വില്ലന്‍ ടൂള്‍കിറ്റും വിവാദങ്ങളും   

ഒരു ടൂള്‍കിറ്റ് ഇത്രയും അപകടകാരിയാകുന്നതെങ്ങനെ...?
വില്ലന്‍ ടൂള്‍കിറ്റും വിവാദങ്ങളും   

രാജ്യത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും വെല്ലുവിളിതീര്‍ത്ത കലാപഹ്വാനങ്ങളെപോലും ലാഘവത്തോടെ തള്ളിക്കളഞ്ഞ ഡല്‍ഹി പൊലീസ്, ആഴമേറിയ ആരോപണങ്ങളുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സജീവമാവുകയാണ്. കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍കിറ്റാണ് വിഷയം. രാജ്യതലസ്ഥാനത്ത് മാസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരെ ഏതെല്ലാം വിധത്തില്‍ പിന്തുണയ്ക്കാമെന്ന് വിശദീകരിക്കുന്നതാണ് ഈ ഡിജിറ്റല്‍ ഡോക്യുമെന്‍റ്. എന്നാല്‍ ഈ ടൂള്‍കിറ്റ് ചില്ലറക്കാരനല്ലെന്നാണ് ഡല്‍ഹി പൊലീസ് പുറത്തുവിടുന്ന ഓരോ പ്രസ്താവനകളും ചൂണ്ടിക്കാട്ടുന്നത്. പരസ്യമായി പങ്കുവെച്ച ഒരു ടൂള്‍കിറ്റുകൊണ്ട് രാജ്യത്തിന്‍റെ അടിത്തറ തന്നെയിളകുമെന്ന വാദത്തെ ഖണ്ഡിച്ചും പൊന്നിച്ചും ചര്‍ച്ചകള്‍ മുറുകുമ്പോള്‍ അത്രയ്ക്ക് അപകടകാരിയാണോ ഈ ടൂള്‍കിറ്റ്? എന്നതാണ് ചോദ്യം.

എന്താണ് ടൂള്‍കിറ്റ് കേസ്?

2021 ഫെബ്രുവരി 14 ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെ മജിസ്ട്രേറ്റ്, 21 കാരിയായ ദിഷ രവിയെന്ന കാലാവസ്ഥാ പ്രവർത്തകയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇതായിരുന്നു ഫെബ്രുവരി നാലിന് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത ടൂള്‍കിറ്റ് കേസിലെ ആദ്യ അറസ്റ്റ്. ബംഗളൂരുവിലെ മൗണ്ട് കാര്‍മ്മല്‍ കോളേജിലെ വിദ്യാര്‍ഥിയായ ദിഷ, 'ഫ്രൈഡെയ്സ് ഫോര്‍ ഫ്യൂച്ചര്‍' എന്ന കാലാവസ്ഥാ പ്രസ്ഥാനത്തിന്‍റെ, ഇന്ത്യന്‍ ശാഖയുടെ സ്ഥാപകരിലൊരാളു കൂടിയാണ്. ഗ്രേറ്റ തന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍കിറ്റ് നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായി എന്നാരോപിച്ചാണ് ദിഷയെ റിമാന്‍ഡ് ചെയ്തത്. അഞ്ചു ദിവസത്തെ റിമാന്‍റ് കാലയളവിന് ശേഷം മൂന്ന് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍ ദിഷയെ.

ദിഷ രവി
ദിഷ രവി

ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹ കുറ്റം, വിദ്വേഷ പ്രചാരണം എന്നിവയാണ് ഡല്‍ഹി പൊലീസ് ദിഷയ്‌ക്കെതിരെ ആരോപിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ടൂള്‍കിറ്റ് നിര്‍മ്മിക്കുന്നതിലെ ഗൂഢാലോചനയില്‍ ദിഷ പങ്കെടുത്തിരുന്നതായും അവര്‍ ഒരു ഖലിസ്ഥാന്‍ വാദിയാണെന്നും പൊലീസ് ഉന്നയിക്കുന്നു. ടൂള്‍ കിറ്റ്, ഇന്ത്യക്കെതിരായ സാമ്പത്തിക യുദ്ധത്തിനുള്ള ആഹ്വാനമാണെന്നും എഫ്ഐആറില്‍ പറയുന്നു. രാജ്യത്തെ ചില കമ്പനികളെ ലക്ഷ്യം വെയ്ക്കണമെന്ന് ടൂള്‍ കിറ്റില്‍ ആഹ്വാനം ചെയ്തുവത്രെ. റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമങ്ങള്‍ മുന്‍കൂട്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഡല്‍ഹി പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

