നൊദീപ് കൗറിനെ ആര്‍ക്കാണ് പേടി?

കര്‍ഷക സമരത്തെ പിന്തുണച്ച ദളിത്- തൊഴിലാളി നേതാവ് ഒരു മാസത്തോളം പൊലീസ് കസ്റ്റഡിയില്‍
നൊദീപ് കൗറിനെ ആര്‍ക്കാണ് പേടി?

അടിയന്തരാവസ്ഥയെക്കാള്‍ ആശങ്കാജനകമാണ് ജനാധിപത്യ ഇന്ത്യയിലെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍. ഭിന്ന സ്വരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് കാരാഗ്രഹത്തിലടക്കുന്ന സ്ഥിതിവിശേഷം സര്‍വ്വസാധാരണമാവുകയാണിവിടെ. രാജ്യ തലസ്ഥാനത്ത് മാസങ്ങളോളം തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ സമരമുഖത്ത് നിന്ന് അറസ്റ്റിലായവരും രാജ്യദ്രോഹക്കുറ്റം വരെ ചുമത്തപ്പെട്ട് നിയമ നടപടികള്‍ നേരിടുന്നവരും ധാരാളം. ഇക്കൂട്ടത്തില്‍ ഒരാളാണ് നൊദീപ് കൗര്‍. പഞ്ചാബില്‍ നിന്നുള്ള ദളിത്- തൊഴിലാളി നേതാവ്. കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ 23കാരി.

ഇക്കഴിഞ്ഞ ജനുവരി 12 ന് സിംഘു അതിര്‍ത്തിയില്‍ നിന്നാണ് ഹരിയാന പൊലീസ് നൊദീപ് കൗറിനെ അറസ്റ്റ് ചെയ്തത്. 27 ദിവസത്തോളം ജയിലില്‍ കഴിയുന്ന നൊദീപിന് പലതവണയായി ജാമ്യം നിഷേധിക്കപ്പെട്ടു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് ലൈംഗികോപദ്രവമേറ്റതായുള്ള വാദങ്ങളും നിലനില്‍ക്കുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ മരുമകള്‍ മീന ഹാരിസിന്‍റെ ട്വീറ്റിലൂടെയാണ് നൊദീപ് കൗര്‍ എന്ന ദളിത് യുവതിയുടെ അറസ്റ്റ് ചര്‍ച്ചയാകുന്നത്. എന്തുകൊണ്ട് നൊദീപ് കൗര്‍ അതിനു മുമ്പ് വാര്‍ത്തകളില്‍ ഇടം നേടിയില്ല? വിമത ശബ്ദമുയരുന്നത് ദളിത് കണ്ഡങ്ങളില്‍ നിന്നാകുമ്പോള്‍ അധികാര കേന്ദ്രങ്ങള്‍ക്ക് അമര്‍ഷം ഇരട്ടിക്കുന്നുണ്ടോ? നൊദീപിനെ പേടിക്കുന്നതാരാണ്?

പഞ്ചാബില്‍ തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെടുന്ന മസാബി സിഖ് വിഭാഗക്കാരാണ് നൊദീപ് കൗറിന്‍റെ കുടുംബം. കോവിഡ് ഭീതിയില്‍ രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോയപ്പോള്‍ നിത്യവൃത്തിക്ക് കഷ്ടപ്പെട്ട അനേകം കുടുംബങ്ങളില്‍ ഒന്ന്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം തുടരാന്‍ സാധിക്കാതിരുന്ന നൊദീപ് തൊഴിലന്വേഷിച്ചാണ് ഡല്‍ഹിയിലെത്തുന്നത്. അങ്ങനെയാണ് കുണ്ട്ലിയിലെ എഫ്ഐഇഎം ഇൻഡസ്ട്രീസ് എന്ന ബൾബ് നിർമ്മാണ ഫാക്ടറിയിൽ ജോലിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ നാലു മാസക്കാലം നൊദീപ് ഈ ഫാക്ടറിയില്‍ ജോലിക്കാരിയായിരുന്നു.

