നഷ്ടപ്പെട്ട താനൂർ കോട്ട മുസ്‌ലിം ലീഗ് ഇത്തവണ തിരിച്ചു പിടിക്കുമോ?

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസിനെയാണ് ഇത്തവണ മണ്ഡലത്തിൽ ലീഗ് ഇറക്കിയിരിക്കുന്നത്. മറുവശത്ത് നിലവിലെ എംഎൽഎയായ വി. അബ്ദുറഹ്മാൻ തന്നെയാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി
നഷ്ടപ്പെട്ട താനൂർ കോട്ട മുസ്‌ലിം ലീഗ് ഇത്തവണ തിരിച്ചു പിടിക്കുമോ?

1970 മുതൽ 2011 വരെ മുസ്‌ലിം ലീഗ് സ്വന്തം കോട്ടയായി കൊണ്ടുനടന്ന കോട്ടയായിരുന്നു താനൂർ. മുസ്‌ലിം ലീഗിലെ പ്രമുഖ നേതാക്കളായ സീതി ഹാജി, യു എ ബീരാൻ, ഇ അഹമ്മദ് തുടങ്ങിയവർ വൻഭൂരിപക്ഷങ്ങളിൽ ജയിച്ചുവന്ന കോട്ടയായിരുന്നു താനൂർ മണ്ഡലം. എന്നാൽ 2016 ൽ കോട്ട തകർന്നു. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ വി. അബ്‌ദുറഹ്‌മാൻ ലീഗിന്റെ കോട്ട പൊളിച്ച് ചരിത്രം തന്നെ തിരുത്തി എഴുതി. രാഷ്ട്രീയത്തിൽ അത്രയൊന്നും പരിചിതനല്ലാത്ത അബ്ദുറഹ്‌മാന്റെ മുന്നിൽ അന്ന് അടിയറവ് പറഞ്ഞത് മണ്ഡലത്തിൽ നിന്ന് മൂന്നാം അങ്കത്തിന് ഇറങ്ങിയ ലീഗിന്റെ അബ്ദുറഹ്മാൻ രണ്ടാത്താണിയായിരുന്നു.

തെരഞ്ഞെടുപ്പ് 2021 ൽ എത്തി നിൽക്കുമ്പോൾ മണ്ഡലം തിരിച്ച് പിടിച്ച് കോട്ട ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് മുസ്‌ലിം ലീഗ്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസിനെയാണ് ഇത്തവണ മണ്ഡലത്തിൽ ലീഗ് ഇറക്കിയിരിക്കുന്നത്. മറുവശത്ത് നിലവിലെ എംഎൽഎയായ വി. അബ്ദുറഹ്മാൻ തന്നെയാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത ഇടം കൂടിയാണ് തീരദേശ മണ്ഡലമായ താനൂർ.

യുവ സ്ഥാനാർഥിയെ രംഗത്തിറക്കി മണ്ഡലം തിരിച്ചു പിടിക്കാനാവും എന്ന ഉറച്ച വിശ്വാസം തന്നെയാണ് പി.കെ. ഫിറോസിനെ രംഗത്തിറക്കാൻ ലീഗിനെ പ്രേരിപ്പിച്ചത്. ലീഗിന്റെ യുവ മുഖമായ ഫിറോസ് ലീഗിനൊപ്പം കോൺഗ്രസിനും സ്വീകാര്യനാണ്. സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും വിവിധ ആരോപണങ്ങളുമായി ഫിറോസ് പലപ്പോഴും കളം നിറഞ്ഞതിനാൽ മണ്ഡലത്തിന് പുറത്തുള്ള ആളായിരുന്നിട്ടും ഫിറോസ് മണ്ഡലത്തിൽ അപരിചിതനല്ല എന്നത് അദ്ദേഹത്തിന് ഗുണമാകും.

താനൂർക്കാർക്ക് അവരുടെ 'മാമൻ' (uncle) ആണ് വി. അബ്ദുറഹ്മാൻ. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം എംഎൽഎ നടത്തിയ വികസന പ്രവർത്തനങ്ങൾ തന്നെയാണ് അബ്ദുറഹ്മാന്റെ പ്രധാന പ്രചാരണ ആയുധം. അതോടൊപ്പം തുടര്ഭരണ പ്രചാരണവും മണ്ഡലത്തിൽ സജീവമാണ്. എംഎൽഎ ആകുന്നതിന് മുൻപും മണ്ഡലത്തിൽ സജീവമായ അദ്ദേഹം ഏവർക്കും സുപരിചിതനാണ്. ബിസിനസുകാരൻ കൂടിയായ 'മാമന്' മണ്ഡലം നിലനിർത്തേണ്ടത് എങ്ങിനെയെന്നതിനെ കുറിച്ച് കൂടുതൽ സ്റ്റഡി ക്ലാസ് ആവശ്യമായി വരില്ല.

1970 ൽ മണ്ഡലത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന യു.കെ. ദാമോദരനെ പരാജയപ്പെടുത്തി സയ്യിദ് ഉമ്മർ ബാഖഫി വിജയിച്ചത് മുതൽ പിന്നീട് വി. അബ്ദുറഹ്മാൻ വിജയിക്കുന്നത് വരെ മണ്ഡലം മുസ്‌ലിം ലീഗിന്റെ സ്വന്തമായിരുന്നു. 1977 - ൽ യു.എ. ബീരാനായിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. പിന്നീട് 1980, 1982, 1987 വർഷങ്ങളിൽ ഇ. അഹമ്മദ് ആയിരുന്നു തുടർച്ചയായി മണ്ഡലത്തിൽ നിന്നും വിജയിച്ചത്.

1991 ൽ സീതി ഹാജി സാഹിബിനെയും താനൂർ നിയമസഭയിലേക്ക് എത്തിച്ചത്. സിപിഎമ്മിന്റെ എം മുഹമ്മദ് മാസ്റ്റർ നേടിയ വോട്ടിന്റെ (21577) ഇരട്ടിയിലേറെ വോട്ട് (47424) വോട്ട് നേടിയായിരുന്നു സീതി ഹാജിയുടെ വിജയം. പിന്നീട് 1996 ലും 2001 ലും പി.കെ. അബ്ദുറബ്ബായിരുന്നു മണ്ഡലത്തിൽ നിന്നും വിജയിച്ചത്. 2006 ലും 2011 ലും അബ്‌ദുറഹ്‌മാൻ രണ്ടത്താണി മുസ്‌ലിം ലീഗിന് വിജയം സമ്മാനിച്ചപ്പോൾ 2016 ൽ രണ്ടത്താണിക്ക് അടി തെറ്റി.

കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രിമാർ, സ്പീക്കർ തുടങ്ങി വമ്പന്മാരെ സംഭാവന ചെയ്ത മണ്ഡലമാണ് തീരദേശ മണ്ഡലമായ താനൂർ. എന്നാൽ ഇത്തവണ ആര് വിജയിച്ചാലും ഒരു മന്ത്രി വീണ്ടും ഉണ്ടാവാനുള്ള സാധ്യത കുറവാണ്. തീരദേശ മണ്ഡലമായതിനാൽ തന്നെ ആഴക്കടൽ കരാർ മുതൽ ഓഖിയും പ്രളയവുമെല്ലാം മണ്ഡലത്തിലെ ചർച്ചാ വിഷയങ്ങളാണ്. വികസനം ഒരു വഴിക്ക് ചർച്ചയാകുമ്പോൾ തന്നെ തീരദേശത്തോടുള്ള അവഗണനകളും ചർച്ചയാകുന്നുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com