രാജ്യത്തെ നിയമവ്യവസ്ഥയും സുപ്രീംകോടതി ഉത്തരവുകളും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളൊക്കെയും കാറ്റില്‍ പറത്തിയായിരുന്നു ദിഷയുടെ അറസ്റ്റ്. ഭരണഘടന അനുച്ഛേദം 22(2) പ്രകാരം ഏറ്റവും അടുത്തുള്ള മജിസ്ട്രേറ്റിന് മുന്നില്‍ ദിഷയെ ഹാജരാക്കേണ്ടതായിരുന്നു. ട്രാന്‍സിറ്റ് റിമാന്‍ഡ് നേടേണ്ടതുണ്ടായിരുന്നു. എന്നാല്‍ ബംഗളൂരില്‍ നിന്ന് അറസ്റ്റു ചെയ്തശേഷം ഡല്‍ഹിയിലെ പട്യാല കോടതിയിലെ മജിസ്ട്രേറ്റിന് മുന്നിലാണ് പൊലീസ് അവരെ ഹാജരാക്കിയത്. കോടതിയില്‍ ദിഷയ്ക്ക് ഒരു വക്കീലിനെ സമീപിക്കാനുള്ള അവസരം പോലും നല്‍കിയില്ല. വക്കീലിനെ അനുവദിച്ചുമില്ല. ഇത് ഭരണഘടന അനുച്ഛേദം 22(1)ന്റെ നഗ്‌നമായ ലംഘനമാണെന്നും വിമര്‍ശനമുണ്ട്.

ദിഷ രവിക്ക് പിന്നാലെ മലയാളി അഭിഭാഷക നികിത ജേക്കബ്, മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശന്തനു മുളുക് എന്നിവര്‍ക്കെതിരെയും പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ബോംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ശന്തനുവിന് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ 10 ദിവസത്തെ സംരക്ഷണം അനുവദിച്ചപ്പോള്‍ 25000 രൂപ ജാമ്യത്തുകയായി കെട്ടി വെക്കുകയെന്ന ഉപാദിയോടെ നികിതയുടെ അറസ്റ്റ് ബോംബെ ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു.

നികിത ടൂള്‍കിറ്റിന്‍റെ സഹനിര്‍മാതാവും ദിഷ എഡിറ്ററുമാണെന്നായിരുന്നു ഡല്‍ഹി പൊലീസിന്‍റെ കണ്ടെത്തല്‍. ഇവര്‍ക്ക് കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ അനുകൂല സംഘടനയായ 'പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷ'നുമായി ബന്ധമുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഭീകരപട്ടികയിലുള്ള 'സിഖ്സ് ഫോർ ജസ്റ്റിസ്' എന്ന സംഘടനയുമായി ഇവര്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതും പരിശോധിക്കുന്നുണ്ട്. ജനുവരി 11ന് നികിതയും ശന്തനുവും ഈ സംഘടന വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സൂം വഴി പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. നികിത, ശന്തനു, ദിഷ എന്നിവര്‍ ചേര്‍ന്ന് 'ആഗോള കർഷക സമരം', 'ആഗോള പ്രവർത്തന ദിനം, ജനുവരി 26' എന്ന പേരിൽ ടൂൾകിറ്റ് ഉണ്ടാക്കി ഇതു പിന്നീട് ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

ശന്തനു മുളുക്, നികിത ജേക്കബ്
ശന്തനു മുളുക്, നികിത ജേക്കബ്

സൂം ആപ്പു വഴി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ വിവരങ്ങളും ഡല്‍ഹി പൊലീസ് തേടിയിട്ടുണ്ട്. കോളില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളുടെയും ഐഡി സംബന്ധിച്ച വിശദാംശങ്ങളും ടൂൾകിറ്റ് അപ്‌ലോഡുചെയ്യാൻ ഉപയോഗിച്ച മീറ്റിങ് ഐഡിയുടെ വിവരങ്ങളും സൂം നൽകണമെന്നാണ് ആവശ്യം. ടൂള്‍കിറ്റിന് പുറകില്‍ പ്രവര്‍ത്തിച്ചവരുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർക്കു ഖലിസ്ഥാൻ അനുകൂല സംഘടനകളിൽ നിന്നു പണം ലഭിച്ചിരുന്നോ എന്നാണ് പരിശോധിക്കുന്നത്.