ഫാക്ടറി ഉടമകളില്‍ നിന്ന് തൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങളാണ് കുണ്ട്‍ലി വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിൽ പ്രവര്‍ത്തിക്കുന്ന മസ്ദൂർ അധികാർ സംഗതൻ (MAS) എന്ന തൊഴിലാളി യൂണിയന്‍ ഭാരവാഹിത്വം സ്വീകരിക്കുന്നതിലേക്ക് നൊദീപിനെ നയിക്കുന്നത്. മുക്തറിലെ പഞ്ചാബ് ഖേത് യൂണിയൻ പ്രവര്‍ത്തകരായ മാതാപിതാക്കളില്‍ നിന്ന് തന്നെയാണ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും അവകാശ പോരാട്ടങ്ങള്‍ക്ക് മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാനും നൊദീപിന് പ്രചോദനം ലഭിച്ചത്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായ രാജ്‌വീർ കൗര്‍ എന്ന സഹോദരിയും ഒരു സഹോദരനുമുണ്ട് നൊദീപിന്. ഭഗത് സിംഗ് സ്റ്റുഡന്റ്സ് ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്‌വീറും സംഘടന പ്രവര്‍ത്തനത്തില്‍ ഒട്ടും പുറകിലല്ല.

കുണ്ട്ലിയില്‍ ഫാക്ടറി തൊഴിലാളികള്‍ കടുത്ത അവകാശ ലംഘനങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നും യാതൊരു മുന്നറിയിപ്പും കൂടാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ശബ്ദമുയര്‍ത്തിയയാളാണ് തന്‍റെ സഹോദരിയെന്നും രാജ്‌വീര്‍ പറയുന്നു. ഫാക്ടറി ഉടമകള്‍ക്കെതിരെ നൊദീപിന്‍റെ നേതൃത്വത്തില്‍ എംഎഎസ് പ്രതിഷേധിച്ചപ്പോള്‍ ഒരു മാസത്തിനകം 300 ഓളം തൊഴിലാളികള്‍ക്കാണ് ശമ്പളക്കുടിശ്ശിക ലഭിച്ചതെന്നും രാജ്‌വീര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്‍റെ കരിനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡിസംബര്‍ 2നായിരുന്നു എംഎഎസിന്‍റെ നേതൃത്വത്തില്‍ 2000ത്തോളം തൊഴിലാളികളെ സംഘടിപ്പിച്ച് ഡല്‍ഹിയിലുടനീളം പ്രതിഷേധ റാലി നടന്നത്. കർഷക തൊഴിലാളികളും ഫാക്ടറി ജീവനക്കാരും ഒരുപോലെയാണെന്ന തിരിച്ചറിവാണ് കർഷക സമരത്തിനു പിന്തുണയുമായി രംഗത്തെത്താൻ പ്രേരിപ്പിച്ചതെന്നു നൊദീപ് അന്ന് വ്യക്തമാക്കിയിരുന്നു. കര്‍ഷകരും തൊഴിലാളികളുമായുള്ള ഈ ഐക്യം അധികാര കേന്ദ്രങ്ങളെ ചൊടിപ്പിച്ചു. ഇതിനു പിന്നാലെയാണ് നൊദീപുള്‍പ്പെടെ നിരവധി തൊഴിലാളികള്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

ഡിസംബര്‍ 28ന് കുണ്ട്ലി ഇന്‍റസ്ട്രിയല്‍ അസോസിയേഷന്‍റെ(KIA) ക്വിക്ക് റെസ്പോണ്‍സ് ടീം(QRT) എംഎഎസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കു നേരെ അവര്‍ വെടിയുതിര്‍ത്തെന്നും എന്നാല്‍ ഈ കേസില്‍ ഇതുവരെ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും രാജ്‌വീര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി 12ന് എംഎഎസ് ഭാരവാഹികള്‍ നടത്തിയ കുത്തിയിരിപ്പ് ധർണയ്ക്കിടെയാണ് നൊദീപിനെയും എംഎഎസ് പ്രസിഡന്‍റ് ശിവകുമാറിനെയും സിംഘു അതിര്‍ത്തിയില്‍ വച്ച് സോനിപത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വളരെ പാവപ്പെട്ട ദളിത് കുടുംബത്തിൽ നിന്നു വരുന്ന ശിവകുമാര്‍ പാതി അന്ധനുമാണ്. ഇയാള്‍ ജയിലില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാകുന്നുണ്ടെന്നാണ് രാജ്‌വീര്‍ കൗര്‍ പറയുന്നത്.

മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇത് അന്വേഷിക്കുന്നില്ലെന്നും ജനങ്ങള്‍ക്കിടയിലേക്കെത്തിക്കുന്നില്ലെന്നും രാജ്‌വീറിനെ ഉദ്ധരിച്ച് ഔട്ട്ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ കര്‍ണാല്‍ ജയിലില്‍ കഴിയുന്ന നൊദീപിനും ശിവകുമാറിനുമെതിരെ കൊലപാതകശ്രമം, കൊള്ളയടിക്കൽ തുടങ്ങി ഗുരുതര കുറ്റങ്ങളാണ് സോനിപത് പൊലീസ് ചുമത്തിയിരിക്കുന്നത്. കുറച്ചു കൂടി വ്യക്തമാക്കിയാല്‍ ഐപിസി സെക്ഷന്‍ 148, 149, 323, 452, 384, 506, എന്നിവയാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ശിവ കുമാര്‍
ശിവ കുമാര്‍

നിലവില്‍ മൂന്ന് എഫ്ഐആറുകള്‍ നൊദീപിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കുണ്ട്ലി എലെക്മെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്‍റ് ലളിത് ഖുറാനയുടെ പരാതിയിന്മേലാണ് ഒന്ന്. മറ്റൊന്ന് ഹരിയാന പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും മൂന്നാമത്തേത് ഒരു സ്വകാര്യ വ്യക്തിയുടെ പരാതിയിന്മേലും.

ഫാക്ടറിയില്‍ നൊദീപും കൂട്ടരും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും ഫാക്ടറി ഉടമകളില്‍ നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രമസമാധാന പാലനത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും ആക്രമം അഴിച്ചുവിടുകയും ചെയ്തതിനാല്‍ ഒരു ഇന്‍സ്പെക്ടര്‍ക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റതായും എഫ്ഐആറില്‍ പറയുന്നുണ്ട്. നൊദീപിനെതിരെ ഇതിനു മുമ്പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ തലസ്ഥാനത്ത് നടക്കുന്ന കാര്‍ഷിക പ്രതിഷേധത്തിന്‍റെ ഭാഗമല്ലെന്നും സോനിപത് പൊലീസ് സൂപ്രണ്ട് ജഷന്ദീപ് സിംഗ് രാന്ധവയുടെ പ്രസ്താവനയില്‍ പറയുന്നു.

നൊദീപ് കൗറിനെ അറസ്റ്റ് ചെയ്തതത് റീത്ത എന്ന വനിത ഉദ്യോഗസ്ഥയാണെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് രാജ്‌വീറിന്‍റെ പ്രസ്താവനകള്‍. സിംഘു അതിര്‍ത്തിയില്‍ വച്ച് കസ്റ്റഡിയിലെടുക്കവെ പൊലീസ് നൊദീപിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും പിന്നീട് കസ്റ്റഡിയിലിരിക്കെ ശരീരത്തില്‍ സ്വകാര്യ ഭാഗങ്ങളിലടക്കം ലാത്തികൊണ്ട് മുറിവേല്‍പ്പിച്ചതായും രാജ്‌വീര്‍ പറയുന്നു. എന്നാല്‍, മെഡിക്കൽ ഓഫീസറുടെയോ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെയോ മുമ്പാകെ തനിക്ക് മര്‍ദ്ദനമേറ്റതായി നൊദീപ് ഉന്നയിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ ഭാഷ്യം.

