കവിതകളിലും മറ്റു സാഹിത്യരചനകളിലും മാർക്സിയൻ സ്വാധീനം വന്‍തോതില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. 1983ല്‍ റാവു പ്രസിദ്ധപ്പെടുത്തിയ "തെലങ്കാന സ്വാതന്ത്ര്യ സമരവും തെലുഗു നോവലും- സമൂഹവും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചൊരു പഠനം (Telangana Liberation Struggle and Telugu Novel – A Study into Interconnection between Society and Literature) എന്ന തീസീസ് തെലുഗുവിലെ ഏറ്റവും മികച്ച മാർക്സിയൻ പഠനങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

പല സായുധ രാഷ്ട്രീയ സമരങ്ങളോടും അനുഭാവം പ്രകടിപ്പിച്ച വ്യക്തിയാണ് വരവര റാവു. തുടക്കം മുതൽ തന്നെ ബൂർഷ്വാ ഗവണ്മെന്‍റുകളോട് എതിർപ്പുണ്ടായിരുന്ന റാവു, രാജ്യമൊട്ടുക്കും സഞ്ചരിച്ച് കർഷകരെ സർക്കാരുകൾക്കെതിരായ പോരാട്ടമുഖങ്ങളിൽ ഒന്നിപ്പിക്കാൻ ശ്രമിച്ചിരുന്നു. കൃഷിചെയ്യുന്ന ഭൂമിക്കുമേൽ അവകാശമുന്നയിച്ചുകൊണ്ട് ആന്ധ്രയിലെ കർഷകർ 1967-1970 കാലഘട്ടത്തില്‍ നടത്തിയ ശ്രീകാകുളം സായുധ കർഷകസമരം, 1969 ൽ ആരംഭിച്ച തെലങ്കാന സമരം എന്നിവയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച റാവു സമരമുഖത്തും സജീവമായിരുന്നു. ഇക്കാലത്താണ് വാറങ്കലിൽ, വരവര റാവുവും സഖാക്കളും ചേർന്ന് തിരുഗുബാട്ടു കാവുലു എന്ന വിപ്ലവ കവികളുടെ സംഘടനയ്ക്ക് രൂപം നല്‍കിയത്.

1970ൽ വിപ്ലവ രചയിതാല സംഘം അഥവാ റെവല്യൂഷനറി റൈറ്റേഴ്‌സ് അസോസിയേഷനിൽ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു റാവു. ശ്രീകാകുളം പോരാട്ടത്തെ സഹായിക്കുന്ന തരത്തിൽ വളരെ പ്രകോപനപരമായ പല ലഘുലേഖകളും ഈ സംഘടന അന്ന് പുറത്തിറക്കി. എന്നാല്‍, 'വിരസം' എന്നറിയപ്പെട്ടിരുന്ന ഈ ജനപ്രിയ സംഘത്തെ പിൽക്കാലത്ത് ആന്ധ്രാ സർക്കാർ നിരോധിച്ചു. തന്‍റെ സുഹൃത്തുമായി ചേര്‍ന്ന് 'സാഹിത്രീ മിത്രാലു'(സാഹിത്യസൗഹൃദസംഘം) എന്ന സംഘടനയ്ക്കും 'ശ്രുജന' എന്നൊരു മാസികയ്ക്കും റാവു അക്കാലത്ത് തുടക്കം കുറിച്ചിരുന്നു. ശ്രുജനയുടെ ബാനറിൽ റാവു മാവോയിസം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നൊരു ആക്ഷേപവും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ട്.

റാവു ആദ്യമായി അറസ്റ്റിലാകുന്നത് 1973 ലാണ്. കുപ്രസിദ്ധമായ മിസ (Maintenance of Internal Security Act) എന്ന കരിനിയമം ചുമത്തിയാണ് അന്ന് ആന്ധ്രാ സർക്കാർ റാവുവിനെ അറസ്റ്റു ചെയ്തത്. മാവോയിസ്റ്റ് സാഹിത്യം അച്ചടിച്ച് പ്രചരിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുളള കുറ്റം. പിന്നീട് ഹൈക്കോടതി ഉത്തരവിനു പുറത്താണ് അദ്ദേഹത്തെ വിട്ടയച്ചത്. 1975ല്‍ അടിയന്തരാവസ്ഥ കാലത്ത് ഇതേ നിയമത്തിനു കീഴില്‍ അദ്ദേഹം വീണ്ടും കുറ്റാരോപിതനായെങ്കിലും പിന്നീട് മോചിതനായി.

