ദുരിതങ്ങള്‍ക്കുമേല്‍ ദുരിതമാകുന്ന വൈകല്യം

എസ്എസ്എ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടാന്‍ നിരവധി കടമ്പകളാണ് അമേരിക്കന്‍ പൗരന്മാര്‍ കടന്നുപോകുന്നത്.
ദുരിതങ്ങള്‍ക്കുമേല്‍ ദുരിതമാകുന്ന വൈകല്യം

വൈകല്യമുള്ളവര്‍ വയോധികര്‍ അപകടത്തില്‍പ്പെട്ടവര്‍ തുടങ്ങി നിരാലംബരായ ജനവിഭാഗത്തിന് കൈത്താങ്ങാകുന്ന ജനപ്രിയമായ സാമൂഹ്യ സുരക്ഷ സംവിധാനമാണ് അമേരിക്കന്‍ ഫെഡറല്‍ സിസ്റ്റം മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാകാനും വൈകല്യം തെളിയിക്കാനും 64 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ കടന്നു പോകേണ്ടത് നിരവധി പരീക്ഷണഘട്ടങ്ങളാണ്. വൈകല്യങ്ങളെയും അപകടങ്ങളെയും അതിജീവിക്കുന്നവര്‍ക്കും ദുര്‍ബ്ബലരായ വന്ധ്യ വയോധികര്‍ക്കും ദുരിതങ്ങള്‍ക്ക് മേല്‍ ദുരിതം വിതയ്ക്കുകയാണ് ചില കാര്യ ക്രമങ്ങള്‍. അമേരിക്ക പോലെ വികസിത രാഷ്ട്രങ്ങളിലും നിരാലംബരായ ഒരു വിഭാഗം അവകാശങ്ങള്‍ക്ക് വേണ്ടി ഓഫീസുകളും കോടതികളും കയറിയിറങ്ങേണ്ട അവസ്ഥ തീര്‍ത്തും ആശങ്കാജനകമാണ്.

എസ്എസ്എ (സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍) യുടെ നിയന്ത്രണത്തിലാണ് അമേരിക്കയില്‍ വൈകല്യമുള്ള പൗരന്മാര്‍ക്ക് സഹായകമാകുന്ന ഇന്‍ഷൂറന്‍സ് പദ്ധതികളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പലരുടെയും വൈകല്യം അംഗീകരിക്കപ്പെടുന്നതും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതും. ന്യായങ്ങള്‍ നിരത്തി നിരന്തരമായി അപേക്ഷകള്‍ നിരസിക്കുന്ന അവസ്ഥയുമുണ്ട്. തങ്ങള്‍ക്ക് വേണ്ടിയുള്ള സാമൂഹ്യ സുരക്ഷാ സംവിധാനത്തിലെ കടുപ്പമുള്ള ചട്ടങ്ങള്‍ ദുര്‍ബ്ബലരായ ഒരു കൂട്ടം മനുഷ്യര്‍ക്ക് ഇരട്ടപ്രഹരമാകുന്നു എന്ന് സാരം.

നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്‍റ് സ്ഥാനം കയ്യടക്കിയാല്‍ ഈ ദുരിതങ്ങള്‍ കൂടുതല്‍ കഠിനമനാകുമെന്നാണ് ഭൂരിപക്ഷ നിലപാട്. മെഡി‌കെയറിൽ നിന്ന് 505 ബില്യൺ ഡോളറും എസ്എസ്ഡിഐ (സോഷ്യല്‍ സെക്യൂരിറ്റി ഡിസബിലിറ്റി ഇന്‍ഷൂറന്‍സ്) , എസ്എസ്ഐ (സപ്ലിമെന്‍ററി സെക്യൂരിറ്റി ഇന്‍കം) എന്നിവയില്‍ നിന്ന് 35 ബില്യൺ ഡോളറും വെട്ടിക്കുറയ്ക്കാനുള്ള ട്രംപിന്‍റെ തീരുമാനം തന്നെയാണ് ഈ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്നത്. കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ശമ്പള നികുതി വെട്ടിച്ചുരുക്കാനുള്ള തീരുമാനവും സാമൂഹിക സുരക്ഷയ്ക്കുള്ള ഫണ്ടിംഗ് പ്രവാഹത്തെ അവതാളത്തിലാക്കും. ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ സാമൂഹ്യ സുരക്ഷ ഫണ്ടിംഗ് വെട്ടിച്ചുരുക്കില്ലെന്ന നിലപാടാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ സമ്മതിദാനാവാശം രേഖപ്പെടുത്തുന്ന അമേരിക്കന്‍ ജനത സാമൂഹ്യ സുരക്ഷ സംബന്ധിയായ കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കുമെന്നതില്‍ സംശയമില്ല. ഇത് ട്രംപിന് ദോഷം ചെയ്യുമെന്നതും വ്യക്തം.

2020 ഓഗസ്ത് മാസത്തോടു കൂടി സാമൂഹ്യ സുരക്ഷ നിയമം നിലവില്‍ വന്നിട്ട് 85 വര്‍ഷം തികയുകയാണ്. 1935ലാണ് അന്നത്തെ പ്രസിഡന്‍റായിരുന്ന ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് പ്രസതുത നിയമത്തില്‍ ഒപ്പുവയ്ക്കുന്നത്. തുടക്കത്തില്‍ ആരോഗ്യ-മനുഷ്യ സേവന വകുപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന എസ്എസ്എ 1994 മുതലാണ് പൂർണ്ണമായും സ്വതന്ത്ര ഏജൻസിയായി പ്രവർത്തനമാരംഭിക്കുന്നത്. യുഎസ്എ സ്പെന്‍ഡിങ് എന്ന വെബ്സൈറ്റ് പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം 280.9 ബില്യൺ ഡോളറാണ് സോഷ്യല്‍ സെക്യൂരിറ്റി പ്രോഗ്രാമുകളുടെ വാര്‍ഷിക ചിലവ്. ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് പൗരന്മാരുടെ യോഗ്യത നിർണ്ണയിക്കലും മെഡി‌കെയർ പ്രോഗ്രാമിനായുള്ള പ്രീമിയം പേയ്‌മെന്റുകളും ഉൾപ്പെടെ നിരവധി സേവനങ്ങൾ എസ്എസ്എ പ്രദാനം ചെയ്യുന്നുണ്ട്.

എന്നാല്‍ ഇവയുടെ ഭാഗമാകുകയെന്നത് അത്ര എളുപ്പമല്ലെന്നു മാത്രമല്ല, കടമ്പകള്‍ അനവധി കടന്നു പോവുകയും വേണം. യുഎസ് പൗരന്മാരില്‍ നാലിലൊരാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടെന്നാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ (സിഡിസി) നിഗമനം. ചെറുപ്പക്കാരില്‍ ബുദ്ധിമാന്ദ്യം പോലുള്ള വൈകല്യങ്ങളും, പ്രായമായവരിലാണെങ്കില്‍ ശാരീരിക വൈകല്യങ്ങളും കൂടുതലായി കണ്ടുവരുന്നു. അപകടത്തെ അതീജിവിക്കുന്നവരും അദ്ധ്വാനിച്ച് ജീവിനോപാദികള്‍ കണ്ടെത്താനാകാത്തവരും ആകെ ജനസംഖ്യയുടെ വലിയൊരു ശതമാനം ഉള്‍ക്കൊള്ളുന്നു. സര്‍ക്കാര്‍ സേവനങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ലാത്തവരാണിവര്‍.