അതേസമയം, നൊദീപ് കുണ്ട്ലിയില്‍ ഒരു ഫാക്ടറിയിലും ജോലി ചെയ്തിരുന്നില്ലെന്നും കഴിഞ്ഞ വർഷം ഷഹീൻ ബാഗിൽ മുദ്രാവാക്യം വിളിച്ചവരിൽ ഒരാളാണെന്ന് പരിശോധിച്ചാല്‍ വ്യക്തമാകുമെന്നുമാണ് കുണ്ട്ലി ഇൻഡസ്ട്രിയൽ അസോസിയേഷൻ (KIA) പ്രസിഡന്‍റ് സുഭാഷ് ഗുപ്ത ദ വയറിനോട് പറഞ്ഞത്. ജനുവരി ആദ്യ വാരം മുതല്‍ അവര്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ഫാക്ടറി ഉടമകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ നടത്തുകയാണെന്നു പറഞ്ഞ സുഭാഷ് ഗുപ്ത കെഐഎയുടെ ക്വിക്ക് റെസ്പോണ്‍സ് ടീം (QRT) നൊദീപടക്കമുള്ള എംഎഎസ് അംഗങ്ങളെ മര്‍ദ്ദിച്ചെന്ന ആരോപണം നിഷേധിച്ചു. പൊലീസ് കസ്റ്റഡിയില്‍ നൊദീപിന് മര്‍ദ്ദനമേറ്റ കാര്യം അറിയില്ലെന്നും ഗുപ്ത പ്രതികരിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ ധൈര്യപ്പെട്ട ഒരു ദളിത് യുവതിയെ ലക്ഷ്യം വച്ച് ആസൂത്രണം ചെയ്തതാണ് നൊദീപിന്‍റെ അറസ്റ്റെന്ന വാദമാണ് പുരോഗമന- ജനാധിപത്യ സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നത്. പുരുഷ മേല്‍ക്കോയ്മയുള്ള ബ്രാഹ്മണിക്കല്‍- ഹിന്ദുത്വമാണ് ഇതിന്‍റെ ആത്യന്തികമായ ഉത്തരവാദിയെന്നും ക്യാംപെയ്ന്‍ എഗെയ്ന്‍സ്റ്റ് സ്റ്റേറ്റ് റിപ്രഷന്‍ (CASR) പോലുള്ള സംഘടനകള്‍ അഭിപ്രായപ്പെടുന്നു. നൊദീപിനെ അടിയന്തരമായി മോചിപ്പിക്കണമെന്നും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് സ്റ്റുഡന്റ്സ് യൂണിയനും രംഗത്തുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ പഞ്ചാബ് പട്ടികജാതി കമ്മീഷൻ സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, നൊദീപിന് നീതി തേടി സമൂഹമാധ്യമങ്ങളില്‍ ശക്തമായ ക്യാംപെയ്നുകളും നടക്കുന്നുണ്ട്.

തങ്ങളുടെ പങ്ക്, ചോദിച്ചു വാങ്ങാന്‍ കെല്‍പ്പുള്ള ഭിന്ന സ്വരങ്ങളെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മുറവിളികളെ, അധികാരമെന്ന ആയുധം കൊണ്ട് തല്ലിക്കെടുത്തി ഇന്ന് നീ നാളെ ഞാന്‍ എന്ന പൊതുബോധം സ്വതന്ത്രചിന്താഗതിയുള്ള ഏതൊരു പൗരന്റേയും മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇന്ത്യയുടെ ഭരണാധികാരികള്‍. കൂടാതെ, ഒരുവശത്ത്, തെരുവുകളെ പ്രക്ഷോഭ കേന്ദ്രങ്ങളാക്കാനുള്ള പ്രവൃത്തികള്‍ നിരന്തരം ചെയ്യുകയും മറുവശത്ത്, ആന്ദോളന്‍ ജീവികളെന്ന് അവരെ ചാപ്പകുത്തി സമരൈക്യത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നു. ഇതിനെ തികഞ്ഞ വിരോധാഭാസം എന്നല്ലാതെ മറ്റെങ്ങനെ വിശേഷിപ്പിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com