വനമഹോത്സവവും നാം 'ആചരിച്ചു' - ദിനാചരണങ്ങൾ കൊണ്ട് പ്രകൃതിക്ക് എന്ത് നേട്ടം?
Featured

വനമഹോത്സവവും നാം 'ആചരിച്ചു' - ദിനാചരണങ്ങൾ കൊണ്ട് പ്രകൃതിക്ക് എന്ത് നേട്ടം?

വർഷം തോറും വിവിധ പദ്ധതികളുടെ പ്രഖ്യാപനവുമായും പുതിയ മുദ്രാവാക്യങ്ങളുമായും നാം നിരവധി പരിസ്ഥിതി ദിനങ്ങൾ ആഘോഷിക്കാറുണ്ട്. എന്നാൽ ഈ പദ്ധതികളുടെ ഗുണമൊന്നും പരിസ്ഥിതിക്ക് ലഭിക്കാറില്ല എന്നതാണ് സത്യം.

By M Salavudheen

Published on :

വനമഹോത്സവം 2020 ജൂലൈ 1 മുതൽ 7 വരെ സർക്കാർ വൈവിദ്ധ്യമർന്ന പരിപാടികളോടെ ആചരിച്ചു. വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി പുന:സ്ഥാപനവും പരിപാലനവും ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പദ്ധതികള്‍ വനംവകുപ്പ് നടപ്പിലാക്കും എന്നാണ് വനമഹോത്സാവത്തിലെ പ്രഖ്യാപനം. വനവത്കരണത്തിനും സംരക്ഷണത്തിനും പുറമേ വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതുമാണ് പദ്ധതികള്‍ എന്നാണ് സർക്കാർ അറിയിക്കുന്നത്. എന്നാൽ ഈ ദിനാചരണവും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള കേവലം മറ്റൊരു ചടങ്ങ് ആയി മാറുകയാണ്.

നാം ഓരോ വർഷവും നിരവധി ദിനങ്ങളാണ് പരിസ്ഥിതി സംരക്ഷണത്തിനായി ആചരിക്കുന്നത്. ലോക തണ്ണീർത്തട ദിനം (ഫെബ്രുവരി 2), ലോക ജലദിനം (മാർച്ച് 22), ലോക കാലാവസ്ഥാ ദിനം (മാർച്ച് 23), ലോക പൈതൃക ദിനം (ഏപ്രിൽ 18), ലോക ഭൗമദിനം (ഏപ്രിൽ 22), ലോക സൗരോർജ്ജ ദിനം (മെയ് 3), ലോക ജൈവവൈവിദ്ധ്യ ദിനം (മെയ് 22), ലോക പ'രിസ്ഥിതി ദിനം (ജൂൺ 5), ലോക സമുദ്ര ദിനം (ജൂൺ 8), ലോക മരുഭൂമി വത്ക്കരണ വിരുദ്ധ ദിനം (ജൂൺ 17), ലോക ഓസോൺ ദിനം (സെപ്റ്റംബർ 16), പ്രകൃതിദുരന്തനിവാരണ ദിനം (ഒക്‌ടോബർ 13) എന്നിവയെല്ലാം വർഷം തോറും വിവിധ പദ്ധതികളുടെ പ്രഖ്യാപനവുമായും പുതിയ മുദ്രാവാക്യങ്ങളുമായും നാം ആഘോഷിക്കാറുണ്ട്. എന്നാൽ ഈ പദ്ധതികളുടെ ഗുണമൊന്നും പരിസ്ഥിതിക്ക് ലഭിക്കാറില്ല എന്നതാണ് സത്യം.

ആഘോഷിക്കുന്ന ദിവസങ്ങളിൽ ഓരോന്നും കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ നമുക്ക് പ്രളയം ഇല്ലാതെയും മണ്ണിടിച്ചിലുകളും ഇല്ലാതെയും കടന്ന് പോകാമായിരുന്നു. ഓരോ നിമിഷവും പ്രകൃതിക്ഷോഭങ്ങൾ പ്രതീക്ഷിച്ച് കഴിയേണ്ടി വരില്ലായിരുന്നു. മഴയെ ഉൾകൊള്ളാൻ മാത്രം വിസ്‌തൃതി ഉണ്ടായിരുന്ന സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾ നല്ലൊരു ശതമാനവും നികത്തിയതോടെ വർഷം തോറും പ്രളയത്തെ പ്രതീക്ഷിച്ച് ഭയപ്പെട്ട് ഇരിക്കേണ്ട സ്ഥിതിയുണ്ടായി. അപ്പോഴും എല്ലാ വർഷവും ഫെബ്രുവരി രണ്ടിന് നാം തണ്ണീർത്തട ദിനവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനവും ആഘോഷിക്കുന്നുണ്ട്.