ടൂൾ കിറ്റ് തയാറാക്കിയതിൽ പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടെ പങ്കും പൊലീസ് തള്ളിക്കളയുന്നില്ല. കേസില്‍ അമേരിക്കന്‍ ആക്ടിവിസ്റ്റ് പീറ്റര്‍ ഫ്രെഡറിക്കിന്‍റെ പങ്കും ഡല്‍ഹി പൊലീസ് അന്വേഷിച്ചിരുന്നു. 2006 മുതല്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉള്ള വ്യക്തിയാണ് ഫ്രെഡറിക്. ഐഎസ്ഐയുടെ വിഭാഗമായ കെ2വിന് നേതൃത്വം നല്‍കുന്ന ഭജന്‍സിങ് ബിന്ദറുമായി ചേർന്ന് ഫ്രെഡറിക്ക് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ആരോപണം.

പീറ്റര്‍ ഫ്രെഡറിക്ക്
പീറ്റര്‍ ഫ്രെഡറിക്ക്

അതേസമയം, അന്വേഷണ വിവരങ്ങളും തന്‍റെ വാട്സ്ആപ്പ് സംഭാഷണങ്ങളും പൊലീസ് മാധ്യമങ്ങൾക്കു ചോർത്തുന്നത് തന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയാണെന്നും നീതിപൂർവമായ വിചാരണയ്ക്ക് ഇതു തടസ്സം സൃഷ്ടിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ദിഷ രവി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം വസ്തുനിഷ്ടമല്ലെന്നാണ് പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. പൊലീസ് ചോർത്തികൊടുത്ത വിവരങ്ങൾ ഉപയോഗിച്ചു വാർത്തകൾ നൽകിയതിന് ഏതാനും മാധ്യമങ്ങള്‍ക്കെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ടൂൾകിറ്റ് കേസിൽ കരുതലോടെ വാർത്ത നല്‍കണമെന്നാണ് മാധ്യമങ്ങൾക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇതോടൊപ്പം ദിഷ, കേരളത്തിലെ സിറിയൻ കാത്തലിക് വിഭാഗത്തിൽപെടുന്ന ആളാണെന്നും പണ്ടുതൊട്ടേ ക്രിസ്റ്റ്യാനിറ്റി രാജ്യത്തിന് വ്യക്തമായ ഭീഷണി ആണെന്നും പ്രചരിച്ചിരുന്നു. രാജ്യ സുരക്ഷ മറയാക്കി വര്‍ഗീയതയ്ക്ക് കോപ്പുകൂട്ടുന്ന ഇത്തരം പ്രവണതകള്‍ തീര്‍ത്തും അപലപനീയം തന്നെ. എന്നാല്‍ കർണാടകയിലെ ലിംഗായത്ത് കുടുംബത്തിൽ നിന്നുള്ളയാളാണ് ദിഷയെന്ന വസ്തുത പിന്നീട് പുറത്തു വന്നിരുന്നു. പക്ഷെ അപ്പോഴും ദിഷ ക്രിസ്ത്യാനിയാകുന്നതുകൊണ്ട് എന്താണ് പ്രശ്നമെന്നത് ഉത്തരമില്ലാതെ കിടക്കുന്നു.

ടൂള്‍കിറ്റ് അപകടകാരിയാകുന്നതെങ്ങനെ?

വിമർശനങ്ങളെ അടിച്ചമർത്താൻ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തില്‍ നിന്നാണ് ടൂള്‍കിറ്റ് കേസും ദിഷ രവിയുടെ അറസ്റ്റും വിവാദങ്ങള്‍ക്ക് വഴിതെളിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ വകുപ്പാണ് രാജ്യദ്രോഹം കുറ്റകരമാക്കുന്നത്. 1870 ൽ ബ്രിട്ടിഷ് ഭരണകാലത്തായിരുന്നു ഈ വകുപ്പ് ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയത്. പൊതു സമാധാനത്തെ ബാധിക്കുന്നതോ, അക്രമത്തിലൂടെ ക്രമസമാധാനം തകർക്കുന്നതോ അതിനു പ്രേരിപ്പിക്കുന്നതോ ആയ പരാമർശങ്ങളാണ് ഈ വകുപ്പിന് കീഴില്‍ രാജ്യദ്രോഹമാവുക.

