കേശ സംരക്ഷണത്തിന് കയ്യോന്നി

മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കി മുടിവളരുന്നതിന് സഹായിക്കുന്ന ഉത്തമ ഔഷധിയാണ് കയ്യോന്നി.
കേശ സംരക്ഷണത്തിന് കയ്യോന്നി

പൊതുവെ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് കറുത്ത ഇടതൂര്‍ന്ന മുടിയിഴകള്‍. ആഗ്രഹിക്കുന്നപോലെ മുടി വളരാന്‍ കമ്പോളത്തില്‍ കിട്ടുന്ന എല്ലാ മരുന്നുകളും എണ്ണവും നമ്മള്‍ പരീക്ഷിക്കാറുണ്ട്. തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഒക്കെയും അവസാനിക്കുന്നത് മുടികൊഴിച്ചിലിലാണ്. മുടിയ്ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങളും നിരവധിയാണ്.

എന്നാല്‍ ഇതിനൊക്കെയുള്ള പരിഹാരം നമ്മുടെ വീട്ടുവളപ്പില്‍ തന്നെയുണ്ട്. മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കി മുടിവളരുന്നതിന് സഹായിക്കുന്ന ഉത്തമ ഔഷധിയാണ് കയ്യോന്നി. കയ്യോന്നി അരച്ച് തലയില്‍ തേക്കുന്നതും എണ്ണ കാച്ചി ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കയ്യോന്നി എണ്ണ സ്ഥിരമായി ഉപയോഗിക്കുകയാണെങ്കില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ മാറ്റം അറിയാന്‍ കഴിയും. ഏറ്റവും ഫലപ്രദവും കേശ സംരക്ഷണത്തിന് ഉത്തമവുമായ ഒന്നാണ് കയ്യോന്നി എണ്ണ. വീട്ടില്‍ തന്നെ എളുപ്പം കാച്ചിയെടുക്കാവുന്നതാണിത്.

കയ്യോന്നിയുടെ ഇല, പൂവ്, കായ എന്നിവയെല്ലാം എണ്ണ കാച്ചുന്നതിനായി ഉപയോഗിക്കുന്നു. എന്നാല്‍ ഇത് തയ്യാറാക്കുമ്പോള്‍ കൃത്യമായ അളവില്‍ എണ്ണ കാച്ചിയെടുക്കണം എന്നാല്‍ മാത്രമേ അതിന്റെ ഗുണം പെട്ടെന്ന് തന്നെ നമുക്ക് ലഭിക്കുകയുള്ളൂ. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് ഒരു ഗ്ലാസ് കയ്യോന്നി നീര് എന്നതാണ് കണക്ക്. ഒരു ലിറ്റര്‍ വെളിച്ചെണ്ണ എടുത്ത ശേഷം കയ്യോന്നിയുടെ ഇല, പൂവ്, കായ് എന്നിവ എല്ലാം ഇടിച്ചു പിഴിഞ്ഞെടുത്ത് ഒരു ഗ്ലാസ് നീര് മാറ്റിവെക്കുക. ശേഷം ചുവടുകട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് അതില്‍ ഒരു ലിറ്റര്‍ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് കയ്യോന്നി നീരും ചേര്‍ക്കണം.

വെളിച്ചെണ്ണ ചൂടായി തുടങ്ങുമ്പോള്‍ തന്നെ കയ്യോന്നി നീര് ഒഴിക്കണം,കാരണം നന്നായി ചൂടായ വെളിച്ചെണ്ണയിലേയ്ക്ക് നീരൊഴിക്കുകയാണെങ്കില്‍ വെളിച്ചെണ്ണ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. ഇതിനു ശേഷം തുടര്‍ച്ചയായി ഇളക്കണം. പാത്രത്തിനു മുകളില്‍ പതപോലെ ആദ്യം കാണുമെങ്കിലും കുറെ നേരം കഴിഞ്ഞാല്‍ അത് ഇല്ലാതാവും. അരമണിക്കൂറെങ്കിലും ഇങ്ങനെ ഇളക്കി എടുക്കണം. ശേഷം തീ ഓഫ് ചെയ്ത് തണുത്ത ശേഷം മറ്റൊരു പാത്രത്തിലാക്കി സൂക്ഷിക്കാം. ദിവസവും ഉപയോഗിക്കാവുന്ന ഒരു എണ്ണയാണിത്. എന്നാല്‍ കയ്യോന്നിയ്ക്ക് തണുപ്പ് കൂടുതലായതു കൊണ്ട് തന്നെ രാത്രി തലയില്‍ തേച്ച് കിടക്കരുത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com