സാമൂഹ്യ സുരക്ഷ ഇന്‍ഷൂറന്‍സ് ലഭിക്കുന്നതിന്‍റെ ആദ്യപടി പ്രസ്തുത വ്യക്തിയുടെ വൈകല്യം തെളിയിക്കുക എന്നതാണ്. അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെ ഡോക്ടര്‍മാര്‍ മുഖേന നിരവധി അവലോകനത്തിനും വിലയിരുത്തലുകള്‍ക്കും ശേഷമാണ് ആനുകൂല്യങ്ങള്‍ക്ക് യോഗ്യമാണെന്ന നിഗമനത്തിലെത്തുന്നത്.

എസ്എസ്എയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടാന്‍ താന്‍ കടന്നു പോയ ദുരിത പൂര്‍ണ്ണമായ ഘട്ടങ്ങളെക്കുറിച്ച് ബ്രൂക്ക് നിസ്ലി എന്ന അമേരിക്കന്‍ യുവതി അല്‍ജസീറയ്ക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2015ല്‍ 7.6 മീറ്റര്‍ ഉയരമുള്ള റെഡ് വുഡ് മരത്തില്‍ നിന്ന് താഴെവീണ് ശരീരം തളര്‍ന്നു പോയ വ്യക്തിയാണ് ബ്രൂക്ക് നിസ്ലി. അഞ്ചുവര്‍ഷത്തിനിപ്പുറം ചലനസംബന്ധമായും, ഓര്‍മ്മ സംബന്ധമായും സാരമായ അസുഖങ്ങള്‍ അവര്‍ അനുഭവിക്കുന്നുണ്ട്. എസ്എസ്ഡിഐയ്ക്ക് വേണ്ടി അപേക്ഷിച്ചതിനു പിന്നാലെ പ്രാരംഭ വിലയിരുത്തലിന്‍റെ ഭാഗമായി ഒരു ന്യൂറോസൈക്കോളജിസ്റ്റിനെ സമീപിച്ച സംഭവം നിസ്ലി പങ്കുവയ്ക്കുന്നു. മുഴുവന്‍ സമയ റിയല്‍ എസ്റ്റേറ്റ് ഏജന്‍റായ ആ ന്യൂറോസൈക്കോളജിസ്റ്റ് അയാളുടെ ഇടുങ്ങിയ ഓഫീസ് മുറിയില്‍ വച്ചാണ് തന്നെ പരിശോധിച്ചതെന്നും ഒരു ബിസിനസ് പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഓഫീസിന് സമീപത്തെങ്ങും മെഡിക്കല്‍ സൗകര്യങ്ങളുണ്ടായിരുന്നില്ലെന്നും നിസ്ലി വ്യക്തമാക്കുന്നു. വൈകല്യം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് അവസാന തീയതിക്ക് ശേഷം കയ്യില്‍ കിട്ടിയതും തലച്ചോറിലേറ്റ ക്ഷതം കാരണം ചലനശേഷി നഷ്ടപ്പെട്ട ഒരു വ്യക്തിയോട് സ്വന്തം രേഖകള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെടുന്നതിലെ വിരോധാഭാസവും ബ്രൂക്ക് നിസ്ലി ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനു വേണ്ടി ഏത് സമയം വേണമെങ്കിലും എസ്എസ്എ അധികൃതര്‍ അപേക്ഷകനെ വിളിക്കാം. അപ്പോഴൊക്കെ അവര്‍ക്ക് ആവശ്യമുള്ള രേഖകള്‍ നല്‍കാന്‍ തയ്യാറായിരിക്കണം. ഓഫീസില്‍ ഹാജരാകാന്‍ ഒന്നോ രണ്ടോ ദിവസത്തെ സമയ പരിധി മാത്രമാണ് നല്‍കുന്നത്. വൈകല്യമുള്ളവര്‍ക്കും, യാത്ര ചെയ്യാന്‍ സാധിക്കാത്ത വിധം അപകടത്തില്‍ പെട്ടവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും അവര്‍ നിര്‍ദ്ദേശിക്കുന്നതു പോലെ പെട്ടെന്നൊരു യാത്രയ്ക്കൊരുങ്ങാന്‍ സാധിച്ചെന്നു വരില്ല.

