പരാതിക്കാരനെ പ്രതിയാക്കുന്ന പോലീസ് ബുദ്ധി
Human Rights

പരാതിക്കാരനെ പ്രതിയാക്കുന്ന പോലീസ് ബുദ്ധി

മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതിക്കാരനെതിരെ കേസെടുത്ത് പോലീസ്

By Harishma Vatakkinakath

Published on :

ന്യൂ ഡല്‍ഹി: മുസ്‌ലീമാണെന്ന് തെറ്റിദ്ധരിച്ച് അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. ദൃക്സാക്ഷികളെന്ന വ്യാജേന രാഷ്ട്രീയ ഹിന്ദുരക്ഷാ സേനാ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരനെതിരെ കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് പോലീസിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നത്. അഭിഭാഷകനായ ദീപക് ബുംദേല പോലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പോലീസുകാര്‍ ദീപകിനോട് മാന്യമായാണ് പെരുമാറിയതെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ കേസെടുത്തതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പവന്‍ മാളവ്യ, ദീപക് കോസ്, ദീപക് മാളവ്യ എന്നിവരെയാണ് ദൃക്‌സാക്ഷികളായി പോലീസ് അവതരിപ്പിച്ചത്. ഇവര്‍ മൂന്നു പേരും സജീവ രാഷ്ട്രീയ ഹിന്ദു സേനാ പ്രവര്‍ത്തകരാണ്. വാക്കുകള്‍ പോലും വ്യത്യാസമില്ലാതെയാണ് ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതെന്ന് ദ വയര്‍ വ്യക്തമാക്കി. ബേതുല്‍ കൊട്വാലി പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയ മോഹിത് കുമാര്‍ ദുബെയുടെ പരാതിയിലാണ് ദീപക്കിനെതിരെ കേസെടുത്തത്.

കഴിഞ്ഞ 23ാം തീയതിയാണ് ലോക്ക് ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ അഭിഭാഷകനായ ദീപക് ബുംദേലയെ പോലീസ് തല്ലിച്ചതച്ചത്. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു സംഭവം. "കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സ തേടുന്ന ആളാണ് ഞാന്‍. ആരോഗ്യാവസ്ഥ മോശമായതോടെ ആശുപത്രിയില്‍ പോകും വഴി വൈകീട്ട് അഞ്ചോടെയാണ് എനിക്ക് പോലീസ് മര്‍ദ്ദനമേറ്റത്. നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നും ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം തടങ്കലില്‍ കഴിയാന്‍ തയ്യാറാണെന്നും ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഭരണഘടനയെ അപമാനിച്ചെന്നു കാട്ടി എന്നെ വടികൊണ്ട് തല്ലിച്ചതയ്ക്കുകയാണ് ചെയ്തത്," ദീപക് പറയുന്നു.

മര്‍ദ്ദനമേറ്റ ദീപക് ബുംദേല
മര്‍ദ്ദനമേറ്റ ദീപക് ബുംദേല (ചിത്രം: The Hindu)

അഭിഭാഷകനാണെന്ന് വെളിപ്പെടുത്തിയതിന് ശേഷമാണ് പോലീസ് അദ്ദേഹത്തെ വെറുതെ വിടുന്നത്. ചെവിയില്‍ നിന്നും രക്തസ്രാവമുണ്ടായതിനാല്‍ അദ്ദേഹത്തെ സഹൃത്തുക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു പിന്നീട്.

മാര്‍ച്ച് 24 ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡി.എസ്. ഭഡോറിയയ്ക്കും സംസ്ഥാന ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്രിക്കും, ദീപക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരാതിയുടെ കോപ്പി നല്‍കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്കായി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചെങ്കിലും, കാരണം വ്യക്തമല്ലാത്തതിനാല്‍ തരാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടിയെന്ന് ദീപക് പറയുന്നു.

പരാതി പിന്‍വലിക്കാന്‍ പോലീസുകാര്‍ ദീപകിനുമേല്‍ സമ്മര്‍ദ്ദം ചെലത്തുകയും ചെയ്തു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രസ്താവന ഇറക്കാന്‍ തയ്യാറാണെന്നുവരെ പോലീസ് വ്യക്തമാക്കി. ദീപക് വഴങ്ങാതായപ്പോള്‍ ഭീഷണിയുടെ സ്വരവും പ്രയോഗിച്ചു. "എനിക്കും അഭിഭാഷകന്‍ കൂടിയായ എന്റെ സഹോദരനും സമാധാനത്തോടെ ജോലി ചെയ്യണമെങ്കില്‍ പരാതി പിന്‍വലിച്ചേ തീരൂവെന്നായിരുന്നു പറഞ്ഞത്. എങ്കിലും ഞാന്‍ അതിന് തയ്യാറായില്ല. ആളുമാറി സംഭവിച്ചതാണെന്നും താടി കാരണം മുസ്ലീമാണെന്ന് കരുതിയാണ് മര്‍ദ്ദിച്ചതെന്നുമായിരുന്നു ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്‍റെ മൊഴി എടുക്കേണ്ടതിന് പകരം പരാതി പിന്‍വലിക്കാന്‍ ഏകദേശം 3 മണിക്കൂറോളം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍," ദീപക് പറയുന്നു.

താടിയുടെ പേര് പറഞ്ഞ്, മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദ്ദിച്ചു എന്ന് പറയുന്നതിലാണ് ആശ്ചര്യം, ഒരു മുസ്ലീം ആയിരുന്നെങ്കില്‍ ഒരു കാരണവും കൂടാതെ അവര്‍ എന്നെ തല്ലിച്ചതയ്ക്കുമായിരുന്നില്ലേ, എനിക്ക് മേല്‍ കേസുകള്‍ കെട്ടിവെക്കുമായിരുന്നില്ലേ, ആരാണ് അവര്‍ക്ക് ഇതിനെല്ലാം അധികാരം കൊടുത്തതെന്നും, ഒരു കാരണവശാലും പരാതി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദീപക് വ്യക്തമാക്കി.

Anweshanam
www.anweshanam.com