ആന്ധ്ര പൊലീസിലെ കോൺസ്റ്റബിൾ സാംബയ്യയെയും, ഇൻസ്‌പെക്ടർ യാദാഗിരി റെഡ്ഢിയെയും കൊല്ലാൻ വേണ്ടി മാവോയിസ്റ്റുകൾ നടത്തിയ ഗൂഢാലോചനാ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു എന്ന പൊലീസ് ആക്ഷേപവും റാവുവിനെതിരെ ഉണ്ടായിരുന്നു. 2005ൽ ആന്ധ്രയിലെ നക്സലൈറ്റ് സംഘടനയായ പീപ്പിൾസ് വാർ ഗ്രൂപ്പും(PWG) ആഭ്യന്തര വകുപ്പും തമ്മിൽ സമാധാനചർച്ചകൾ ഉണ്ടായപ്പോൾ PWG യെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തത് വരവര റാവു ആയിരുന്നു. 2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനു ശേഷം നാലു തവണയെങ്കിലും റാവു അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

തടവറയില്‍ കഴിയുമ്പോഴും ആവേശോജ്ജ്വലമായ വിപ്ലവ കാവ്യങ്ങളും ആശയങ്ങളും അദ്ദേഹം പകര്‍ത്തി. തടവുകാലത്ത് എഴുതിയതാണ് 'സഹചാരുലു' എന്ന പ്രിസൺ ഡയറി. ഇത് പിന്നീട് 'Captive Imagination' എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകൃതമായിരുന്നു. കെനിയൻ എഴുത്തുകാരൻ എൻഗുഗി വാ തിയോങ്കോയുടെ 'ഡീറ്റെയിൻഡ്' എന്ന ജയിൽ കുറിപ്പുകളും 'ഡെവിൾ ഓൺ ദ ക്രോസ്സ്' എന്ന നോവലും തെലുഗുവിലേക്ക് മൊഴിമാറ്റിയതും തടവുകാലത്താണ്.

2018ൽ ഹൈദരാബാദിലെ സ്വന്തം വസതിയിൽ നിന്നാണ് പൂനെ പൊലീസ് വരവര റാവുവിനെ അറസ്റ്റ് ചെയ്യുന്നത്. 2017 ഡിസംബർ 31ന് രാജ്യത്തെ വിവിധ ദളിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഭീമാ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷദ് സമ്മേളനത്തില്‍ റാവു നടത്തിയ പ്രസംഗം ഭീമാ കോറേഗാവ് അക്രമത്തിനു പ്രകോപനമായി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ഐപിസി സെക്ഷന്‍ 153 എ, 505 എന്നീ വകുപ്പുകളും യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകളുമായിരുന്നു വരവര റാവു ഉള്‍പ്പെടെ ഈ കേസില്‍ അറസ്റ്റിലായ പ്രമുഖര്‍ക്കെതിരെ ചുമത്തിയത്.

സാമൂഹ്യ പ്രവര്‍ത്തകരായ സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റാവുത്ത്, സുധീര്‍ ധവാലെ, മലയാളി കൂടിയായ റോണ വില്‍സന്‍ എന്നിവരെയായിരുന്നു പൂനെ പൊലീസ് ആദ്യ ഘട്ടത്തില്‍ അറസ്റ്റ് ചെയ്തത്. വരവര റാവു ഉള്‍പ്പെടെ സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗൊണ്‍സാല്‍വസ്, ഗൗതം നാവ്‌ലഖ തുടങ്ങി അക്കാദമിക് രംഗത്തെയും സാമൂഹിക മേഖലയിലെയും പ്രമുഖര്‍ വൈകാതെ തന്നെ അറസ്റ്റിലാവുകയായിരുന്നു. ആശയങ്ങളോടാണ് അധികാരകേന്ദ്രങ്ങളുടെ നിഴല്‍യുദ്ധമെന്ന ആരോപണങ്ങള്‍ ശക്തമാക്കുകയായിരുന്നു ഈ അറസ്റ്റിലൂടെ ഭരണകൂടം ചെയ്തത്.

