പേരയ്ക്ക ഉണ്ടോ...മൂത്രത്തിൽ കല്ല് പരിഹരിക്കാം
Health

പേരയ്ക്ക ഉണ്ടോ...മൂത്രത്തിൽ കല്ല് പരിഹരിക്കാം

പേരക്കാ മരുന്ന് രാവിലെ വെറുംവയറ്റിലാണ് കഴിക്കേണ്ടത്

Harishma Vatakkinakath

Harishma Vatakkinakath

മനുഷ്യ ശരീരത്തിലെ അരിപ്പെയെന്നു വിളിക്കുന്ന വൃക്കയിലുണ്ടാകുന്ന കല്ലു രൂപത്തിലുള്ള കടുപ്പമേറിയ വസ്തുക്കളാണ് മൂത്രത്തില്‍ കല്ല് എന്ന് അറിയപ്പെടുന്നത്. കുട്ടികളില്‍ കുറവാണെങ്കിലും സ്ത്രീകളിലും പുരുഷന്മാരിലും പ്രശ്‌നക്കാരനാണ് ഈ അസുഖം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനം തന്നെ തകരാറിലായി രക്തത്തില്‍ മാലിന്യങ്ങള്‍ കൂടാന്‍ ഇത് ഇടയാക്കും.ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുമ്പോള്‍ അത് കല്ലുകളുടെ രൂപത്തില്‍ ശേഖരിക്കപ്പെടുന്നതാണിത്. ഇതിന് മൂര്‍ച്ചയേറിയ അരികുകളുമുണ്ടാകും. ഇവ മൂത്രദ്വാരത്തിലേയ്ക്ക് നീങ്ങുമ്പോള്‍ രോഗികള്‍ക്ക് അസഹ്യമായ വേദന അനുഭവപ്പെടും.

വെള്ളം ആവശ്യത്തിന് കുടിക്കാത്തത് പലപ്പോഴും വൃക്കയിലെ കല്ലുകള്‍ക്ക് കാരണമാകാറുണ്ട്. മൂത്രത്തില്‍ കല്ലുള്ളവര്‍ ദിവസം കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഈ രോഗവുമായി എത്തുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന ആദ്യ നിര്‍ദേശവും വെള്ളംകുടിതന്നെയായിരിക്കും. വേനല്‍ക്കാലങ്ങളില്‍ വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടേണ്ടിവരും. പ്രത്യേകിച്ച് ചൂടില്‍ പണിയെടുക്കുന്നവരില്‍. ഭക്ഷണ രീതിയില്‍ വരുത്തുന്ന മാറ്റങ്ങളും പലപ്പോഴും മൂത്രത്തില്‍ കല്ലിന് കാരണമാകുന്നു. പാരമ്പര്യമായും ഇത്തരം രോഗങ്ങള്‍ക്കുള്ള സാധ്യതയേറെയാണ്.

മൂത്രത്തിലെ നിറ വ്യത്യാസവും മൂത്രമൊഴിക്കുമ്പോഴുള്ള വേദനയുമാണ് മൂത്രാശയക്കല്ലിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ മൂത്രത്തില്‍ രക്തവും കലര്‍ന്നു കാണപ്പെടാറുണ്ട്. വയറിന്റെ വശങ്ങളിലുണ്ടാകുന്ന വേദനയും പ്രധാന ലക്ഷണം തന്നെയാണ്.മൂത്രത്തിലെ കല്ലു പരിഹരിയ്ക്കാന്‍ പല സ്വാഭാവിക, പ്രകൃതിദത്ത വഴികളുമുണ്ട്. രോഗത്തിന്റെ പ്രാഥമിക ഘട്ടത്തിലാണെങ്കില്‍ ഇത്തരം വീട്ടു ചികിത്സ നടത്താവുന്നതാണ്.ഇത്തരത്തില്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് പേരയ്ക്ക. മരുന്നാണെന്ന് കരുതി നേരെ പേരക്ക തിന്നുകയല്ല വേണ്ടത്. അത് ഇത്തരം രോഗികളില്‍ ഗുണത്തേക്കാളേറെ ദോഷത്തിന് കാരണമാകും. പ്രത്യേകിച്ച് പേരക്കയുടെ കുരു മൂത്രാശയത്തില്‍ കല്ലുള്ളവര്‍ക്ക് ദോഷം ചെയ്യുന്നതുമാണ്.

നല്ലതുപോലെ പഴുത്ത പേരയ്ക്കയാണ് മരുന്നിനായി എടുക്കേണ്ടത്. ഉള്ളിലെ കുരു പൂര്‍ണ്ണമായും നീക്കം ചെയ്യണം. അതിനായി പേരക്കയുടെ മുകള്‍ഭാഗം തൊപ്പി പോലെ വട്ടത്തില്‍ ചെത്തിയെടുത്ത് മാറ്റി വയ്ക്കുക. പിന്നീട് ഉള്ളില്‍ നിന്നും കുരു ഉള്ള ഭാഗം പൂര്‍ണ്ണമായും നീക്കം ചെയ്യാം. കത്തിയോ സ്പൂണോ ഇതിനായി ഉപയോഗിക്കാം. പേരക്കയുടെ ഉള്ളില്‍ നിന്നും ചുറ്റിച്ചെടുത്ത് മാംസവും കുരുവുമായുള്ള ഭാഗം നീക്കം ചെയ്യുക.

ഇതോടെ പേരയ്ക്കയുടെ ഉള്ളില്‍ പൊള്ളയായ ഭാഗം വരും. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ സോഡാക്കാരം ചേര്‍ക്കണം. അപ്പവും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന അപ്പക്കാരം തന്നെയാണ് ഈ മരുന്നിലും ഉപയോഗിയ്ക്കുക. പേരയ്ക്കയുടെ ഉള്ളില്‍ ഈ സോഡാപ്പൊടി ഇട്ട ശേഷം നേരത്തെ മാറ്റി വച്ചിരിയ്ക്കുന്ന പേരയ്ക്കയുടെ മുകള്‍ ഭാഗം കൊണ്ട് അടച്ചു വയ്ക്കാം. ഇത് അഞ്ചു മിനിറ്റിനു ശേഷം കഴിയ്ക്കാം.

ഈ പേരക്കാ മരുന്ന് രാവിലെ വെറുംവയറ്റിലാണ് കഴിക്കേണ്ടതെന്ന് പ്രത്യേകം ഓര്‍ക്കണം. ഇതു കഴിച്ച ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ ശേഷം മാത്രമേ ഭക്ഷണം കഴിയ്ക്കാവൂ. അടുപ്പിച്ച് ഏഴു ദിവസം ഇങ്ങനെ ഈ രീതിയില്‍ ബേക്കിംഗ് സോഡയും ചേര്‍ത്ത് പേരയ്ക്ക കഴിച്ചാല്‍ കിഡ്‌നി സ്‌റ്റോണിന് പരിഹാരമുണ്ടാകും.

Anweshanam
www.anweshanam.com