ഇന്‍ഷൂറന്‍സിന് വേണ്ടിയുള്ള അപ്പീല്‍ ഹിയറിംഗ് മറ്റ് സ്റ്റേറ്റുകളില്‍ വച്ച് നടക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. കെന്റക്കി സ്വദേശിയായ അമ്പത്തിനാലുകാരി ലോറൻ ട്രെയ്‌ലറിന്‍റെ അനുഭവമാണ് ഇവിടെ പ്രസക്തം. പാരാമെഡിക്കായിരുന്ന അവര്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടാണ് ട്രെയിലറിന്‍റെ തലച്ചോറില്‍ ക്ഷതമേല്‍ക്കുന്നത്. വൈകല്യം അംഗീകരിക്കുന്നതിനു വേണ്ടി 2016ലാണ് അവര്‍ എസ്എസ്എയില്‍ ആദ്യമായി അപേക്ഷിക്കുന്നത്. കെന്റക്കിയില്‍ നിന്ന് ഒഹിയോയിലേക്കാണ് അവര്‍ക്ക് അപ്പീല്‍ ഹിയറിങ്ങിന് വേണ്ടി യാത്ര ചെയ്യേണ്ടിവന്നത്. കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2019ലാണ് ട്രെയിലറിന്‍റെ വൈകല്യം അംഗീകരിക്കപ്പെടുന്നതും അവര്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹയാവുന്നതും.

എസ്എസ്ഡിഐ സ്വീകരിക്കുന്ന പലരും ജോലിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. എന്നാൽ ആനുകൂല്യങ്ങൾക്കൊപ്പം അവർക്ക് ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. വൈകല്യമുള്ളവരെ ജോലിയിലേക്ക് മടങ്ങിവരാൻ സഹായിക്കുന്ന "ടിക്കറ്റ് ടു വർക്ക്" എന്ന സംരംഭം എസ്എസ്എ അവതരിപ്പിച്ചിരുന്നെങ്കിലും അതൊന്നും പ്രായോഗികമായിരുന്നില്ല. സ്ഥിരമായ ജോലികൾ ചെയ്യാന്‍ സാധിക്കാത്ത വിധം വൈകല്യമുള്ളവര്‍ "ടിക്കറ്റ് ടു വർക്ക്" സേവനത്തിന് യോഗ്യരല്ലെന്നത് വലിയ വെല്ലവിളിയായിരുന്നു. എന്നാൽ അത്തരമൊരു പ്രോഗ്രാം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നവര്‍ക്ക് അത് സംബന്ധിച്ച അവബോധമോ മാര്‍ഗനിര്‍ദ്ദേശമോ അഡ്മിനിസ്ട്രേഷന്‍ നല്‍കുന്നില്ല.

പദവിയും പിടിപാടുകളും ഉപയോഗിക്കുക മാത്രമാണ് എസ്എസ്എയുടെ കാര്യക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഏകമാര്‍ഗം. അമേരിക്കയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഭരണ സംവിധാനങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇത്തരം ഇടപെടലുകള്‍ക്ക് വിധേയപ്പെടുന്നവ തന്നെയാണ്. നേരായ വഴി സ്വീകരിക്കുന്നവര്‍ കടന്നുപോകുന്ന ദുരിതങ്ങളുടെ പാഠങ്ങളാണ് അത്തരം പ്രവണതകള്‍ക്ക് പ്രോത്സാഹനമാകുന്നത്. സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങള്‍ക്കും അംഗീകാരത്തിനും വേണ്ടി വര്‍ഷങ്ങള്‍ പരിശ്രമിക്കുന്ന അമേരിക്കക്കാര്‍ തങ്ങളുടെ ദുരിതം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യ അജണ്ടയായി പരിഗണിക്കും. സ്വന്തം നിലനില്‍പ്പിനും സമാധാനത്തിനും വേണ്ടിയുള്ള മുറവിളികളായിരിക്കും അവ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com