ഒരു വർഷം പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്ത് സർക്കാർ നടുന്ന ആകെ മര തൈകൾ ലക്ഷങ്ങളാണ്. ഇതിന് പുറമെ വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ക്ലബുകളും നടന്ന മര തൈകളും ഉണ്ട്. കഴിഞ്ഞ 10 വർഷം സംസ്ഥാനത്ത് നട്ട മര തൈകളുടെ കണക്കെടുത്താൽ എത്ര വരുമെന്ന് ആലോചിക്കാവുന്നതാണ്. എന്നാൽ യഥാർത്ഥത്തിൽ ആലോചിക്കേണ്ടതും ആവലാതിപ്പെടേണ്ടതും ഇവയിൽ എത്ര മരങ്ങൾ നിലനിന്നു, എത്ര മരങ്ങൾ ഇല്ലാതായി എന്നോർത്താകാൻ ഇനിയെങ്കിലും പരിസ്ഥിതി സംരക്ഷണം ആഗ്രഹിക്കുന്നവർ ചിന്തിക്കണം.

കേരളത്തിൽ യഥാർത്ഥ കാട് നിലവിൽ വെറും 5 % ത്തിൽ താഴെയാണ്. 9 ലക്ഷം ഹെക്ടർ കാടാണ് നമുക്ക് നഷ്ടപ്പെട്ടത്. ഒരു ഹെക്ടർ വനത്തിൻ്റെ വില / മൂല്യം കണക്കാക്കുന്നത് 1 കോടി രൂപ എന്ന നിരക്കിലാണ്. അങ്ങനെയെങ്കിൽ 9 ലക്ഷം ഹെക്ടർ വനം നമുക്ക് നഷ്ടമായപ്പോൾ ആകെ എത്ര കോടിയുടെ രൂപയുടെ നഷ്ടം നമുക്ക് ഉണ്ടായി എന്നും കൂടി നാം ആഘോഷങ്ങൾക്കിടയിൽ ഓർക്കേണ്ടതുണ്ട്. ആഗോള താപനത്തിനു മരമാണ് മറുപടി എന്ന് കൊട്ടിഘോഷിക്കുന്ന സംസ്ഥാന വനം വകുപ്പ് കഴിഞ്ഞ കുറെ വർഷമായി മരങ്ങൾ നടുന്നതിനും സംരക്ഷിക്കുന്നതിനും കാണിക്കുന്ന കെടുകാര്യസ്ഥതയും അലസതയും കാണുമ്പോൾ അവരുടെ വനമഹോത്സവ ആചരണം വെറും പ്രഹസനമായേ കണക്കാക്കപ്പെടുകയുള്ളൂ.

വനമഹോത്സവം ഒരു ആചരണം മാത്രമല്ല.അത്‌ മനുഷ്യന്റെ നിലനിൽപ്പിന് അവിഭാജ്യ ഘടകമാണ്. കാട് മരങ്ങൾ നിൽക്കുന്ന ഒരു സ്ഥലം മാത്രമല്ല അത് ഒരു ഇക്കോസിസ്റ്റം ആണ്. മഴയുണ്ടാക്കാനും കാലാവസ്ഥ വ്യതിയാനം തടയാനും ആമസോൺ കാടുകൾക്കാകും. അതുപോലെ പശ്ചിമഘട്ട കാടുകൾ കേരളത്തിന്റെ നിലനിൽപ്പിനു ആവശ്യമാണ്. ജൂലൈ മാസത്തിലെ ആദ്യ വാരത്തിൽ കൊണ്ടാടുന്ന വനമഹോത്സവം അതിന്റെ ഉദ്ദേശ ശുദ്ധിയിലേക്ക് എത്തുന്നുണ്ടോ എന്ന് മനസിലാക്കണം. ആദ്യമായി രാജ്യം വനമഹോത്സവം ആരംഭിച്ചപ്പോൾ ഇന്ത്യൻ പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ്, പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റു എന്നിവർ സന്നിഹിതരായിരുന്നു. മരങ്ങൾ നടുന്നതിനു രാജ്യം നൽകിയിരുന്ന പ്രാധാന്യം അത്രമേൽ പ്രധാനമായിരുന്നു അന്ന്.

എന്നാൽ ഇന്ന് രാജ്യത്തെയും സംസ്ഥാനത്തെയും സ്ഥിതിയിൽ ഏറെ മാറി. അന്ന് ഉണ്ടായിരുന്നതിനേക്കാൾ പ്രകൃതി ക്ഷോഭങ്ങളും, പരിസ്ഥിതി പ്രശ്‍നങ്ങളും പരിസ്ഥിതി നശീകരണവും ഏറെ വർധിച്ചു. എന്നാൽ നമ്മുടെ സമീപനങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുന്നതിന് പകരം കൂടുതൽ മോശമായി. പ്രകൃതിയെ മാതാവായി കണ്ടിരുന്ന ഒരു സമൂഹം അത് തങ്ങൾക്ക് വേണ്ടിയുള്ള ഒരു ഉപകരണം മാത്രമായി കാണാൻ തുടങ്ങി. വിഷയത്തിൽ കാതലായ ഇടപെടേണ്ട സർക്കാർ ആകട്ടെ പുറം തിരിഞ്ഞ് നിന്ന് പരിസ്ഥിതി കൊള്ളയ്ക്ക് കൂട്ട് നിന്നു. ഇനിയും സമീപനം മാറ്റാൻ തയ്യാറാകതെ ദിനാചരണങ്ങളിൽ മാത്രം ഉത്തരവാദിത്വം ഒതുക്കിയാൽ പകരം നൽകേണ്ടത് നമ്മുടെ നിലനിൽപ്പ് തന്നെയാകും.

Anweshanam
www.anweshanam.com