ഇന്ത്യന്‍ ഭരണഘടന; വിഫലമാകുന്ന വീക്ഷണങ്ങള്‍

ഭരണഘടനാ സംരക്ഷണം പൗരന്‍റെ കര്‍ത്തവ്യങ്ങളില്‍ അനിവാര്യമാവുകയാണ്.
ഇന്ത്യന്‍ ഭരണഘടന; വിഫലമാകുന്ന വീക്ഷണങ്ങള്‍

വൈവിധ്യമാര്‍ന്ന ഇന്ത്യാ മഹാരാജ്യത്തെ ഒരുമിച്ച് വിളക്കിച്ചേർക്കുന്ന സുദൃഢമായ കണ്ണിയാണ് ഭരണഘടന. സമത്വത്തിലധിഷ്ഠിതമായ രാഷ്ട്ര സാക്ഷാത്ക്കാരത്തിന് തയ്യാറാക്കപ്പെട്ട മാർഗദർശി. തുല്യത, നീതി, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ അടിത്തറയിൽ കെട്ടി ഉയർത്തിയ ഇന്ത്യന്‍ ഭരണഘടന രാജ്യത്തിന്റെ പരമാധികാര സ്വത്വവും പൗരന്മാരുടെ അവകാശങ്ങളും ഊട്ടിയുറപ്പിക്കുന്നു.

സർവാധികാരത്തിന്റെയും ഉത്ഭവം പൗരന്മാരാണെന്ന് ഉദ്‌ഘോഷിക്കുന്ന ഭരണഘടനയ‌്ക്ക‌ുണ്ടാകുന്ന ചെറിയ പരിക്കുപോലും രാജ്യത്തിന്റെ ഹൃദയത്തിനേൽക്കുന്ന വലിയ ക്ഷതമാണ്. ഇന്ന് ഭരണഘടന അതിരൂക്ഷമായി ആക്രമിക്കപ്പെടുന്നു. അത് മാറ്റിയെഴുതണം എന്ന മുറവിളികള്‍ ഉയരുന്നു. ആരാണോ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ, അവരിൽനിന്നുതന്നെ ധ്വംസന വാസന പ്രകടമാകുന്നു. അതുകൊണ്ട് തന്നെ ഭരണഘടനാ സംരക്ഷണം പൗരന്‍റെ കര്‍ത്തവ്യങ്ങളില്‍ അനിവാര്യമാവുകയാണ്.

ഭരണഘടന നിലവിൽവന്ന് ഏഴ‌്‌ പതിറ്റാണ്ടുകള്‍ കടക്കുമ്പോള്‍ ഇന്ത്യൻ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കൊടിയ വെല്ലുവിളി നേരിടുകയാണ്. മതത്തെയും വിദ്വേഷത്തെയും കൂട്ടിക്കലർത്തി, കാലഹരണപ്പെട്ട ദുരാചാരങ്ങളെ ഉണർത്തി, ഭിന്നതയുടെയും അസ്വസ്ഥതയുടെയും വിത്തുകള്‍ പാകി ഭരണഘടനാ മൂല്യങ്ങളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ദുഷ്ടശക്തികളാണ് വിശിഷ്ടമായ ഭരണഘടനാ ദിനത്തില്‍ പോലും ആഘോഷങ്ങള്‍ക്കുപരി ആശങ്കകളുടെ പ്രതീതി പരത്തുന്നത്.

ഭരണഘടന അംഗീകരിച്ചതിന്റെ ചരിത്രപരവും വിപ്ലവകരവുമായ പ്രാധാന്യം അനുസ്മരിക്കുന്ന വേളയില്‍ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ 1949 നവംബർ 25ന് ഡോ. ബിആര്‍ അംബേദ്കര്‍ നടത്തിയ പ്രസംഗം നാം ഓര്‍ക്കണം. ''1950 ജനുവരി 26ന് രാജ്യം ഔപചാരികമായി ഒരു റിപ്പബ്ലിക്കാകുമ്പോൾ അത് വൈരുധ്യങ്ങളുടെ ഒരു ഘട്ടത്തിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ അസമത്വവും. രാഷ്ട്രീയത്തിൽ ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കും. സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ നമ്മുടെ സാമൂഹിക-സാമ്പത്തിക ഘടന കാരണം ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്വം തിരസ്കരിക്കപ്പെടുന്ന അവസ്ഥ തുടരും. ഏറെക്കാലം ഈ തിരസ്കാരം തുടർന്നാൽ നമ്മുടെ രാഷ്ടീയ ജനാധിപത്യം അപകടത്തിലാകും" സമകാലിക ഇന്ത്യയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വാക്കുകളാണിത്. അംബേദ്കറിന്‍റെ ദീര്‍ഘ വീക്ഷണം യാഥാര്‍ത്ഥ്യമാകുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

