കോവിഡ് വാക്‌സിന്‍ 2021ന് മുന്‍പ് ഉപയോഗിക്കാനാവില്ല
Health

കോവിഡ് വാക്‌സിന്‍ 2021ന് മുന്‍പ് ഉപയോഗിക്കാനാവില്ല

കോവിഡിനെതിരെ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിക്കുന്ന വാക്സിന്‍ ആഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന ഐ.സി.എം.ആറിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം

By News Desk

Published on :

ന്യൂഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിക്കുന്ന വാക്സിന്‍ ആഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന ഐ.സി.എം.ആറിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം. 2021 ന് മുന്‍പ് കോവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവില്ലെന്ന് ശാസ്ത്രസാങ്കേതിക മന്ത്രാലയം അറിയിച്ചു.

"പൂനെയിലെ ഐ.സി.എം.ആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സി.എസ്.ഐ.ആര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി തുടങ്ങി ആറ് സ്ഥാപനങ്ങളാണ് കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആകെയുള്ള 140 വാക്‌സിനുകളില്‍ കൊവാക്‌സിന്‍, സൈകോവ്ഡി എന്നീ ഇന്ത്യന്‍ വാക്‌സിനുകള്‍ക്കൊപ്പം 11 വാക്‌സിനുകള്‍ മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇവയിലൊന്നും തന്നെ 2021 ന് മുന്‍പ് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാകില്ല", മന്ത്രാലയം അറിയിച്ചു.

നേരത്തെ ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്ന ഐ.സി.എം.ആര്‍ പ്രഖ്യാപനം വിവാദമായിരുന്നു. ഇതിന് പിന്നാലെ ആഗോളാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പരീക്ഷണം പുരോഗമിക്കുന്നതെന്ന് ഐ.സി.എം.ആര്‍ വിശദീകരണം നല്‍കിയിരുന്നു.

മനുഷ്യരിലും മൃഗങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. നേരത്തെ തിയതി പ്രഖ്യാപിച്ചതുകൊണ്ട് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളെ തഴയില്ലെന്നും ഐ.സി.എം.ആര്‍. അവകാശപ്പെട്ടു. . ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് 'കോവാക്‌സിന്‍' വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്.

നേരത്തെ തിയതി പ്രഖ്യാപിച്ച്‌ വാക്‌സിന്‍ പുറത്തിറക്കുന്നത് അശാസ്ത്രീയമാണെന്നാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ എത്തിക്‌സ് എഡിറ്റര്‍ അമര്‍ ജെസനി പറഞ്ഞത്.

'ക്ലിനിക്കല്‍ പരീക്ഷണം പോലും നടത്താതെ ലോകത്തെവിടേയും ഇത്തരത്തില്‍ വാക്‌സിന്‍ പുറത്തിറക്കുന്നതിന് തിയതി പ്രഖ്യാപിക്കുമെന്ന് തോന്നുന്നില്ല. ശാസ്ത്രം ഇങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്', ജെസനി പറഞ്ഞു.

ഐ.സി.എം.ആറിലെ ബയോ എത്തിക്‌സ് സെല്ലിലെ ഉപദേശക കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്ത മുത്തുസ്വാമിയും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഇത് സംബന്ധിച്ച്‌ ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബാല്‍റാം ഭാര്‍ഗവ എഴുതിയ കത്തിനെക്കുറിച്ച്‌ അറിയില്ലെന്നും വസന്ത മുത്തുസ്വാമി പറഞ്ഞു.

'സമയം വളരെ കുറവാണ്. ഒരു മാസം കൊണ്ടൊക്കെ വാക്‌സിന്‍ പുറത്തിറക്കുക എന്നത് വളരെ ചെറിയ കാലയളവാണ്. ഫാസ്റ്റ് ട്രാക്ക് പരിശോധന ഉണ്ടെങ്കില്‍ പോലും അതിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കും', മുത്തുസ്വാമി പറഞ്ഞു. കൊവിഡ് വാക്സിന്‍ (BBV152 COVID വാക്സിന്‍) ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ഒരു ഡസന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ തിരഞ്ഞെടുത്തുവെന്ന് സര്‍ക്കാരിന്റെ ഉന്നത മെഡിക്കല്‍ റിസര്‍ച്ച്‌ ബോഡി അറിയിച്ചു.

Anweshanam
www.anweshanam.com