ലോക്ക് ഡൗൺ കാലത്തും തുടരുന്ന വേട്ട; ഒരു കടുവ സംരക്ഷണ ദിനം കൂടി കടന്ന് പോകുമ്പോൾ

ലോക്ക് ഡൗൺ കാലത്തും തുടരുന്ന വേട്ട; ഒരു കടുവ സംരക്ഷണ ദിനം കൂടി കടന്ന് പോകുമ്പോൾ

ഇത്തവണത്തെ കടുവ ദിനം കടന്ന് പോയത് വന്യജീവി സങ്കേതങ്ങളിൽ ഖനനം അനുവദിച്ചുള്ള സർക്കാർ തീരുമാനം വന്ന സാഹചര്യത്തിൽ കൂടിയാണ്

ഒരു അന്താരാഷ്‌ട്ര കടുവ സംരക്ഷണ ദിനം കൂടി ജൂലൈ 29 നായി കടന്ന് പോയി. ഇത്തവണത്തെ കടുവ ദിനം കടന്ന് പോയത് വന്യജീവി സങ്കേതങ്ങളിൽ ഖനനം അനുവദിച്ചുള്ള സർക്കാർ തീരുമാനം വന്ന സാഹചര്യത്തിൽ കൂടിയാണ്. കടുവകളുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യ കടുവ സംരക്ഷണത്തിൽ പുലർത്തിപോരുന്ന മനോഭാവം കടുവകളെ നാശത്തിലേക്ക് എത്തിക്കും

കടുവ സെന്‍സസ് പ്രകാരം ലോകത്തെ മൊത്തം കടുവകളുടെ എണ്ണത്തില്‍ 70 ശതമാനവും ഇന്ത്യയിലാണ്. നിലവിൽ 2967 കടുവകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 4 വർഷത്തിനുള്ളിൽ 30 % വളർച്ചയാണ് കടുവകളുടെ എണ്ണത്തിൽ ഉണ്ടായത്. എന്നാൽ, എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും കടുവ സംരക്ഷണ കേന്ദ്രങ്ങളും സംരക്ഷിത പ്രദേശങ്ങളും ഖനനം പോലുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വലിയ പ്രദേശങ്ങളിലാണെന്ന് വേള്‍ഡ് വൈൽഡ്ലൈഫ് ഫണ്ടിന്റെ (WWF)റിപ്പോര്‍ട്ട് പറയുന്നു. ഇത് ഏറെ ആശങ്ക ജനിപ്പിക്കുന്ന റിപ്പോർട്ട് ആണ്.

രാജ്യത്തെ 20 ശതമാനം കടുവകൾ ആവാസവ്യവസ്ഥയ്ക്ക് ദോഷം ചെയ്യുന്ന സസ്യജാലങ്ങളാൽ ഭീഷണി നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജ്യത്തെ 50 കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ പകുതിയോളം റോഡുകൾ, ഹൈവേകൾ, റെയിൽവേ ലൈനുകൾ തുടങ്ങിയ നമ്മുടെ വികസന പ്രവർത്തനങ്ങളാൽ കടുവകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. ഏറെ വലിയ ഭൂപ്രദേശം ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായി വരുന്ന ജീവിയാണ് കടുവകൾ എന്നിരിക്കെ നമ്മുടെ വികസന പ്രവർത്തനങ്ങൾ അവയുടെ ജീവിത രീതികൾക്ക് തന്നെ ഭീഷണിയാണ്. അത് സമീപ ഭാവിയിൽ തന്നെ അവയുടെ വംശനാശത്തിലേക്ക് എത്തിച്ചേക്കും.

അവസാന 8 വർഷത്തിനുള്ളിൽ ആകെ 750 കടുവകൾ കൊല്ലപ്പെടുകയും 20%ത്തോളം ആവാസവ്യവസ്ഥക്ക് ദോഷം ചെയ്യുന്ന സസ്യജാലങ്ങളാൽ ഭീഷണികൾ നേരിടുകയും ചെയ്‌തു എന്ന് കണക്കുകൾ പറയുന്നു. ഏറ്റവും അപകടകരമായ വസ്‌തുതയെന്തെന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിലും രാജ്യത്ത് കടുവകൾക്ക് നേരെ ആക്രമങ്ങളും വേട്ടയും നടന്നു എന്നതാണ്.

വന്യജീവി ട്രേഡ് മോണിറ്ററിങ് നെറ്റ് വർക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ച് 23 മുതൽ മെയ് 3 വരെയുള്ള ലോക്ക് ഡൗൺ കാലയളവിൽ 88 കടുവ വേട്ടകളാണ് റിപ്പോർട്ട് ചെയ്‌തത്‌. റിപ്പോർട്ട് ചെയ്യാതെ പോകുന്ന കണക്കുകൾ വേറെയും ഉണ്ടാകും എന്നതാണ് വിവരം. അങ്ങനെ വെച്ച് നോക്കിയാൽ കടുവകൾക്ക് എതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സ്ഥലം കൂടിയായി മാറുകയാണ് ഇന്ത്യ.

രാജ്യത്ത് നിലവിൽ ആകെ 2967 കടുവകളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കടുവകളുള്ളത് മധ്യപ്രദേശിലാണ്. 526 കടുവകളാണ് മധ്യപ്രദേശിൽ ആകെ ഉള്ളത്. കർണാടകയാണ് കടുവകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 524 കടുവകൾ മധ്യപ്രദേശിൽ ഉണ്ട്. മൂന്നാം സ്ഥാനത്തുള്ള ഉത്തരാഖണ്ഡിൽ 442 കടുവകളാണുള്ളത്. കേരളത്തിൽ നിലവിൽ 190 കടുവകളാണുള്ളത്. ഓരോ ജീവികളും ഭൂമിയുടെ സമ്പത്ത് ആണ്. ചെറുതായാലും വലുതായാലും അവ ഓരോന്നും ഭൂമിയുടെ ആകെ നിലനിൽപ്പിന്റെ ഭാഗമാണ്. അത്‌കൊണ്ട് തന്നെ കടുവകളുടെ സംരക്ഷണം ഏറെ ഗൗരവത്തോടെ കാണാൻ ബന്ധപ്പെട്ട അധികാരികൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

Related Stories

Anweshanam
www.anweshanam.com