"പൗരന്മാർ മഹാനായ ഒരു മനുഷ്യന്‍റെ കാൽക്കൽപ്പോലും സ്വാതന്ത്ര്യങ്ങൾ അടിയറ വെക്കരുത്. തങ്ങളുടെ സ്ഥാപനങ്ങളെ അട്ടിമറിക്കാൻ അയാളെ സഹായിച്ചേക്കാവുന്ന തരത്തിൽ വിശ്വസിച്ച് അംഗീകാരങ്ങൾ നൽകിക്കളയരുത്. ഇന്ത്യയിൽ ഭക്തി അഥവാ വീരാരാധന, രാഷ്ടീയത്തിൽ ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തത്ര വലിയ പങ്കുവഹിക്കുന്നുണ്ട്. മതത്തിൽ ഭക്തി മോക്ഷമാർഗമാകാം. പക്ഷേ, രാഷ്ടീയത്തിൽ ഭക്തി, വീരാരാധന എന്നിവ അധഃപതനത്തിനും ക്രമേണ ഏകാധിപത്യത്തിനും വഴിവെക്കും"- ഈ വാക്കുകളില്‍ അംബേദ്കര്‍ പ്രകടിപ്പിച്ച ആശങ്കകള്‍ അക്ഷരം പ്രതി ശരിയാവുകയാണ് വര്‍ത്തമാനകാല ഇന്ത്യയില്‍.

ഡോ. ബിആര്‍ അംബേദ്കര്‍
ഡോ. ബിആര്‍ അംബേദ്കര്‍

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വങ്ങളും അക്കാദമിക സമൂഹവുമെല്ലാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയം ഭരണഘടനയുടെ ചൂഷണവും ജനാധിപത്യത്തിന്‍റെ മൂല്യച്ഛ്യുതിയുമാണ്. അതിന് വിവിധ കാരണങ്ങളുമുണ്ട്. ഒന്ന് ഭരണ നേതൃത്വത്തിന്റെ നയപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളാണ്. മറ്റൊന്ന് നീതിന്യായ സംവിധാനത്തിന്റെ ഇടപെടലുകളും. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിച്ചുനിര്‍ത്തുകയെന്നത് ഇന്നൊരു രാഷ്ട്രീയ പദ്ധതിയായി തന്നെ പലരും കാണുന്നു. ഭരണകൂടത്തിന്റെ നിലപാടുകളില്‍ ഭരണഘടനയുടെ അന്തഃസത്ത ലംഘിക്കപ്പെടുന്നുവെന്ന തോന്നലാണ് ഇതിന് പിന്നില്‍.

ഭരണഘടനയുടെ ആദര്‍ശങ്ങള്‍ വ്യാപകമായി കൈയൊഴിയപ്പെടുന്നതുകൊണ്ടാണ് 'ഭരണഘടന ധാര്‍മ്മികത' ചോദ്യം ചിഹ്നമാകുന്നതും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതും. ഭരണഘടനയെ കേവലമായ ഒരു വ്യവസ്ഥിതിയായി കണ്ട് അതിന് മുന്നില്‍ വഴങ്ങുന്നവര്‍ക്ക് 'ഭരണഘടന ധാര്‍മ്മികത' ബാധകമല്ല. അത്തരക്കാരെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് 1953 സെപ്റ്റംബര്‍ രണ്ടാം തീയതി താന്‍ ഭരണഘടന കത്തിക്കുമെന്ന് അംബേദ്കര്‍ പറഞ്ഞത്.