കുറ്റാരോപിതര്‍ എന്നല്ല 'അര്‍ബന്‍ നക്‌സലുകള്‍' എന്നാണ് അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരെ പൊലീസും ഭരണകൂടവും വിശേഷിപ്പിച്ചത്. ഈ പദം ആദ്യമായി അവതരിപ്പിച്ചത് സിനിമ നിര്‍മ്മാതാവും സംവിധായകനുമായ വിവേക് അഗ്നിഹോത്രിയായിരുന്നു. ആര്‍എസ്എസ് അനുകൂല മാസികയായ സ്വരാജിലെഴുതിയ ലേഖനത്തിലായിരുന്നു പരാമര്‍ശം. ആളുകളെ സ്വാധീനിക്കാന്‍ കഴിവുള്ളവരായ ആക്ടിവിസ്റ്റുകളും നഗരങ്ങളില്‍ താമസിക്കുന്നവരുമായ ബുദ്ധിജീവികള്‍ എന്നായിരുന്നു അര്‍ബന്‍ നക്‌സലുകള്‍ക്ക് നല്‍കിയ നിര്‍വ്വചനം.

അര്‍ബന്‍ നക്‌സലുകളെ അര്‍ധമാവോയിസ്റ്റുകളെന്നായിരുന്നു കേന്ദ്രമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. ക്രമേണ ദേശദ്രോഹികള്‍ എന്നതിന് പര്യായമായും അര്‍ബന്‍ നക്‌സലുകള്‍ എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയിരുന്നു. സമീപകാലത്ത്, പുരോഗമനപരവും സ്വതന്ത്രവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും അധികാരകേന്ദ്രങ്ങള്‍ക്കെതിരായ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെയും ആന്ദോളന്‍ ജീവിയെന്ന പുതിയ പദത്തിനു കീഴിലാണ് നിര്‍വ്വചിക്കുന്നത്. ഈ സംഭവവികാസം അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ആശങ്കാജനകമാവുകയാണ് സ്ഥിതിഗതികളെന്നതിന്‍റെ സൂചനയാണ്.

ഭീമാ കൊറേഗാവ്; ആശയങ്ങള്‍ ഭയന്നുള്ള ആസൂത്രണം

ഭീമാ കൊറേഗാവിലെ യുദ്ധസ്മാരകം
ഭീമാ കൊറേഗാവിലെ യുദ്ധസ്മാരകം

രണ്ട് നൂറ്റാണ്ടു മുമ്പ് ചിത്പവന്‍ ബ്രാഹ്മണരായ പേഷ്വ രാജവംശത്തെ ബ്രിട്ടീഷ് സൈനികര്‍ക്കൊപ്പം ചേര്‍ന്ന് മഹര്‍ പടയാളികള്‍ പരാജയപ്പെടുത്തിയ യുദ്ധഭൂമിയാണ് പൂനെയിലെ ഭീമാ കൊറേഗാവ്. സവര്‍ണ മേല്‍ക്കോയ്മയെ ദളിതുകള്‍ പരാജയപ്പെടുത്തിയതിന്‍റെ പ്രതീകമായാണ് രാജ്യത്തെ ദളിത് വിഭാഗങ്ങള്‍ ഈ ഭൂമിയെ കാണുന്നത്. മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതര്‍ നേടിയ വിജയത്തിന്‍റെ 200-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് 2017 ഡിസംബര്‍ 31ന് ഭീമാ കൊറേഗാവില്‍ രാജ്യത്തെ വിവിധ ദളിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ എല്‍ഗാര്‍ പരിഷദ് എന്ന സമ്മേളനം നടന്നത്.