എന്നാല്‍, രാജ്യത്തെ ഏത് പൗരനും ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ട്. അത് അക്രമാസക്തമാകാത്തിടത്തോളം പ്രതിഷേധത്തിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ടൂൾകിറ്റ് കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലമാണെന്നായിരുന്നു മുൻ സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. 1962ലെ 'കേദാർസിങ് വേഴ്സസ് ബിഹാർ ഗവണ്‍മെന്‍റ്' കേസിൽ പ്രതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കലാപത്തിനും അക്രമത്തിനും പൊതുജീവിതത്തിന്‍റെ ഭംഗത്തിനും ഇടവരുത്തിയതിനാലാണ്. എന്നാൽ ടൂൾകിറ്റ് കേസിൽ ഇത്തരം കാര്യങ്ങളൊന്നും വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു പ്രത്യേക ലക്ഷ്യം സാധൂകരിക്കാനാവശ്യമായ ഒരു കൂട്ടം മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് ടൂള്‍കിറ്റില്‍ ഉള്‍പ്പെടുന്നത്. ഇത് ഒരു കർമപദ്ധതിയുണ്ടാക്കുകയും അത് വിശദീകരിക്കുകയും ചെയ്യുന്നു. പ്രതിഷേധ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും വിശദാംശങ്ങള്‍ നല്‍കുന്നതിനും പ്രതിഷേധക്കാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിനും മുന്‍കാലങ്ങളില്‍ ഉപയോഗിച്ചു പോന്നിരുന്ന ലഖുലേഖകള്‍, പുസ്തകങ്ങള്‍ എന്നിവയുടെ ഒരു ഡിജിറ്റല്‍ പതിപ്പാണിത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ ഡോക്യുമെന്‍റ്.

സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകൃതമായുള്ള ക്യാമ്പെയ്നുകള്‍ക്കാണ് ടൂള്‍കിറ്റ് ഉപയോഗിക്കുന്നത്. വ്യത്യസ്ത സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിലൂടെ ക്യാമ്പെയ്ന്‍ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ ടൂൾകിറ്റുകളിൽ ഉണ്ടാകും. പ്രതിഷേധക്കാര്‍ മാത്രമല്ല, സര്‍ക്കാര്‍ സംഘടനകളും ടൂള്‍കിറ്റ് നിര്‍മ്മിക്കാറുണ്ട്. ഉദാഹരണത്തിന് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ 'പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേര്‍ണല്‍ ട്രേഡ്' ഡിപ്പാര്‍ട്ട്മെന്‍റിന് ബൗദ്ധിക സ്വത്തവകാശം എങ്ങനെ നടപ്പാക്കാം എന്നത് സംബന്ധിച്ച് ടൂള്‍കിറ്റുണ്ട്. പ്രതിഷേധവും സമരപരിപാടികളും സംബന്ധിച്ച ഓണ്‍ലൈന്‍ ക്യാമ്പെയ്നുകളുടെ കാര്യമാകുമ്പോള്‍ വായനാ സാമഗ്രികൾ, വാർത്താ ലേഖനങ്ങൾ, പ്രതിഷേധ രീതികൾ എന്നിവ ടൂള്‍കിറ്റില്‍ ഉള്‍പ്പെടും.

ദിഷ രവിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കുന്നവര്‍
ദിഷ രവിയുടെ അറസ്റ്റില്‍ പ്രതിഷേധിക്കുന്നവര്‍

ആഗോളതലത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിവിധ പ്രതിഷേധ പരിപാടികളുടെ ഭാഗമായും അല്ലാതെയും ഒട്ടനവധി ടൂള്‍കിറ്റുകള്‍ പ്രചരിക്കുന്നുണ്ട്. അന്ന് അവ ലഖുലേഖകളുടെയും ചെറുപുസ്കങ്ങളുടെയുമൊക്കെ രൂപത്തിലാണെങ്കില്‍ ഇന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകളും സ്വീകാര്യതയും കണക്കിലെടുത്ത് ഡിജിറ്റല്‍ ഡോക്യുമെന്‍റുകളായാണ് പ്രചരിക്കുന്നതെന്ന് മാത്രമാണ് വ്യത്യാസം.