"സര്‍, എന്റെ സുഹൃത്തുക്കള്‍ പറയുന്നു, ഞാനാണ് ഭരണഘടന ഉണ്ടാക്കിയതെന്ന്. അത് കത്തിക്കുന്ന ആദ്യ ആളായിരിക്കും ഞാനെന്ന് പറയാനും ഞാന്‍ തയ്യാറാണ്. ഭൂരിപക്ഷവും ന്യൂനപക്ഷവും ഉണ്ടെന്ന കാര്യം ജനം ഓര്‍ക്കണം. ന്യൂനപക്ഷത്തിന്റെ മുഖത്ത് നോക്കി നിങ്ങളെ അംഗീകരിക്കുന്നത് ജനാധിപത്യത്തിന് ദോഷം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ല. ന്യുനപക്ഷത്തെ ദ്രോഹിക്കുന്നതാണ് ഏറ്റവും വലിയ അപകടം വരുത്തുകയെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു," ഗവര്‍ണര്‍മാരുടെ അധികാരം സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു ഭരണഘടന ശില്‍പിയായ അംബേദ്കര്‍ ഈ വിവാദ പ്രസ്താവന നടത്തിയത്.

ജനാധിപത്യത്തെക്കുറിച്ചുള്ള മൂല്യങ്ങള്‍ അംഗീകരിക്കപ്പെടാത്തതിലുള്ള പ്രതിഷേധമായാണ് അദ്ദേഹം ഇത്രയും തീവ്രമായി സംസാരിച്ചതെന്ന് വ്യക്തമാണ്. ന്യൂനപക്ഷങ്ങള്‍, അത് രാഷ്ട്രീയ ന്യൂനപക്ഷമാകട്ടെ സാമുദായിക ന്യൂനപക്ഷമാകട്ടെ, അംഗീകരിക്കപ്പെടാതിരിക്കുമ്പോഴാണ് ഭരണഘടന ധാര്‍മ്മികത എന്ന ആശയം ഇല്ലാതാക്കപ്പെടുന്നതെന്നാണ് അംബേദ്കര്‍ പറഞ്ഞത്. ഇപ്പോള്‍ രാജ്യത്ത് മേല്‍ക്കൈ കിട്ടിയിരിക്കുന്ന രാഷ്ട്രീയത്തിന് ധാര്‍മ്മികമായ ഉത്കണ്ഠകള്‍ ഒരുകാര്യത്തിലും ഇല്ല. അതുകൊണ്ട് ഭരണഘടനയുടെ കാര്യത്തിലും അവര്‍ക്ക് അത് മനസ്സിലാകില്ല.

'നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ' എന്നാരംഭിക്കുന്ന ഇന്ത്യൻ ഭരണഘടന ഇവിടുത്തെ ജനങ്ങളെ മതത്തിന്റെയോ ജാതിയുടെയോ വർഗ, വർണ വ്യത്യാസങ്ങളുടെയോ പേരിലല്ല പരിഗണിച്ചത്. മതവിശ്വാസങ്ങളോ, തൊഴിലോ സാമ്പത്തികനിലയോ അവകാശാധികാരങ്ങളെ തടയിടാനുള്ള മാനദണ്ഡങ്ങളായിരുന്നുമില്ല. ബഹുവിധമായ വിശ്വാസങ്ങൾക്ക് ശാന്തിയോടെ സഹവര്‍ത്തിക്കാനാകുന്ന ഇന്ത്യൻ ദേശീയപ്രസ്ഥാനമായിരുന്നു ഗാന്ധിയും നെഹ്റുവുമൊക്കെ മുന്നോട്ടുവച്ചത്. ഈ വീക്ഷണങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് രാജ്യം മുസ്ലീം വിദ്വേഷത്തിന്‍റെയും ജനാധിപത്യവിരുദ്ധതയുടെയും വളക്കൂറുള്ള മണ്ണായി മാറുന്നത്.