സമ്മേളനം പൂര്‍ത്തിയായതിന് ശേഷം ശിവ് പ്രതിഷ്ഠസ്ഥാന്‍ ഹിന്ദുസ്ഥാന്‍, സമസ്ത ഹിന്ദു അഗാഡി എന്നീ സംഘപരിവാര്‍ അനുകൂല സംഘടനകളുടെ പ്രവര്‍ത്തകര്‍ അവിടെയെത്തി സംഘര്‍ഷമുണ്ടാക്കിയതോടെയാണ് സംഭവം വഷളാകുന്നത്. സാംബാജി ഭിഡെ, മിലിന്ദ് എക്‌ബോതെ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാപം കത്തിപ്പടരുകയായിരുന്നു. സമ്മേളനത്തിനെത്തിയ ദളിത് പ്രവര്‍ത്തകര്‍, ഹിന്ദുത്വ വാദികളുടെ ആക്രമണത്തെ ചെറുത്തതിനു പിന്നാലെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇതിന് ശേഷം മഹാരാഷ്ട്രയില്‍ പലയിടത്തും ദളിത് സംഘടനകളുടെ പ്രതിഷേധം അരങ്ങേറി. ഇതിനെ ചെറുക്കാന്‍ സംഘപരിവാര്‍ അനുകൂലികളെത്തിയതോടെ പ്രശ്നം മറ്റൊരു തലത്തിലേക്ക് പോയി.

ഭീമാ കൊറേഗാവ് സംഭവത്തിന്‍റെ പേരില്‍ പൂനെ പൊലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍, സാംബാജി ഭിഡെയ്ക്കും മിലിന്ദ് എക്‌ബോതെയ്ക്കുമൊക്കെ എതിരെയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം കാര്യങ്ങള്‍ മാറിമറിഞ്ഞു. എല്‍ഗാര്‍ പരിഷദ് സംഘടിപ്പിച്ചവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രമുഖര്‍ക്കുമെതിരെ കലാപം സൃഷ്ടിച്ചതിന് കേസെടുത്തു. അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിന്‍റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു രണ്ടാമത്തെ എഫ്ഐആറും മാസങ്ങള്‍ക്ക് ശേഷം ആരംഭിച്ച വ്യാപകമായ അറസ്റ്റുകളും നടന്നത്.

ഭീകര സംഘടനയായി ഭരണകൂടം പ്രഖ്യാപിച്ച സിപിഐ (മാവോയിസ്റ്റ്) ആണ് പരിഷദ് സംഘടിപ്പിച്ചതെന്നായിരുന്നു പൂനെ പൊലീസിന്റെ കണ്ടെത്തല്‍. ഇത് സംഘാടകര്‍ നിഷേധിച്ചുവെങ്കിലും ബിജെപിയോ അവര്‍ നിയന്ത്രിക്കുന്ന പൊലീസോ മുഖവിലക്കെടുത്തില്ല. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്ത ലാപ്‌ടോപ്പുകള്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സംഘാടകരുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുന്നതിന് തെളിവുണ്ടെന്നായിരുന്നു പൊലീസ് വാദം.

മലയാളിയായ റോണ വില്‍സന്‍റെ ലാപ്‌ടോപ്പില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടതായി തെളിവ് ലഭിച്ചെന്നും ഇതോടൊപ്പം ആരോപിക്കപ്പെട്ടു. ഇതിനു പിന്നാലെ റോണ ഉള്‍പ്പെടെ സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റാവുത്ത്, സുധീര്‍ ധവാലെ, എന്നിവര്‍ അറസ്റ്റിലായി. വൈകാതെ സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗൊണ്‍സാല്‍വസ്, വരവര റാവു, ഗൗതം നാവ്‌ലഖ എന്നിവരും അറസ്റ്റിലായി.

റോണ വില്‍സണ്‍
റോണ വില്‍സണ്‍

2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഫഡ്നാവിസ് സർക്കാർ പുറത്താവുകയും ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നുള്ള മഹാ വികാസ് അഘാഡി സർക്കാർ അധികാരം പിടിക്കുകയും ചെയ്തപ്പോള്‍ സംസ്ഥാന സർക്കാരിനോടു പോലും ആലോചിക്കാതെ കേന്ദ്രം കേസ് എൻഐഎയ്ക്കു കൈമാറുകയായിരുന്നു. കേസ് എൻഐഎ രായ്ക്കുരാമാനം 'റാഞ്ചിയത്' പല സംശയങ്ങൾക്കും ആരോപണങ്ങൾക്കും വഴിതുറന്നെങ്കിലും മഹാരാഷ്ട്ര അക്കാര്യത്തിൽ പിന്നീട് കേന്ദ്രവുമായി ഏറ്റുമുട്ടലിനു പോയില്ല. കേസില്‍ കൂടുതല്‍ തെളിവെടുപ്പുകളും അറസ്റ്റുകളും പിന്നെയും നടന്നു.

