ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ തുടരും: സെറം ഇൻസ്റ്റിറ്റ്യൂട്ട്
Health

ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ തുടരും: സെറം ഇൻസ്റ്റിറ്റ്യൂട്ട്

കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സെറം വ്യക്തമാക്കി

News Desk

News Desk

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത് രാജ്യത്തെ മരുന്നു പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട്. രാജ്യത്തെ 17 സെന്ററുകളില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സെറം വ്യക്തമാക്കി- ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്.

വാക്‌സിന്‍ കുത്തിവെച്ച ആള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതായി മരുന്നു കമ്പനിയായ അസ്ട്ര സെനക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ കുത്തിവെയ്ക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത് സാധാരണമെന്നാണ് സെറത്തിന്റെ വിശദീകരണം.

അസ്ട്ര സെനേക്കയുമായി ചേർന്ന് വികസിപ്പിച്ച വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണമാണ് ഓക്സ്ഫോഡ് സർവകലാശാല നിർത്തിവെച്ചത്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനേക അറിയിച്ചിട്ടുണ്ട്. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും.

എന്നാല്‍ എവിടെയുള്ള രോഗിയ്ക്കാണ് പുതിയ രോഗം സ്ഥിരീകരിച്ചതെന്നോ, എന്ത് തരം രോഗമാണെന്നോ രോഗത്തിന്റെ തീവ്രതയെന്തെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. 30,000ത്തിൽ അധികം വോളണ്ടിയര്‍മാരാണ് വിവിധയിടങ്ങളിലായി വാക്‌സിന്‍ പരീക്ഷണത്തിനുള്ളത്.

2021 ജനുവരിയോടെ ഓക്‌സ്ഫഡ് വാക്‌സിന്‍ വിപണിയിലെത്തുമെന്ന വിലയിരുത്തലിനിടെയാണ് അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്.

Anweshanam
www.anweshanam.com