മതേതര ജനാധിപത്യത്തിന്‍റെ ചൂഷണം

പല രാജ്യങ്ങളിലും ജനസംഖ്യയിൽ ഭൂരിപക്ഷം പേർ വിശ്വസിക്കുന്ന മതമുണ്ടാകും. അതിന്‍റെ സാംസ്കാരികവും സാമൂഹ്യവുമായ സ്വാധീനം പ്രകടവുമായിരിക്കും. എന്നാല്‍ ഈ ഭൂരിഭാഗത്തെ അപേക്ഷിച്ച് താരതമ്യേന അംഗ സംഖ്യ കുറഞ്ഞ മറ്റ് മതവിഭാഗങ്ങളുമുണ്ടാകും. അവരെയാണ് മതന്യൂനപക്ഷം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. അന്തർദേശീയതലത്തിൽത്തന്നെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഒരു പ്രധാന വിഷയമാണ്. 1992 ലെ ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ അവകാശ പ്രഖ്യാപനമാണ് ഈ ദിശയിലെ ഏറ്റവും പ്രധാന ചുവടുവയ്പ്.

ഇന്ത്യയില്‍ വിഭജിച്ചു ഭരിക്കുക എന്ന സിദ്ധാന്തത്തിലൂടെ മതപരമായ ഭിന്നിപ്പ് മുതലെടുത്തത് ബ്രിട്ടീഷുകാരായിരുന്നു. 1905ലെ ബംഗാൾ വിഭജനത്തിൽ ഈ കൗശലം പ്രകടമായിരുന്നു. പിന്നീട് സ്വാതന്ത്ര്യസമരകാലയളവിൽ ആർഎസ്എസ്, ഹിന്ദുമഹാസഭ തുടങ്ങിയ സംഘടനകൾ വർഗീയ ചേരിതിരിവ് സൃഷ്ടിച്ചു. വരേണ്യവിഭാഗക്കാരും അധികാര തൽപ്പരരുമായ മുസ്ലിങ്ങളെയാണ് മുഖ്യമായും ലീഗും മുഹമ്മദലി ജിന്നയുടെ പാകിസ്ഥാൻ വാദവും സ്വാധീനിച്ചത്. എന്നാല്‍, മുസ്ലിങ്ങളിലെ സാധാരണക്കാരും മതപണ്ഡിതരിൽ പ്രമുഖരും വിഭജനത്തിനെതിരെ നിലപാട് സ്വീകരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഏറ്റവും കരുത്തുറ്റ ശബ്ദമായിരുന്ന മൗലാനാ അബ്ദുൾകലാം ആസാദ്, വിഭജനത്തെ ശക്തമായി എതിർത്ത വ്യക്തിത്വമാണ്. വിഭജനാനന്തരവും ലക്ഷണക്കിന് മുസ്ലിങ്ങൾ ഇന്ത്യയിൽ ജീവിക്കാൻ തീരുമാനിച്ചു. അവരിലൂടെയാണ് മതേതര ജനാധിപത്യത്തെ ചൂഷണം ചെയ്യാനുള്ള വര്‍ഗീയതയെന്ന അജണ്ട ക്ഷുദ്ര ശക്തികള്‍ പ്രായോഗികമാക്കുന്നത്.

1947ല്‍ ഇന്ത്യ- പാകിസ്ഥാന്‍ വിഭജന കാലത്ത് ന്യൂ ഡല്‍ഹിയില്‍ നിന്ന് പാകിസ്ഥാനിലേക്ക് തിരിക്കുന്ന അഭയാര്‍ത്ഥികള്‍
1947ല്‍ ഇന്ത്യ- പാകിസ്ഥാന്‍ വിഭജന കാലത്ത് ന്യൂ ഡല്‍ഹിയില്‍ നിന്ന് പാകിസ്ഥാനിലേക്ക് തിരിക്കുന്ന അഭയാര്‍ത്ഥികള്‍