യുഎസിലെ സ്വാത്ത്മോര്‍ കോളേജ് തയ്യാറാക്കിയ, ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള അഹിംസാത്മക പ്രവർത്തനങ്ങളുടെ ഡാറ്റാബേസ് പ്രകാരം, കുറഞ്ഞത് 300ഓളം പ്രതിഷേധങ്ങളാണ് ഇത്തരത്തില്‍ വെബ്‌പേജുകൾ, പുസ്‌തകങ്ങൾ, ലഘുലേഖകൾ എന്നിവ ഉപയോഗിച്ച് പ്രതിഷേധക്കാരെ ഏകോപിപ്പിച്ചത്. ഇതില്‍ അടിമക്കച്ചവടം അവസാനിപ്പിക്കുന്നതിനായി 18-19 നൂറ്റാണ്ടുകളിൽ ബ്രിട്ടനിൽ നടന്ന പ്രതിഷേധം, 1960കളില്‍ യുഎസിൽ നടന്ന പൗരാവകാശ സമരങ്ങള്‍, 1989ല്‍ ചൈനയിലെ ടിയാനൻമെൻ സ്ക്വയറിലുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധം എന്നിവയും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രരേഖകള്‍ പരിശോധിച്ചാലും ഇത്തരത്തില്‍ ലഖുലേഖകളുടെയും കൈപ്പുസ്തകങ്ങളുടെയും സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിക്കും.

സാമ്പത്തിക അസമത്വത്തിനെതിരെ 2011ല്‍ നടന്ന വാൾസ്ട്രീറ്റ് അധിനിവേശ പ്രതിഷേധം, 2019ല്‍ ഹോങ്കോംഗിലുണ്ടായ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ 2018ല്‍ ഗ്രേറ്റ തന്‍ബര്‍ഗിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍, ഇന്ത്യയിലെ സി‌എ‌എ വിരുദ്ധ പ്രക്ഷോഭങ്ങൾ എന്നിവ ടൂള്‍കിറ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ടൂള്‍കിറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യത നേടുന്നത്.

ഗ്രേറ്റയുടെ ട്വീറ്റ്
ഗ്രേറ്റയുടെ ട്വീറ്റ്

ഗ്രേറ്റ തന്‍ബര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച ടൂള്‍കിറ്റില്‍ ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ രണ്ട് മാസത്തിലധികമായി സമരം ചെയ്യുന്ന കര്‍ഷകരെ ഏതെല്ലാം വിധത്തില്‍ പിന്തുണയ്ക്കാമെന്നാണ് വിശദീകരിച്ചിരുന്നത്. ആദ്യം ഷെയര്‍ ചെയ്ത ടൂള്‍കിറ്റ് ഗ്രേറ്റ ഡിലീറ്റ് ചെയ്തിരുന്നു. ജനുവരി 26നോ അതിനു ശേഷമോ കര്‍ഷകര്‍ക്ക് അനുകൂലമായി ഡിജിറ്റല്‍ സ്‌ട്രൈക്ക് നടത്തണമെന്നായിരുന്നു ഇതില്‍ ആവശ്യപ്പെട്ടിരുന്നതെന്നാണ് ഡല്‍ഹി പൊലീസിന്‍റെ വാദം. ഫെബ്രുവരി നാലിന് ഗ്രേറ്റ വീണ്ടും ഷെയര്‍ ചെയ്തത് അപ്‌ഡേറ്റഡ് ടൂള്‍കിറ്റ് ആയിരുന്നുവെന്നും പറയപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറെയും ടാഗ് ചെയ്യണമെന്ന് ടൂള്‍കിറ്റില്‍ ആവശ്യപ്പെടുന്നതായും ഇന്ത്യന്‍ സര്‍ക്കാരിന് മുകളില്‍ രാജ്യാന്തര സമ്മര്‍ദമുണ്ടാകേണ്ടത് അനിവാര്യമാണെന്ന് ആഹ്വാനം ചെയ്തതായും ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയിരുന്നു.