അതേസമയം, അമേരിക്കയിലെ ഒരു ഡിജിറ്റല്‍ ഫോറന്‍സിക് ഏജന്‍സി അന്ന് പൂനെ പൊലീസ് സ്ഥിരീകരിച്ച തെളിവുകളുടെ ആധികാരികത വെളിപ്പെടുത്തി രംഗത്തെത്തിയത് ഈ കേസിലെ സുപ്രധാന വഴിത്തിരിവാവുകയായിരുന്നു. അമേരിക്കന്‍ ഫോറന്‍സിക് ലാബായ ആഴ്‌സണല്‍ കൺസൽട്ടിങ്ങിന്‍റെ കണ്ടെത്തലില്‍ റോണ വില്‍സണിന്‍റെ ലാപ്ടോപ്പിലുണ്ടായിരുന്ന ഡിജിറ്റല്‍ തെളിവുകള്‍ വൈറസുകളെ ഉപയോഗിച്ച് നിക്ഷേപിച്ചതാണെന്നാണ് തെളിഞ്ഞത്. 2016ല്‍ തന്നെ റോണ വില്‍സന്‍റെ കമ്പ്യൂട്ടറിലേക്ക് വൈറസിനെ കടത്തിവിട്ടിരുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നതിന് തെളിവായി പൊലീസ് ഹാജരാക്കുന്ന രേഖ, റെയ്ഡ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് റോണ വില്‍സന്‍റെ കമ്പ്യൂട്ടറില്‍ നിക്ഷേപിച്ചത് എന്നും ആഴ്‌സണല്‍ വ്യക്തമാക്കിയിരുന്നു.

വരവര റാവുവിന്‍റെ ഇ- മെയില്‍ അഡ്രസ്സില്‍ നിന്ന് റോണ വില്‍സന്‍റെ മെയിലിലേക്ക് അയച്ച ഒരു സന്ദേശം വഴിയാണ് ലാപ്‌ടോപ്പിലേക്ക് വൈറസിനെ കടത്തിയതെന്നാണ് കണ്ടെത്തല്‍. വരവര റാവുവിന്‍റെ ഇ മെയില്‍ അക്കൗണ്ട് ആദ്യമേ തന്നെ ഹാക്ക് ചെയ്തിരുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതായത് എല്‍ഗാര്‍ പരിഷദ് സംഘടിപ്പിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ, മനുഷ്യാവകാശ പ്രവര്‍ത്തകരെ കുടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു എന്നു സാരം. ഇരകളുടെ സ്വാകാര്യതയിലേക്ക് കടന്നു കയറി വ്യക്തവും കൃത്യവുമായ ആസൂത്രണമാണ് ഇതിനു പിന്നില്‍ നടന്നത് എന്നതിലേക്കാണ് നിര്‍ണ്ണായകമായ ഈ കണ്ടെത്തല്‍ വില്‍ചൂണ്ടുന്നത്.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അറസ്റ്റിലായവരുടെ ആശയങ്ങളെയും പ്രവൃത്തികളെയും ആരാണ് ഭയപ്പെടുന്നത് എന്ന കാര്യം പകല്‍പോലെ തെളിഞ്ഞു നില്‍ക്കുന്നതാണ്. പക്ഷെ ഇന്ത്യയുടെ കാര്യത്തില്‍ അമേരിക്കയെന്നല്ല വേറൊരു രാജ്യവും ഇടപെടരുതെന്ന കാര്‍ക്കശ്യം സമീപകാലത്ത് സജീവമായതിനാല്‍ അമേരിക്കന്‍ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ ഏത് തരത്തില്‍ വന്നുഭവിക്കുമെന്നത് കാത്തിരുന്ന് കാണണം. അപ്രഖ്യാപിതമായ ചില രാഷ്ട്രീയ അജണ്ടകള്‍ക്ക് നിയമസംവിധാനങ്ങളും വിധേയപ്പെടുന്നതാണ് സമകാലീന ഇന്ത്യയുടെ ശാപം. ഇത്തരം അനിഷ്ട സംഭവങ്ങള്‍ കാരണമാണ് വരവര റാവുവിനെപോലുള്ളവര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ വിദൂരമായതും ജനാധിപത്യം നാടു നീങ്ങിയതും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com