ന്യൂനപക്ഷങ്ങളുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്തും ‘പാകിസ്ഥാനിലേക്ക് നാടുകടത്തു’ മെന്ന് ആക്രോശിച്ചും വിവിധ രൂപത്തിലും ഭാവത്തിലും വ്യാഖ്യാനത്തിലും ഹിന്ദുത്വവാദികള്‍ ഭീഷണി തുടരുകയാണ്. പല ഘട്ടങ്ങളിലും തീവ്ര ദേശീയതയുടെ പേരില്‍ നടത്തിയ വർഗീയ അതിക്രമങ്ങൾ, കലാപങ്ങൾ എന്നിവ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി. 1992 ലെ അയോധ്യ സംഭവവും സംഘർഷങ്ങളും യുപിയെ മാത്രമല്ല, ഇന്ത്യയെ മുഴുവൻ വേദനിപ്പിച്ചു. ഗുജറാത്ത് കലാപം, മുസഫർ നഗർ കലാപം എന്നിവ സ്വതന്ത്ര ഇന്ത്യയുടെ മഹാസങ്കടങ്ങളായി.

കശ്മീരിനോടുള്ള സ്വേച്ഛാധിപത്യ സമീപനവും പൗരത്വ (ഭേദഗതി) നിയമവും ഡല്‍ഹി കലാപവും തുടര്‍ന്ന് നടക്കുന്ന പക്ഷപാതപരമായ അന്വേഷണ പ്രഹസനങ്ങളും ഭീമ കൊരേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്യായ അറസ്റ്റുകളും ജാമ്യമില്ലാ വകുപ്പ് ചുമത്തിയുള്ള തടവും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ വായടപ്പിക്കാനുള്ള അജണ്ടകളും ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താനും രാജ്യത്ത് നിന്ന് തുരത്താനും ഹിന്ദു രാഷ്ട്രമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള നീക്കങ്ങള്‍ തന്നെ.

കള്ളക്കേസിൽപ്പെട്ട് കാരാഗൃഹത്തിലടയ്ക്കപ്പെട്ട മുസ്ലിം‐ ദളിത് വിഭാഗക്കാരുടെ എണ്ണം ആരെയും ഞെട്ടിക്കുന്നതാണ്. കൂടാതെ തൊഴിലിലും വിദ്യാഭ്യാസത്തിലുമുള്ള പിന്നോക്കാവസ്ഥ, പാർലമെന്‍ററി രംഗത്ത് കുറഞ്ഞുവരുന്ന പങ്കാളിത്തം, രാജ്യസ്നേഹി- രാജ്യദ്രോഹി ദ്വന്ദ്വം സൃഷ്ടിക്കുന്ന അപരവൽക്കരണം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇന്ത്യയിലെ മുസ്ലിങ്ങൾ നേരിടുന്നു.

ഡല്‍ഹി കലാപത്തില്‍ മരണപ്പെട്ട യുവാവിന്‍റെ മൃതദേഹത്തിനരികെ വിലപിക്കുന്ന കുടുംബാംഗങ്ങള്‍
ഡല്‍ഹി കലാപത്തില്‍ മരണപ്പെട്ട യുവാവിന്‍റെ മൃതദേഹത്തിനരികെ വിലപിക്കുന്ന കുടുംബാംഗങ്ങള്‍

ജൂതന്മാരെ തുരത്താന്‍ ഹിറ്റലര്‍ സ്വീകരിച്ച നാസി പ്രചരണ തന്ത്രം എന്നപോലെ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് സംഘപരിവാരങ്ങള്‍ പ്രചരിപ്പിക്കുന്ന ലൗ ജിഹാദ് എന്ന മിഥ്യാ ധാരണയും ഇതിനെതിരെ നിയമ നിര്‍മ്മാണത്തിനായുള്ള മുറവിളികളും സഹോദരിമാരുടെ മാനത്തിന് വിലകൊടുക്കുന്നുവെന്ന പൊള്ളയായ വാദത്തിലൂടെ രക്ഷകരായി സ്വയം പ്രതിഷ്ഠിക്കുന്നതുമൊക്കെയാണ് സമീപകാലത്ത് ഏറെ ചര്‍ച്ചയാകുന്നത്. തങ്ങളുടെ സഹോദരിമാരുടെ മാനം കൊണ്ട് കളിക്കുന്നവരെ രാമ നാമ സത്യ (ഹിന്ദു ആചാര പ്രകാരമുള്ള ശവസംസ്‌കാര ചടങ്ങിനിടെ ചൊല്ലുന്ന മന്ത്രം) ചൊല്ലി പറഞ്ഞയക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയൊക്കെ അപരവിദ്വേഷം വളര്‍ത്തുന്നതല്ലാതെ പിന്നെന്ത്.