ഏതു രാജ്യത്തായാലും പ്രദേശിക പ്രതിനിധിയെ കണ്ടെത്തി വിഷയം ശ്രദ്ധയില്‍പ്പെടുത്തണം. സർക്കാര്‍ പ്രതിനിധികള്‍ക്ക് മെയില്‍ അയക്കണം എന്നീ കാര്യങ്ങളും ഈ ടൂള്‍കിറ്റില്‍ പരാമര്‍ശിക്കുന്നു. മൂന്നു കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതുള്‍പ്പെടെ മൂന്നു ഹര്‍ജിയിൽ ഒപ്പു വയ്ക്കണമെന്നും ടൂള്‍കിറ്റ് ആഹ്വാനം ചെയ്തിരുന്നു. ജനാധിപത്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവകാശം സംബന്ധിച്ച് യുഎന്നിനുള്ള ഹര്‍ജിയും ടൂള്‍കിറ്റിലുണ്ടായിരുന്നു. ഇന്ത്യയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുകെയിലെ ജനപ്രതിനിധികള്‍ക്ക് എങ്ങിനെ അപേക്ഷ സമര്‍പ്പിക്കാമെന്നും ടൂള്‍കിറ്റ് വിശദീകരിക്കുന്നു.

ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്
ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്

ഇന്‍റർനെറ്റ് വിച്‌ഛേദിച്ചതോടെ കര്‍ഷകരെ പിന്തുണയ്ക്കാനായി തയാറാക്കിയ ‘ട്രോളി ടൈംസ്’ എന്ന ദ്വൈവാര ന്യൂസ്‌ലെറ്ററും ടൂള്‍കിറ്റിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. #AskIndiaWhy എന്ന ഹാഷ് ടാഗില്‍ ഡിജിറ്റല്‍ പ്രചാരണം നടത്തണമെന്നാണ് ടൂള്‍കിറ്റില്‍ ആവശ്യപ്പെട്ടിരുന്നത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ശബ്ദം ലോകമെങ്ങും എത്തിക്കാനും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിന്തുണ ആര്‍ജിക്കാനും ഡിജിറ്റല്‍ സ്‌ട്രൈക് നടത്തണമെന്ന് പറയുന്ന ടൂള്‍ കിറ്റ് ഉണരൂ, ചെറുക്കൂ എന്ന ആഹ്വാനത്തോടെയാണ് അവസാനിക്കുന്നത്.

ഇതിനു പുറകില്‍ ആഗോള ഇന്ത്യ വിരുദ്ധ ശക്തികളുടെ കരങ്ങളാണെന്ന നിഗമനത്തില്‍ നിന്നാണ് പ്രസ്തുത വിഷയം ചര്‍ച്ചയാകുന്നത്. സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നത് എങ്ങനെയാണ് രാജ്യദ്രോഹമാകുക? ഒരു ലഘുലേഖയോ ടൂള്‍കിറ്റോ ഉണ്ടാക്കുന്നത് എന്നു മുതലാണ് രാജ്യദ്രോഹമായത്? തുടങ്ങിയ ചോദ്യങ്ങളാണ് ഇതോടെ ഉയര്‍ന്നു കേട്ടത്. ഇതോടൊപ്പം എല്ലാവിധ അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും സര്‍ക്കാര്‍ എതിര്‍ക്കുകയാണെന്നും അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഇന്ത്യയില്‍ അവസാനിച്ചുവെന്നും മുറവിളികള്‍ ഉയരുന്നു.

രാജ്യത്തിന്‍റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന എന്തും പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഈ രാജനീതിയില്‍ ഇരട്ടത്താപ്പുണ്ടാകുമ്പോള്‍ അത് അനുവദിക്കാനാവില്ല. കേവലം രണ്ടു വരി എഡിറ്റ് ചെയ്തതുകൊണ്ടാണ് ദിഷ രവിയെന്ന 21കാരി ജയിലില്‍ കഴിഞ്ഞതെങ്കില്‍ രാജ്യത്തിന്‍റെ ഭരണസിരാകേന്ദ്രത്തിലടക്കം ചോരക്കളംതീര്‍ത്ത കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വര്‍ഗീയവിഷം ചീറ്റുന്ന നാവുകളില്‍ നിന്ന് പ്രകോപനങ്ങള്‍ അണപൊട്ടിയിരുന്നെന്നും നാം വിസ്മരിക്കരുത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com