ഫാറ്റി ലിവര്‍ ഒഴിവാക്കൂ... ആരോഗ്യം സംരക്ഷിക്കൂ...

ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്‌ ഫാറ്റി ലിവര്‍. ഇതൊരു ജീവിതശൈലി രോഗമാണെന്ന് പറയാം.
ഫാറ്റി ലിവര്‍ ഒഴിവാക്കൂ... ആരോഗ്യം സംരക്ഷിക്കൂ...

ഇന്നത്തെ കാലത്ത് സര്‍വ്വ സാധാരണമായി കാണപ്പെടുന്ന ഒന്നാണ് ഫാറ്റി ലിവര്‍. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ പോലെ മറ്റൊരു വില്ലനാണ് ഇവന്‍. ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണിത്. ഇതൊരു ജീവിതശൈലി രോഗമാണെന്ന് പറയാം. ഈ രോഗാവസ്ഥ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ഫാറ്റി ലിവര്‍ രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. മദ്യപിക്കുന്നവരിലും മദ്യം കഴിക്കാത്തവരിലും. ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ് ആദ്യത്തേത്. സ്ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്ഥ കാണപ്പെടുന്നുണ്ട്.

മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ടാകാറുണ്ട്. ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങള്‍.

ഭക്ഷണത്തില്‍ ധാരാളമായി ഉണ്ടാവുന്ന കൊഴുപ്പാണ് പലപ്പോഴും രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്. ആഹാരക്രമത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ രോഗത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും. ആരോഗ്യമുള്ള ശരീരത്തില്‍ കരള്‍ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ദഹന പ്രോട്ടീന്‍ പിത്തരസം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഫാറ്റി ലിവര്‍ രോഗം കരളിനെ തകരാറിലാക്കും. ഇതോടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നാം ചെന്ന് എത്തുക.

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങള്‍ :

തുടക്കത്തില്‍ ഫാറ്റി ലിവര്‍ ഉള്‍പ്പെടെ മിക്ക കരള്‍ രോഗങ്ങള്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടിയോ, മെഡിക്കല്‍ചെക്കപ്പിന്റെ ഭാഗമായോ സ്‌കാന്‍ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂര്‍ഛിക്കുമ്പോള്‍ മാത്രം ചില ലക്ഷണങ്ങള്‍ കണ്ടേക്കാം. അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്ഥത, ഭാരകുറവ് എന്നിവ ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്.

രോഗം എങ്ങനെ കണ്ടു പിടിക്കാം?

സാധാരണ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയാണ് ഫാറ്റിലിവര്‍ ആദ്യം കണ്ടെത്തുക. രക്തപരിശോധന ചെയ്താല്‍ തീവ്രത കുറച്ചും കൂടി മനസ്സിലാക്കാനാകും. ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ ലിവര്‍ എന്‍സൈമുകളുടെ അളവുകള്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ കാണുന്നത് കരള്‍ തകരാറുണ്ട് എന്നതിന്റെ ലക്ഷണമാണ്.

ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം

* ഇലക്കറികള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒരു പരിധിവരെ ഈ രോഗാവസ്ഥയെ തടയും. ബ്രോക്കോളി, ചീര, ബ്രസെല്‍സ്, കാലെ എന്നിവപോലുള്ള കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ കൊഴുപ്പുള്ള കിഴങ്ങുവര്‍ഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

* മത്സ്യങ്ങളായ മത്തി, സാല്‍മണ്‍, ട്യൂണ എന്നിവയെല്ലാം കഴിക്കാന്‍ കൂടുതലായി ശ്രദ്ധിക്കുക. ഇവയിലെല്ലാം ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കരള്‍ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

* വാള്‍നട്ട് കഴിക്കുന്നത് വളരെ നല്ലതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് നമ്മെ സഹായിക്കും. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഇതില്‍ കൂടുതലാണ്. വാല്‍നട്ട് കഴിക്കുന്നവരില്‍ കരള്‍വീക്കത്തിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. എന്ന് മാത്രമല്ല കരള്‍ രോഗമുള്ളവര്‍ക്ക് നമുക്ക് വാള്‍നട്ട് ദിവസവും കഴിക്കാവുന്നതാണ്

* ഡയറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ മികച്ച ഫലമാണ് അവഗാഡോ. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പ് കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് കരള്‍ തകരാറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫൈബറും ഇവയില്‍ സമ്പന്നമാണ്.

* ഒരു ഗ്ലാസ്സ് പാല്‍ ദിവസവും കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പാലും മറ്റ് കൊഴുപ്പ് കുറഞ്ഞ ഡയറിയും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഡയറിയില്‍ ഉയര്‍ന്ന അളവില്‍ വേ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഇത് കരളിനെ കൂടുതല്‍ നാശത്തില്‍ നിന്ന് സംരക്ഷിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ആരോഗ്യത്തിന് മികച്ചതാണ് പാല്‍.

* ഗ്രീന്‍ ടീയുടെ ഗുണങ്ങളെപ്പറ്റി എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് ഗ്രീന്‍ ടീ. ഇത് ദിവസവും കഴിക്കുന്നതിലൂടെ ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കരളിലെ അനാവശ്യ കൊഴുപ്പിനെ പരിഹരിക്കുന്നതിനും മികച്ചതാണ് ഗ്രീന്‍ ടീ.

Related Stories

Anweshanam
www.anweshanam.com