യോഗി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസാക്കിയ 'യുപി നിയമവിരുദ്ധ മതപരിവർത്തന നിരോധന ബിൽ 2020' പ്രകാരം അനധികൃതമായ മതപരിവർത്തനങ്ങൾ ഉത്തർപ്രദേശിൽ ഒരു വർഷം മുതൽ പത്തുവർഷം വരെ കഠിനതടവും 15,000 മുതൽ 50,000 വരെ രൂപ പിഴയും കിട്ടാവുന്ന ക്രിമിനൽ കുറ്റമാകും. വിവാഹം കഴിക്കാൻ വേണ്ടി മാത്രമുള്ള നിർബന്ധിത മതംമാറ്റത്തെ പാടെ നിരോധിക്കുന്നതാകും ഈ നിയമം. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ കൃത്യമായ ലംഘനം എന്നല്ലാതെ ഈ നീക്കത്തെ വ്യാഖ്യാനിക്കാനാകില്ല.

ലൗ ജിഹാദ് പോലെ തന്നെ ന്യൂനപക്ഷത്തെ ഉന്നം വച്ചുള്ള മറ്റൊരു പ്രചരണമായിരുന്നു 'യുപിഎസ്സി ജിഹാദ്' എന്നത്. സിവിൽ സർവീസിലേക്ക്‌ മുസ്ലീങ്ങൾ കൂടുതലായി തെരഞ്ഞെടുക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി സുദർശൻ ടിവി സംപ്രേക്ഷണം ചെയ്ത ‘ബിന്ദാസ്‌‌ ബോൽ’ പരിപാടിയിലായിരുന്നു 'യുപിഎസ്സി ജിഹാദ്' പരാമര്‍ശം വന്നത്. എന്നാല്‍, ഭരണഘടന അവകാശങ്ങളുടെ സംരക്ഷകരായ സുപ്രീംകോടതിക്ക്‌ ഏതെങ്കിലും സമുദായത്തെ അധിക്ഷേപിക്കാനുള്ള നീക്കം കണ്ടുനിൽക്കാനാകില്ലെന്ന നിരീക്ഷണത്തോടെ ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, കെ എം ജോസഫ്‌, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളായ ഭരണഘടനാ ബെഞ്ച് പരിപാടി വിലക്കുകയായിരുന്നു. എന്നാല്‍ അനുകൂല സാഹചര്യം വന്നാല്‍ ഈ പ്രചരണം വീണ്ടും തലപൊക്കുമെന്നത് വ്യക്തം.

രാജ്യത്തെ രാഷ്ട്രീയ പ്രശ്‌നങ്ങൾ യുദ്ധരീതിയിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നതില്‍ 1946ലെ ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ പരിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. 2020ല്‍ എത്തിനില്‍ക്കുമ്പോള്‍ രാജ്യത്ത് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളടക്കം മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ വിദ്വേഷത്തിന്‍റെ കനലുകള്‍ എരിക്കുന്ന സാഹചര്യത്തില്‍ ഈ പരിഭ്രാന്തി പതിന്മടങ്ങാകും. പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കിന് മൂല്യച്ഛ്യുതി സംഭവിക്കുമ്പോള്‍ വിഫലമാകുന്നത് രാഷ്ട്രത്തിന്‍റെ ഉന്നമനം മാത്രം സ്വപ്നം കണ്ട ഭിഷഗ്വരന്മാരുടെ പ്രയത്നങ്ങളാണ്. അതുകൊണ്ട് തന്നെ വിഖ്യാതമായ ഭരണഘടനയെ അനുസ്മരിക്കുമ്പോള്‍ ആഘോഷങ്ങള്‍ക്കാണോ ആശങ്കകള്‍ക്കാണോ തുലാസില്‍ മുന്‍തൂക്കമെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com